Wednesday, March 12, 2014

എന്‍റെ നാട്ടിലെ ജാതി


തോട്ടത്തില്‍ വാസുദേവന്‍ 
മമ്പള്ളി പ്രഭാകരന്‍ 
പൊയീല്‍ രാഘവന്‍ 
കുഞ്ഞിപറമ്പത്ത് ശ്രീധരന്‍ 
പുത്തലത്ത് ബാലകൃഷ്ണന്‍ 

ഞാന്‍ ജനിച്ചു വളര്‍ന്ന നാട്ടിലെ എന്‍റെ അച്ഛന്‍റെ തലമുറയില്‍ പെട്ട ചിലരുടെ പേരുകളാണത്. ജാതിയും മതവുമില്ലാത്ത പേരുകള്‍. 

മതിലുകളില്ലാത്ത പറമ്പുകളും എല്ലാവര്‍ക്കും അവകാശപെട്ട മാവുകളും പേരക്കാ മരങ്ങളും കുളവും കിണറും തുമ്പ പ്പൂവുകളും ഒരുപാടുണ്ടായിരുന്നു അവിടെ. ഒരുപാട് കൂട്ടുകാരും ചെട്ടന്മാരും ഒക്കെയുള്ള ഒരു നാട്. അവിടുന്നു മാറി ഇന്ന്  പതിനാറ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലോകത്ത് ഏറ്റവും കൂടുതല്‍ ഞാന്‍ ഇഷ്ടപെടുന്നതും സുരക്ഷിതത്വം തോന്നുന്നതുമായ ഒരു കൊച്ചു സ്ഥലം.
കൃത്യമായി പറഞ്ഞാല്‍, അഴിയൂരില്‍, മാഹി വണ്ടിയാപ്പീസിന്‍റെ പടിഞ്ഞാറ് ഭാഗം.

എനിക്കിങ്ങനെയൊരു ബാല്യകാലം അനുഭവിക്കാന്‍ കഴിഞ്ഞതില്‍ എന്‍റെ അച്ചാച്ഛനും അച്ചാച്ഛന്‍റെ തലമുറയില്‍ അവിടെ ജീവിച്ചുപോന്നവരും വഹിച്ച പങ്ക് ഒരുപാടാണ്. ചെറുപ്പത്തില്‍ കേട്ടുവളര്‍ന്ന പലതും ഒര്‍ക്കുമ്പോള്‍ സ്വാതന്ത്ര്യം കിട്ടാത്ത ഭാരതത്തില്‍ ജനിച്ചുവളര്‍ന്ന ആ തലമുറയോട് വല്ലാത്തൊരു ബഹുമാനമാണ്. ജാതി വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടത്തിന്‍റെ ഒരു ചെറിയ ഭാഗമായി അവരുടെ മക്കള്‍ക്ക്‌ ജാതിപേര് വെയ്ക്കാതിരിക്കാന്‍ അവര്‍ കൂട്ടമായി എടുത്ത തീരുമാനത്തിന്‍റെ ഒരു കുട്ടി ഉദാഹരണം മാത്രമാണ് മുകളിലെ പേരുകള്‍. അവരുടെ മക്കളും ആ പോരാട്ടത്തിന്‍റെ ഭാഗമായിരുന്നു. അതുകൊണ്ട് തന്നെ എന്‍റെ തലമുറയിലുള്ളആര്‍ക്കും അവിടെ പേരില്‍ ജാതിയുടെ അലങ്കാരമില്ല. 

ഇന്നത്തെ സാഹചര്യത്തില്‍ അവിടെ ആരെങ്കിലും ഞാന്‍ "ഇന്നേ ജാതിക്കാരനാണ്" എന്ന് പറഞ്ഞാല്‍, അതിന് വല്ല രീതിയിലും വിലകല്‍പ്പിക്കുന്നവര്‍ ഒരുപക്ഷെ ഉണ്ടാവുകതന്നെയില്ല. ഞാനിന്നേ വീട്ടിലാണ്, എനിക്കിതാണ് ജോലി, ഞാന്‍ ഇത്രയും പഠിച്ചു എന്ന് പറയുമ്പോള്‍ തോന്നുന്ന  തോന്നലുകളെ (വലുതായാലും ചെറുതായാലും) അപേക്ഷിച്ച് ആര്‍ക്കും ഒന്നും തോന്നുകയുമില്ല. 
അവന്‍റെ വീട്ടില്‍ കാറുണ്ട്, എന്‍റെ വീട്ടില്‍ കാറില്ല എന്ന് തോന്നുന്നതിന്‍റെ പത്തയലത്ത് വരില്ല ജാതി വികാരം.

ജാതിയും മതവും മനുഷ്യനുമേലുണ്ടാക്കുന്ന സ്വാധീനം ഞാന്‍ ദൂരെനിന്ന് നോക്കികണ്ടിട്ടുണ്ട്, പത്രങ്ങളിലും ടീവിയിലുമൊക്കെ. അതൊന്നും എന്നെയോ എന്‍റെ ചുട്ടുവട്ടത്തെയോ സ്വാധീനിച്ചിട്ടില്ല. സ്വാധീനിച്ചിട്ടുണ്ട് എന്ന് നിങ്ങള്‍ക്ക് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. നിരസിക്കാന്‍ എനിക്കും.