Monday, December 2, 2013

ഒരു സാധാരണ ചൈനക്കാരന്‍റെ രാഷ്ട്രീയം.

​തണുപ്പിനെ മാറ്റി നിർത്തിയാൽ വാഷിംഗ്‌ടൺ ഡീസിയും "Virginia's Caverns" ഉം കാണാൻ പോയ ട്രിപ്പ്‌ അടിപൊളിയായിരുന്നു. അതിൽ എടുത്തു പറയാനുള്ളത് രണ്ടു ദിവസം മുഴുവൻ ബസ്സിൽ എന്‍റെ അടുത്തിരുന്ന ചൈനക്കാരൻ പയ്യനുമായുള്ള സംസാരമായിരുന്നു.
ഭക്ഷണ രീതിയും രാഷ്ട്രീയവും ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു.

ബസ്സിലെ ഏറ്റവും പിറകില സീറ്റ്‌ കിട്ടിയത് നന്നായി എന്നെനിക്ക് തോന്നാന്‍ കാരണമായത്‌ നിങ്ങുമായുള്ള സംസാരമായിരുന്നു.

രണ്ടാഴ്ച്ച മുന്നേ നടന്ന ഈ യാത്രയുടെ മങ്ങിയ ഓർമ്മ  കൂടുതൽ മങ്ങുന്നതിനുമുന്നേ  ഇവിടെ എഴുതിയിടാം എന്ന്‍ ഇപ്പൊഴെങ്കിലും  തോന്നിയസ്ഥിതിക്ക് ഇനി നിങ്ങ കഷ്ടപ്പെട്ട് വായിച്ചെ മതിയാവൂ.
Virginia's Caverns 

അപ്പ പറഞ്ഞു വന്നത് ചൈന ഒരു പ്രതിഭാസമാണെന്നാണ്; കഴിഞ്ഞ ഇരുപതു വർഷങ്ങളിൽ ചൈന ഉണ്ടാക്കിയ മുന്നേറ്റം അവിശ്വനീയവും.

അവന്‍റെ ശരിയായ പേര് ഞാൻ മറന്നു. തത്കാലം എളുപ്പത്തിന് ‘നിങ് ‘ (ഹിന്ദിയിലെ ‘ന’) എന്ന് വിളിക്കാം. ഭക്ഷണത്തില്‍ നിന്ന് തുടങ്ങി സംസാരിച്ച് സംസാരിച്ച് ഞങ്ങ കമ്മ്യുണിസത്തിലെത്തി നിന്നു. 
ഇന്ത്യയിൽ കമ്മ്യൂണിസമാണോ ക്യാപ്പിറ്റലിസമാണോ എന്നവൻ ചോദിച്ചു. 
രണ്ടുമല്ലെന്നു ഞാൻ പറഞ്ഞു..  അങ്ങനെയാവാൻ വഴിയില്ല അതുരണ്ടും മാത്രമേ ഈ ലോകതിലുള്ളൂ അതുകൊണ്ട് രണ്ടാലൊന്ന് ആയേ പറ്റൂ  എന്നവൻ.

“അപ്പൊ സോഷ്യലിസൊ?” ഞാന്‍ ചോദിച്ചു 

“അങ്ങനെയൊരു സംഭവം ഇത് വരെ കേട്ടിട്ടില്ലല്ലോ...” എന്ന് അവൻ

മാര്‍ക്സിസത്തെ പറ്റി ചോദിച്ചപ്പോൾ അതും കേട്ടിട്ടില്ല, കമ്മ്യുണിസ്റ്റ്‌ പാർട്ടിയേ അറിയൂ മാർക്സിസ്റ്റ്‌ അറിയില്ലെന്നും, ചൈനയിൽ കമ്മ്യൂണിസവും  ക്യാപിറ്റലിസവും മാത്രമേ പഠിപ്പിക്കുന്നുള്ളൂ എന്നും പറഞ്ഞു.   ഞാൻ മാര്‍ക്സിന്‍റെ പേര് പറഞ്ഞപ്പോൾ അതറിയാം. അതിന്‍റെ കൂടെ ഞാൻ ലെനിന്‍റെയും ചെഗുവേരയുടെയും മാവോ യുടെയും പേര് പറഞ്ഞു. മാവോ എന്ന് പറഞ്ഞപ്പോ അവന്‍റെ മുഖത്ത് നല്ല തെളിച്ചം, എന്നിട്ട് അദ്ദേഹം ചൈനക്കാരന്‍ ആണെന്നും പറഞ്ഞു. എന്നെയും തിരിച്ചു സന്തോഷിപ്പിക്കാൻ വേണ്ടിയാണെന്ന് തോന്നുന്നു, അപ്പൊ തന്നെ അവൻ യൂഎസ്സിൽ മഹാത്മാഗാന്ധിയെ കുറിച്ച് പഠിക്കുന്നുണ്ടെന്ന് പറഞ്ഞു. മിക്കവാറും ഇന്ത്യക്കാർ ഗാന്ധിജിയെ പറ്റി സംസാരിക്കുമ്പോൾ മുഖത്ത് തെളിഞ്ഞു വരുന്ന പുച്ഛം അവന്‍റെ മുഖത്ത് ഉണ്ടായിരുന്നില്ല. ഗാന്ധിജിയെ പറ്റി ഞാൻ കുറച്ചെന്തോക്കെയോ സംസാരിച്ചു. സംസാരത്തിനിടയിൽ ചാൻസ് കിട്ടിയ സ്ഥലത്ത് അന്നാ ഹസാരയെയും അരവിന്ദ്‌ കേജ്രിവാളിനെയും തള്ളി കയറ്റുവേം ചെയ്തു... :-)

ഇന്ത്യയില്‍ നടക്കുന്ന അഴിമതിയെ പറ്റി അവൻ കേട്ടിട്ടുണ്ട്.

ഇത്ര വലിയ സമരം നടന്നിട്ടും ഇന്ത്യയിലെ ഗവൺ‌മെന്‍റ്  ആരെയും പിടിച്ച് കൊന്നില്ല എന്ന് അറിഞ്ഞപ്പോ അവന് അത്ഭുതമായിരുന്നു. 
ചൈനയിൽ പ്രക്ഷോഭങ്ങൾ നടക്കാറില്ല, അവിടെ സർക്കാരിനെ എല്ലാവർക്കും പേടിയാണ്. ആരെങ്കിലും ആളുകളെ കൂടുന്നു, അല്ലെങ്കിൽ ആരുടെയെങ്കിലും അഭിപ്രായത്തിന് (സുമാർ) ആയിരത്തിൽ കൂടുതൽ ജനങ്ങൾ പിന്തുണ നൽകുന്നു  എന്ന് സർക്കാറിനു തോന്നിയാല്‍, പിന്നെ അവനെ കൊല്ലാൻ വരെ മടിയില്ലാത്തതും പലതവണ അങ്ങനെ ചെയ്തിട്ടുള്ളതും ആയ ഒരു സർക്കാരാണ് ചൈനയിലേത്. 

മീഡിയ മുഴുവനായും സർക്കാരിന് അടിമപെട്ടിരിയ്ക്കുന്നു. മീഡിയക്കാരും മനുഷ്യരാണ് അവർക്കും ജീവിയ്ക്കണം.

ഒരു കുടുംബത്തിന് ഒരു കുട്ടി എന്നതിൽ സർക്കാർ ഈ തലമുറയിൽ ഒരു  ചെറിയ അയവു വരുത്തിയിട്ടുണ്ട്. കെട്ടിയ പെണ്ണിനും പയ്യനും സഹോദരങ്ങൾ ഇല്ലെങ്കിൽ അവർക്ക് രണ്ടു കുട്ടികൾ വരെ ആവാം. കുട്ടികളുടെ എണ്ണം, അനുവദിച്ചതിൽ കൂടുതലായാൽ ജീവിതം മുഴുവൻ പണയം വെയ്ക്കേണ്ടി വരുന്നത്രയും ഫൈനാണ്. ഇരട്ട കുട്ടികളുണ്ടായാല്‍  ഫൈന്‍ ഉണ്ടോ എന്ന് ചോദിച്ചപ്പോ, 

"No, Then you are the luckiest person in the world" എന്നായിരുന്നു മറുപടി. 

അങ്ങിനെ സംഭവിച്ചാല്‍ ഉണ്ടാകാവുന്ന സന്തോഷത്തിന്‍റെ ഒരംശം അവന്‍റെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.
Washington, D.C.

എനിയ്ക്കിഷ്ടപ്പെട്ട ഒരു കാര്യം ചൈനയിൽ ഭൂമി മുഴുവനും സർക്കാരിന് അവകാശപെട്ടതാണെന്നതാണ്. ജനങ്ങൾക്ക്‌ 75 മുതല്‍ 100 വർഷം വരെയുള്ള കൈവശാവകാശം മാത്രമേ കിട്ടൂ. റഷ്യയിലെ ആ നിയമം എടുത്തു മാറ്റിയപ്പോൾ സംഭവിച്ച തകർച്ചയെ കുറിച്ചും അവൻ  എടുത്തു പറഞ്ഞു.

ചൈനയിൽ ആരും രാഷ്ട്രീയത്തിൽ അധികം താല്പര്യം കാണിയ്ക്കാറില്ല, കാണിച്ചിട്ടും കാര്യമില്ല. അവിടുത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ ജനങ്ങളുടെ അഭിപ്രായം അറിയുന്നത് സർവ്വേകളിലൂടെയാണ്. ചൈനയിലെ വലിയ സർവ്വേ കമ്പനികളുടെ ഏറ്റവും വലിയ ഉപഭോക്താവ് ചൈനയിലെ സർക്കാരാണ്. ജനങ്ങൾക്ക് അതിലൂടെ അഭിപ്രായം രേഖപ്പെടുത്താം. 
രാഷ്ട്രീയത്തിൽ  ഇടപെട്ടിട്ടുള്ള അറിവല്ല പുസ്തകങ്ങളും നോവലുകളും വായിച്ചുള്ള അറിവ് മാത്രമേ ചൈനാ സർക്കാരിനെ കുറിച്ചുള്ളു എന്നും നിങ് പറയാൻ മറന്നില്ല. 

അവിടെയുള്ള ആവശ്യസാധനങ്ങളുടെ വില നിർണയിയ്ക്കുന്നത് ‘ഡിമാണ്ട് സപ്ലേ കർവ്‘ അല്ല, മറിച്ച് സർക്കാരാണ്. ഉള്ളിക്ക് കിലോ ഇരുപതു രൂപ എന്ന് പറഞ്ഞാൽ ഉള്ളിയ്ക്ക് ഇരുപതു രൂപ, അത്രയെ പാടുള്ളു. അതിൽ പിന്നീട് തിരിച്ചും മറിച്ചും ഒരു ചോദ്യമില്ല. അതെങ്ങനെയാണെന്ന് ഇപ്പോഴും എനിയ്ക്ക് മനസ്സിലായിട്ടില്ലെങ്കിലും, അതാണ്‌ യഥാര്‍ത്ഥ കമ്മ്യൂണിസം എന്ന് തോന്നി.

ഏതോ മന്ത്രിക്കെതിരെ അഴിമതി കാണിച്ചതില്‍ വധശിക്ഷയ്ക്ക് നടപ്പാക്കിയ കാര്യം ചോദിച്ചപ്പോൾ പറഞ്ഞത്, അഴിമതി എന്നത് പുറത്തു പറയുന്ന കാരണമാണ്; പക്ഷേ  സത്യം മിക്കവാറും അതായിരിക്കണം എന്നില്ല എന്നാണ്. ചൈനയില്‍ രണ്ടു ഗ്രൂപ്പുണ്ട്, ചിലപ്പോൾ ഈ ഗ്രൂപ്പുകൾ തമ്മിൽ തർക്കം നടക്കും. അങ്ങനെ സംഭവിച്ചാൽ, ഒരു ഗ്രൂപ്പിന്‍റെ നേതാവിന് ആ അടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും, അത് എപ്പോഴും തർക്കത്തിൽ തോറ്റ ഗ്രൂപ്പിന്‍റെ നേതാവായിരിക്കും. അങ്ങനെയുള്ള  ഒരു തോറ്റ ഗ്രൂപ്പിന്‍റെ നേതാവായിരുന്നു അദ്ദേഹം എന്നാണു നിങ് പറഞ്ഞത്.

നിങിന്‍റെ അഭിപ്രായത്തിൽ ചൈനയില്‍ എൺപത് ശതമാനം മന്ത്രിമാരും അഴിമതിക്കാരാണ്.
​​
അവരുടെ സർക്കാറിന്‍റെ മുകൾതട്ടിലുള്ള പത്തു പേർ വിചാരിച്ചാൽ ചൈനയെ മുഴുവനായി വിറ്റ് അവർക്ക് സ്വന്തം കാശുണ്ടാക്കിക്കൂടെ എന്ന് ചോദിച്ചപ്പോൾ പറഞ്ഞത്, ഒരു പരിധി കഴിഞ്ഞാൽ പിന്നെ കാശിനോടല്ല അധികാരത്തിനോടാണ് ഭ്രമം ഉണ്ടാവുക, അതായിരിക്കാം അഴിമതി ഒരു പരിധിയിൽ കൂടുതൽ വളരാത്തത് എന്നാണ്. പക്ഷെ ആ പത്തുപേർ മാത്രം വിചാരിച്ചാൽ ചൈനയെ മുഴുവനായും വിൽക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. 

അവിടെയുള്ള മന്ത്രിമാർക്ക് അഴിമതി നടത്തി ഉണ്ടാക്കിയ പണം ചൈനയിൽ ചെലവഴിയ്ക്കാൻ  പറ്റാത്തത് കൊണ്ട്, സ്വന്തം കുടുംബത്തെ വിദേശത്തേയ്ക്കയച്ച്, വിദേശത്ത് സ്ഥലവും, വീടും, മുന്തിയ കാറും വാങ്ങി ആഡംബര ജീവിതം നയിയ്ക്കുന്ന പ്രവണത മന്ത്രിമാരിൽ കൂടിവന്നപ്പോൾ ചൈന നിയമം മാറ്റി. വിദേശത്ത് കുടുംബങ്ങൾ ഉള്ളവർ സ്ഥാനങ്ങൾ ഏറ്റെടുക്കാൻ പാടില്ല എന്ന നിയമം കൊണ്ടു വന്നു.

മഹാത്മാഗാന്ധിയെ പറ്റി പറയുന്ന കൂട്ടത്തിൽ എനിക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ കുറിച്ചും അത് കഴിഞ്ഞുള്ള ഇന്ത്യാവിഭജനത്തെ കുറിച്ചും പൊടിയ്ക്ക് പറയേണ്ടി വന്നു. കാശ്മീരിൽ ചൈന അവകാശം ഉന്നയിയ്ക്കുന്നത് നിങിന് അറിയില്ല. ഞാൻ അറിയിയ്ക്കാനും പോയില്ല. ടിബറ്റിനെ പറ്റി അവൻ കേട്ടിട്ടേയില്ല. 

ഇന്ത്യയിൽ ബ്രിട്ടീഷുകാർ വന്നതാവാം ഇംഗ്ലീഷ് പോപ്പുലർ ആവാന്‍ കാരണം എന്ന് പറഞ്ഞപ്പോൾ ചൈനയും ബ്രിട്ടീഷ്‌ കോളനി ആയിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് തമാശ മട്ടിൽ നിങ് പറഞ്ഞു.

ചൈനയില്‍ ഒൻപതാം ക്ലാസ്സുവരെ സൌജന്യ വിദ്യാഭ്യാസമാണ്. സർക്കാർ സ്കൂളുകളാണ് പ്രൈവറ്റ് സ്കൂളുകളേക്കാൾ എല്ലാ രീതിയിലും മെച്ചം.

ബാൾട്ടിമോർ പോർട്ടിലൂടെ തണുപ്പ് സഹിച്ച് ജാക്കറ്റും കെട്ടിപ്പിടിച്ച് നടക്കുന്ന സമയത്ത് നിങിന്‍റെ അച്ഛന് എന്‍റെയും അവന്‍റെയും കൂടെ നിന്നുള്ള ഫോട്ടോ വേണം എന്ന് പറഞ്ഞു. ഞങ്ങളുടെ സംസാരം മുന്നിലെ സീറ്റിലിരുന്ന്  കേട്ടതുകൊണ്ടാകണം, അദ്ദേഹം അങ്ങനെ പറഞ്ഞത്.

ചൈനക്കാരുടെ മുഖത്ത് ഒരു  അരക്ഷിതത്വം ഉള്ളതായി എനിക്ക് എന്നും അനുഭവപെട്ടിരുന്നു. അത് എന്‍റെ തോന്നലുമാത്രമായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്. 


--ശുഭം--