Monday, December 10, 2012

മഞ്ഞു ഡയറി



അങ്ങനെ ഒരു വല്ലാത്ത ടൂര്‍ ആയിപ്പോയി. മഞ്ഞില് നടന്നു പൂതി മാറിപ്പോയിന്നു പറഞ്ഞാ മതിയല്ലോ.
ഹോ.

രാവിലെ ആറുമണിക്ക് എണീറ്റ്‌ കുളിച്ചു കുട്ടപ്പനായി താഴെ ലോബില് വന്നു ഗൂഗിള്‍ പ്ലസ്സില്‍ കേറി രണ്ടുമൂന്ന് പ്ലസ്സും കമന്റ്ഉം ഒക്കെ ഇട്ട്. പിന്നെ ലേശം ചാറ്റ് ചെയ്ത്, രണ്ടു മൂന്നു പോവാനുള്ള സ്ഥലം ഒക്കെ തിരഞ്ഞു പിടിച്ച് അതിന്‍റെ ലോകേഷന്‍ മൊബൈലില്‍ ആക്കി.

ബ്രേക്ക്‌ ഫാസ്റ്റ് ഫ്രീ ആയതോണ്ട് കൊറേ വാരി വലിച്ചു കേറ്റി. ഇനിയിപ്പോ ലഞ്ച് കഴിക്കാന്‍ മിസ്സായാലോ.

ഒന്‍പതരയ്ക്ക് റൂം ചെക്ക്‌ ഔട്ട്‌ ചെയത് അവിടെ തന്നെ ലാപ്ടോപ്പും നോക്കി ഇരുന്നു. പുറത്തു അത്യാവശ്യം തണുപ്പായതുകൊണ്ട് പുറത്തേക്കിറങ്ങണ്ട പക്ഷെ ഇറങ്ങണം എന്ന അവസ്ഥ.

അങ്ങനെ ഇറങ്ങി.. ചെറുതായി മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. ഒരു പത്തടി നടന്നു തിരിച്ചു ബില്‍ഡിങ്ങില്‍ തന്നെ കയറി. എവിടെ പോണം എന്ന് തീരുമാനിച്ചില്ലയിരുന്നു. മൊബൈല്‍ എടുത്ത് നോക്കി, ഒരു അമേരിക്കന്‍ പട്ടാളക്കാരുടെ സ്മശാനമുണ്ട്, അവിടെ പോവാം എന്ന് കരുതി. അത് കുറച്ചു ഓഫ്‌ ദി ടൌണ്‍ ആണ്. ടൌണില്‍ ഇന്നലെ ഒരു ടൂര്‍ ഗൈഡിന്‍റെ  കൂടെ കറങ്ങിയത് കൊണ്ട് ആദ്യം ഇവിടെപോവാം എന്ന് തീരുമാനിച്ചു.

ഇറങ്ങി നടന്നു.. മഞ്ഞു വീഴുന്നത് ചെറുതായി കൂടാന്‍ തുടങ്ങി. റോഡില്‍ മനുഷ്യരോന്നും ഉണ്ടായിരുന്നില്ല. സ്വന്തം വീടിന്‍റെ മുന്നിലെ മഞ്ഞു "ഷവല്‍"കൊണ്ട് സൈഡില്‍ കൊരിയിടുന്നവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അങ്ങോട്ട്‌ പോണോ അതോ തിരിച്ചു നടക്കണോ എന്ന് പിന്നെയും പിന്നെയും ചിന്തിച്ചു. മടങ്ങി വരാന്‍ ബുദ്ധിമുട്ടിയാലോ എന്നും ഉണ്ടായിരുന്നു മനസ്സില്‍. കുറച്ചു നേരം നിന്ന് ആലോചിച്ചു.

ആദ്യമായിട്ടോന്നും അല്ലല്ലോ. ഇതിനു മുന്നെയും എത്രയോ സ്ഥലങ്ങളില്‍ ലക്ഷ്യമില്ലാതെ നടന്നിരിക്കുന്നു എന്ന് വിശ്വസിച്ചു മനസ്സിന് ധൈര്യവും പകര്‍ന്നു മുന്നോട്ടു തന്നെ എന്നങ്ങ് തീരുമാനിച്ചു.

മഞ്ഞു മൂടി കിടന്ന റോഡിലൂടെ മെല്ലെ മെല്ലെ ഒരുപാട് നടന്നു. ഇന്നലെ ഐസില്‍ ഊരയിടിച്ചു വീണതിന്‍റെ അനുഭവം വെച്ച് ശ്രദ്ധ ലേശം കൂടുതലായിരുന്നു.


പടികള്‍ കയറി, റോഡുകളും റെയില്‍ പാളവും കടന്ന് കുന്നിറങ്ങി അങ്ങനെ മൊബൈലിലെ മാപിന്‍റെ കാരുണ്യത്തില്‍ കൊറേ നടന്നു.
മഞ്ഞില്‍ ക്യാമറ കേടായാലോ എന്ന് കരുതി അത് എടുത്ത് ബാഗിലിട്ടു പൂട്ടി. ലേശം നേരം കുട ചൂടി. കുട കൊട് കാര്യമില്ല എന്ന് തോന്നിയപ്പോ അതും പൂട്ടി ബാഗിലിട്ടു.

അങ്ങനെ ഒരു രണ്ടു മണിക്കൂറോളം ആളും മനുഷ്യനും ഇല്ലാത്ത വഴികളിലൂടെ കുറെ കുറെ നടന്നു. അവസാനം ഡെസ്റ്റിനേഷന്‍ എത്തി. വല്ലാത്ത ഒരു സന്തോഷം തോന്നി.

തിരിച്ചു വന്ന് മേപ്പ് നോക്കിയപ്പോ ഒരുവശത്തേക്ക് നടന്ന ദൂരം നാലര കിലോമീറ്റര്‍ ആയിരുന്നു.

ഗേറ്റ് കടന്ന് അകത്തു കയറിയപ്പോ ഇടതു ഭാഗത്ത്‌ ഒരു ചെറിയ കെട്ടിടം അതിന്‍റെ അടച്ചിട്ട വാതിലില്‍ "വിസിറ്റെര്‍സ്" എന്ന് എഴുതിയിരുന്നു, ഞാന്‍ മെല്ലെ വാതില് തുറന്നു നോക്കി. ഒരു പ്രായമുള്ള ആള്‍ പുറം തിരിഞ്ഞു നിന്ന് എന്തോ വായിക്കുന്നു, ഞാന്‍ ബൈബിള്‍ ആയിരിക്കും എന്ന് കരുതി. പിന്നെ ഒരു നായ. നായയെ കണ്ടു ഞാന്‍ പേടിക്കണോ വേണ്ടയോ എന്ന് ഒന്ന് സംശയിച്ചു. വാതില്‍ അടച്ചു; പിന്നെയും തുറന്നു. ആ ശബ്ദം കേട്ടിട്ടാവണം അദ്ദേഹം എന്നോട് അകത്തു വരൂ എന്ന് പറഞ്ഞു. അകത്തു കയറി, ഞാന്‍ വേഗം നായയോട് ഹായ് പറഞ്ഞു അതിന്‍റെ തലയില്‍ ഒന്ന് തലോടി.
നായയെ മൈന്‍ഡ് ചെയ്തില്ലെങ്കില്‍ അതിനു ദേഷ്യം വരും എന്ന് രണ്ടു ദിവസം മുന്നേയാണ് ഒരു സുഹൃത്ത്‌ പറഞ്ഞത്.

അദ്ദേഹം പേര് പറഞ്ഞു, ഫിലിപ്പ് ഞാന്‍ പെരുപറഞ്ഞത്‌ ഫിലിപ്പിന് മനസ്സിലായില്ല. ഒരു അറുപത്തി അഞ്ചു വയസ്സില്‍ കൂടുതല്‍ പ്രായം ഉണ്ടാവും അദ്ദേഹത്തിന്.
ബസ്സിനാണോ വന്നത് എന്ന് ചോദിച്ചു, അല്ല നടന്നാണ് എന്ന് പറഞ്ഞു. അദ്ദേഹം ചിരിച്ചു,. തളര്ന്നിട്ടുണ്ടാവും അല്ലെ എന്ന് പറഞ്ഞു. ഞാന്‍ ഒന്നും മിണ്ടിയില്ല.

“You might be feeling hungry”

“Not really”

“I have something for you”

എന്നും പറഞ്ഞു അദ്ദേഹം ഒരു പ്ളാസ്റിക് കവര്‍ തുറന്നു ഒരു പഫ്സ്‌ പോലെയുള്ള സാദനം എന്റെ കയ്യില്‍ വെച്ചു തന്നു. ഞാന്‍ അപ്പോഴും ഇടത്തെ കൈ കൊണ്ട് എന്‍റെ കാലില്‍ ചേര്‍ന്ന് നില്‍ക്കുന്ന നായയുടെ കഴുത്ത് തടവുന്നുണ്ടായിരുന്നു. ഞാന്‍ തടവാതിരിക്കുന്നത് അവനു ഇഷ്ടമല്ല എന്ന് തോന്നി.

“how’s it, tasty, right..?”
ആദ്യത്തെ കഷ്ണം എന്‍റെ വായിലിട്ടപ്പോ അദ്ദേഹം ചോദിച്ചു. അതെ എന്ന് ഞാനും.

ഞങ്ങള്‍ സംസാരിച്ചു. ഒരു അഞ്ചു മിനുട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ ലേശം നേരം ഇരിക്കട്ടെ എന്ന് പറഞ്ഞ് സോഫയില്‍ ഇരുന്നു. ആ കെട്ടിടത്തിനുള്ളില്‍ തണുപ്പ് കുറവായിരുന്നു
ഞാന്‍ ഷൂ അഴിച്ചു, പിന്നെ മഫ്ലരും. എന്‍റെ ഷൂ നോക്കി അദ്ദേഹം പറഞ്ഞു.

“You don’t have a winter shoes. This can be very dangerous in the snow.”

ഞാന്‍ ഒന്നും മിണ്ടിയില്ല.

അദ്ദേഹം എന്നോട് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. യുദ്ദങ്ങളെ പറ്റി. അദ്ദേഹം ഇന്ത്യയില വന്നിട്ടുണ്ട്. മുംബൈ, കൊല്‍ക്കത്ത, പഞ്ചാബ്, കഷ്മീര്‍. ഞാന്‍ ഇന്ത്യയില്‍ നിന്നാണ് എന്ന് പറഞ്ഞപ്പോ അദ്ദേഹത്തിറെ മുഖത്ത് ഒരു പുഞ്ചിരി യുണ്ടായിരുന്നു.

“India is becoming a super power” എന്ന് പറഞ്ഞു. “Even china, India has to be aware of that.”
ഞാന്‍ അപ്പൊ പാകിസ്താന്‍ എന്ന് കൂടെ പറഞ്ഞു. അദ്ദേഹം ചിരിച്ചു.
“Pakistan is nothing” എന്ന് പറഞ്ഞു.

പിന്നെ പറഞ്ഞ കാര്യങ്ങളില്‍ മുസ്ലിം രാജ്യങ്ങളോടുള്ള ഇഷ്ടക്കുരവ് വ്യക്തമായിരുന്നു. എണ്ണ മാത്രമാണ് അവരുടെ സ്വത്ത് എന്നുള്‍പെടെ  പലതും പറഞ്ഞു. അദ്ദേഹം ഒരുപാട് അറബ് രാജ്യങ്ങളില്‍ ഉണ്ടായിരുന്നു.
ഞാന്‍ എത്ര രാജ്യങ്ങളില്‍ പോയിട്ടുണ്ട് എന്ന് ചോദിച്ചപ്പോ അദ്ദേഹം അറുപതില്‍ കൂടുതല്‍ എന്ന് പറഞ്ഞു, ഓരോ രാജ്യങ്ങളുടെ പേരും. ഞാന്‍ കേള്‍ക്കാത്ത ഒരുപാട് രാജ്യങ്ങള്‍ ഉള്‍പെടെ.

ഒരു ഇരുപതു മിനുട്ടിന് ശേഷം ഞങ്ങള്‍ മൂന്നു പേരും സെമിത്തേരിയിലേക്ക് നടന്നു.