Thursday, October 25, 2012

ബംഗ്ലാദേശി.



ഇന്ന്  കുറച്ചു നേരത്തെ എഴുന്നേറ്റു... ലാപ്‌ടോപ്‌  തുറന്ന് സമയം നോക്കിയപ്പോ 5:45 പുറത്തു നല്ല ഇരുട്ട്...
പ്ലസ്‌ തുറന്ന്  വെച്ച് ഓരോന്ന് നോക്കി ഇരുന്നു...അല്ലല്ല നോക്കി കിടന്നു...
അപ്പൊ കൊമ്പന്‍ (ഓണ്‍ലൈന്‍)) ചാടി വന്നു ചോദിച്ചു
"എന്താ ഇന്നിത്ര നേരത്തെ?
"ഒന്നുല്ല..."
"ഇന്ന് വിജയദശമി അല്ലേ അറിയുവോ"
"ഉം"
"നാട്ടിലാണേല്‍ അമ്പലത്തില്‍ പോവായിരുന്നു ല്ലേ"
"അമ്പലത്തിലോ...?"
"ങാ"
    
ഞാന്‍ അപ്പൊ വെറുതെ ഒന്ന് ഗൂഗിള്‍ എടുത്ത് സെര്‍ച്ച്‌ ചെയ്തു.. അടുത്ത് വല്ല അമ്പലവും ഉണ്ടോന്ന്... കിട്ടി അപ്പ തന്നെ കിട്ടി. അവരുടെ ഒരു വെബ്‌സൈറ്റും...പരിപാടി നോക്കിയപ്പോ ഇന്ന് രാത്രി പതിനൊന്ന് മണി വരെ ഉണ്ട്. അങ്ങനെ ഓഫീസ് വിട്ടിട്ട് അവിടെ പോകാമെന്ന് തീരുമാനിച്ചു...
ആറേ കാലിന് ഓഫീസില്‍ നിന്ന് ഇറങ്ങി, വീട്ടില്‍ വന്ന്, പോവണ്ട സ്ഥലത്തിന്‍റെ ഡീറ്റയില്‍സ് ഫോണിലാക്കി, കുളിച്ച്, പുറപ്പെട്ടു.
 7:10 ന്‍റെ ബസ്സ് പിടിക്കാന്‍ വേണ്ടി വേഗം ഇറങ്ങി നടന്നു. അപ്പൊ അതാ ‌ബസ്സ് പോകുന്നു. വയ്യാത്ത കാലും കൊണ്ട് ആഞ്ഞ്  പിടിച്ചു ഓടി അതിന്‍റെ പിറകെ...
      ബസ്സ്, സ്റ്റോപ്പില്‍ നില്‍ക്കുന്നു അടുത്തു എത്താറായപ്പോ ഞാന്‍ പിറകില്‍ നിന്ന് കൈ പൊക്കി കാണിച്ചു... എവിടെ...., ബസ്സ്  അതിന്‍റെ  പാട്ടിനു പോയി...ഒരിക്കലും സമയത്ത് വരാത്ത ബസ്സ്, ഇന്ന് വന്നു... അടുത്ത ബസ്സിന്‍റെ സമയം 7:25 അത് വരുന്നതും കാത്ത് അവിടെ നിന്നു....
അങ്ങനെ ഗൂഗിള്‍ മേപ്പ് പറഞ്ഞ സ്ഥലത്തിറങ്ങി മൊബൈലിലെ മേപ്പിന്റെ സഹായത്തോടെ അങ്ങനെ നടന്നു...
      നടക്കാന്‍ കുറച്ചു ഉണ്ടായിരുന്നു... അങ്ങനെ അതിന്‍റെ റോഡില്‍ എത്തി...ബില്‍ഡിങ്ങ്സിന്‍റെ നമ്പരും നോക്കി നടക്കുമ്പം രണ്ടു പേര് നടന്ന് വരുന്നു.  കാണുമ്പോ ഒരു ഇന്ത്യന്‍ ലുക്ക്‌., ഒരു ആണും പെണ്ണും.  അടുത്ത് എത്തിയപ്പോ അവര് പറയുന്നത് ഹിന്ദി. അവര് ആ സ്ഥലത്തേക്ക് ആയിരിക്കും എന്ന് ഞാന്‍ മനസ്സില്‍ കണക്കൂട്ടി.
"എക്സ്ക്യുസ് മി"
അവര് സംശയത്തോടെ നിന്നു.
"do you know this address?"
ഞാന്‍ എന്‍റെ മൊബൈല്‍ അവന്‍റെ നേരെ നീട്ടി 
ഒന്ന് ആലോചിച്ചതിന് ശേഷം അവന്‍
 "We are also searching for the same place. It should be somewhere on the other side."
ഞാന്‍ അവരോട് ചിരിച്ചു. അവര്‍ ചിരിക്കാതെ മുന്നോട്ട് ധൃതിയില്‍ നടന്ന് നീങ്ങി...
എനിക്ക് തിരക്കില്ലാത്തത്‌ കൊണ്ട് മെല്ലെ ഓരോ ഡോറിലേയും  നമ്പറും നോക്കി നടന്നു.

അങ്ങനെ സ്ഥലം കണ്ടു പിടിച്ചു.ഡോര്‍ തുറന്ന് ലോബി യില്‍ കയറി., ഇന്ത്യന്‍ വേഷത്തില്‍ കുറച്ചു പേര്‍.,.. ഒരുപാട് ചെരുപ്പുകള്‍ പുറത്ത് അഴിച്ചിട്ടിരിക്കുന്നു...ഞാന്‍ ഒന്ന് മടിച്ച് ചുറ്റും നോക്കി. കുട്ടികള്‍ ഓടി കളിക്കുന്നു.  ഷൂ അഴിച്ച് ഒരു മൂലയ്ക്ക് വെച്ചു. മെല്ലെ  ഹാളിന്‍റെ   വാതിലിലൂടെ അകത്തേക്ക് നോക്കി. ഭയങ്കര തിരക്ക്. പലരും ഭക്ഷണം കഴിക്കുന്നു. ഭക്ഷണത്തിനു വേണ്ടി ഒരു ക്യൂ.... ഹാളിന്‍റെ  മറ്റേ അറ്റത്ത്‌ ദേവിയുടെ വെള്ളി നിറത്തിലുള്ള തിളങ്ങുന്ന മൂന്ന് പ്രതിമ...
ഞാന്‍ മടിച്ചു കൊണ്ട് അകത്തു കയറി. അവിടെ എല്ലാവര്‍ക്കും തമ്മിലറിയാം. ഇനി ഇവിടെ വരണമെങ്കില്‍ വല്ല മെമ്പര്‍ഷിപ്പും 
എടുക്കണോ എന്ന് സംശയമായി....ജാക്കെറ്റ്‌ അഴിച്ച് അതിനെ കെട്ടിപ്പിടിച്ച് ഞാന്‍ അവസാനത്തെ വരിയിലെ ഒരു ചെയറില്‍ ഇരുന്നു. എന്‍റെ മുന്നിലിരുന്ന്  കുറച്ചു ചെറുപ്പക്കാര്‍ ചുറ്റും ഇരുന്ന് ഭക്ഷണം  കഴിക്കുന്നു. ഹാളില്‍ നല്ല ചൂട്. ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി.  ഇരുന്ന ചെയറില്‍ നിന്നു എഴുന്നേറ്റു അതിലെ ഒരുത്തന്‍റെ അടുത്തുള്ള ചെയറില്‍ പോയി ഇരുന്നു.  അവന്‍റെ ചെവിയുടെ അടുത്തേക്ക് മുഖം നീട്ടി അവനോടു ഞാന്‍ ചോദിച്ചു..
"യെഹാ പേ കുച്ച്.. മെമ്പര്‍ ഷിപ്‌ ലേനാ ഹെക്യാ ?"
അവന്‍റെ സ്പൂണിലെ ചൂട് ചോറ് ഊതി ആറ്റുന്നതിന്‍റെ ഇടയില്‍ അവന്‍ തലയാട്ടി  
വേണ്ട എന്ന ഭാവത്തില്‍...
ഞാന്‍ എന്‍റെ പഴയ സീറ്റില്‍ പോയിരുന്ന്‍ ചുറ്റും കണ്ണോടിച്ചു. 

     പലരുടെയും മുഖത്ത് ചുകന്ന ചായം പൂശിയിരിക്കുന്നു. കറുപ്പും ചുകപ്പും കുറികള്‍. സാരിയും ചുരിദാറും കുര്‍ത്തയും വേഷം. എല്ലാവരുടെയും മുഖത്ത് സന്തോഷത്തിന്‍റെ ചിരി. ചിലര്‍ ഓടി നടക്കുന്നു. ചിലര്‍ വട്ടത്തില്‍ ഇരുന്നു തമാശ പറഞ്ഞു ഉച്ചത്തില്‍ ചിരിക്കുന്നു. 
പെട്ടെന്ന് എന്‍റെ കണ്ണ് എന്‍റെ ഇടതു ഭാഗത്തിരിക്കുന്ന ആളുടെ മേല്‍  പതിഞ്ഞു. അയാളുടെ കൂടെ കുറച്ചു പ്രായമുള്ള സ്ത്രീയും ഉണ്ട്.എന്നെ കണ്ടതും അയാള്‍ ചിരിച്ചു, ഞാനും...
ഭക്ഷണം എടുത്ത് കഴിച്ചോളൂ എന്നയാള്‍ ആ൦ഗ്യത്തില്‍  പറഞ്ഞു. കുറച്ചു കഴിയട്ടെ എന്ന് ഞാനും  ആ൦ഗ്യത്തില്‍  പറഞ്ഞു. അയാള്‍ വേറെ എന്തോ പറയാന്‍ ശ്രമിച്ചു, എനിക്ക് മനസ്സിലായില്ല. കൂടെ ഉണ്ടായിരുന്ന സ്ത്രീ എഴുന്നേറ്റു പോയപ്പോ ഞാന്‍ ആ സീറ്റില്‍ പോയി ഇരുന്നു.
അയാള്‍ എന്തോ ബംഗാളിയില്‍  പറഞ്ഞു. ഞാന്‍ ഹിന്ദിയില്‍ മറുപടി പറഞ്ഞു, അയാള്‍ ഒന്നും മിണ്ടിയില്ല. ഞാന്‍ പറഞ്ഞത് അയാള്‍ക്ക്‌ മനസ്സിലായില്ല. രണ്ടു നിമിഷത്തെ മൌനത്തിനു ശേഷം അയാള്‍ ചോദിച്ചു. 
"ഇന്ത്യ സെ?"
"ഹാ.. കേരള."
"ആപ് വെസ്റ്റ് ബംഗാള്‍ സെ ഹോ ?"
"നഹി ബംഗ്ലാദേശ് "
"ഓ..."
കൂടെ അയാള്‍ ഹിന്ദി അറിയില്ലെന്നും , ഞാന്‍ എനിക്ക് ബംഗാളി  അറിയില്ലെന്നും പറഞ്ഞു.
അയാള്‍ എന്‍റെ പിറകിലേക്ക് നോക്കാന്‍ കണ്ണ് കൊണ്ട് ആ൦ഗ്യം കാട്ടി. ഞാന്‍ തിരിഞ്ഞു നോക്കി. അയാളുടെ  കൂടെ ഉണ്ടായിരുന്ന പ്രായമായ സ്ത്രീ ഒരു  പ്ലേറ്റ് ചോറും കറിയും ആയി നില്‍ക്കുന്നു. ..

അത് എന്‍റെ നേരെ നീട്ടി. ഞാന്‍ പെട്ടെന്ന് വല്ലാതായി. വെറുതെ ആ സ്ത്രീയെ ബുദ്ധിമുട്ടിച്ചു എന്ന് തോന്നി. ഞാന്‍ അത് വിനയപുരസരം വാങ്ങി താങ്ക്യു പറഞ്ഞു.  അവര്‍ക്ക് അവരുടെ സീറ്റ്‌ ഒഴിഞ്ഞു കൊടുത്ത് എന്‍റെ സീറ്റില്‍ വന്നിരുന്ന് സാവധാനം അത് കഴിക്കാന്‍ തുടങ്ങി....
      ചോറ് ഒരുപാട് ഉണ്ടായിരുന്നു. മഞ്ഞ കളറില്‍ ഉള്ള ചോറ്. പിന്നെ ഗോപി  ഇട്ടു വെച്ച ബ്രൌണ്‍ നിറത്തില്‍ ഉള്ള കറി. സൈഡില്‍ കുറച്ചു ഫ്രൂട്ട്സിന്‍റെ കഷ്ണങ്ങള്‍. പിന്നെ ഒരു  വലിയ ബംഗാളി രസഗുള . അത് മുഴുവന്‍ കഴിച്ചു തീര്‍ക്കാന്‍ ഒരുപാട് സമയമെടുത്തു. അവിടെയുള്ള ഓരോരുത്തരെയും നോക്കി കൊണ്ട് സാവധാനം കഴിച്ചു.
കഴിച്ച് കഴിഞ്ഞ് പ്ലേറ്റും കളഞ്ഞ് ഞാന്‍ തിരഞ്ഞു നടക്കുമ്പോള്‍ ബംഗാളി എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. വെള്ളം കുടിക്കുന്നില്ലേ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അപ്പോഴാണ് ഓര്‍ത്തത്‌ വെള്ളം കുടിച്ചില്ല.
സീറ്റില്‍ പോയി  ജാക്കെറ്റും എടുത്തു ഞാന്‍ അയാളുടെ അടുത്ത് പോയി ഇരുന്നു.  അപ്പഴേക്കും ആള്‍ക്കാരൊക്കെ ഒന്നൊന്നായി  തിരിച്ചു പോവാന്‍ തുടങ്ങിയിരുന്നു. ഞാനും ബംഗാളിയും  കുറെ നേരം സംസാരിച്ചു, അല്ല സംസാരിക്കാന്‍ ശ്രമിച്ചു. പറഞ്ഞതിന്‍റെ പകുതിയെങ്കിലും മനസ്സിലാക്കാനോ മനസ്സിലായി എന്ന് നടിക്കാനോ ഞങ്ങള്‍ക്കായി...
     ആള്‍ക്കാരുടെ അംഗസംഖ്യ വീണ്ടും കുറഞ്ഞപ്പോള്‍ ഞാന്‍ ഇറങ്ങാന്‍ തീരുമാനിച്ചു. അയാളോട് ബൈ പറഞ്ഞപ്പോ  വീണ്ടും  കാണാന്‍ പറ്റുമെങ്കില്‍ കാണണമെന്ന് അയാള്‍ പറഞ്ഞു. 
ചെറുതായി ഒന്ന് ഹഗ് ചെയ്തിട്ട് ഞാന്‍ തിരിഞ്ഞു നടന്നു... :):):)