Wednesday, February 7, 2018

സമരം


ആദ്യമായി സമരം ചെയ്തത് എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയ​ത്തായിരുന്നു.​

ചിദംബരത്ത് NCC ക്യാമ്പ് ആണ് ലൊക്കേഷന്‍. ഞങ്ങള്‍ ​കൊറേ പിള്ളാരും പിന്നെ കുറച്ച് പട്ടാളക്കാരും.
​ ​
മാഹി സ്കൂളിലെ  NCC ക്ക് രണ്ടു പ്രത്യേകതകളുണ്ട്.

1) നേവല്‍ NCC ആയതുകൊണ്ട് വെള്ളയും വെള്ളയും ആണ് യുണിഫോം. ബാകി എല്ലാവര്‍ക്കും കാക്കിയാണ്.

2) പോണ്ടിച്ചേരിയുടെ കീഴിലായതുകൊണ്ട് നടത്തുന്ന ക്യാമ്പ്‌ മുഴുവന്‍ തമിഴ്‌നാട്ടി ലായിരിക്കും.

ഞങ്ങളെ​ സ്കൂളില്‍ നിന്നും ക്യാബ്ബിനു പറഞ്ഞയക്കുന്നത് അത് ട്രെയിനിംഗ് ക്യാമ്പാണ്, സോഷ്യല്‍ സര്‍വീസ് ക്യാമ്പ്‌ അല്ല എന്ന് കള്ളം
​ ​
പറഞ്ഞുകൊണ്ടാണ്. സോഷ്യല്‍ സര്‍വീസ് ക്യാമ്പ്‌ നടന്നാലുള്ള ഗുണം ആ നാട്ടിലെ ജനങ്ങള്‍ക്കാണ്. പുലര്‍ച്ച അഞ്ചു മണിക്ക് എഴുന്നേറ്റ്‌ ദിവസം മുഴുവന്‍ പത്ത് ദിവസവും പുല്ല് വെട്ടി, കുളം വൃത്തിയാക്കി, ഓട കഴുകി, റോഡ്‌ അടിച്ചുവാരി, കക്കൂസ് കഴുകി അങ്ങനെ അങ്ങനെ ഓരോ നിമിഷവും ഒരു യുഗം പോലെ തോന്നിക്കുന്ന പത്ത് ദിവസങ്ങള്‍.

അങ്ങനെയുള്ള എന്‍റെ ആദ്യത്തെ ക്യാമ്പ്‌ ആയിരുന്നു ചിദംബരത്ത്. രാവിലെ പൊങ്കലും ഉച്ചക്ക് ചോറും രസവും വൈകുന്നേരം രണ്ട് ആറോറൂട്ടും പച്ചവെള്ളം പോലത്തെ ചായയും, രാത്രി പിന്നെ രസോം ചോറും​ ആണ് ഭക്ഷണം​. പൊള്ളുന്ന വെയിലത്ത്‌ ലോറിയില്‍ നിന്ന് യാത്ര ചെയ്തും, കിലോമീറ്ററുകള്‍ നട​ന്നും, നാട് വൃത്തിയാക്കി വരുന്ന നമ്മള്‍ക്ക് ഗോതമ്പുണ്ട തന്നാലും ലഡു തിന്നുന്ന രുചിയായിരിക്കും.

അങ്ങനെ ഒരുദിവസം ക്യാമ്പിന്‍റെ ഒത്ത നടുക്ക് ഒരു ബോര്‍ഡ്‌. അതില്‍ രാവിലെയും ഉച്ചയ്ക്കും രാത്രിയിലും പൂരി മസാല, മുട്ട, ഇറച്ചി,​ മീന്‍,​ ​ഐസ് ക്രീം എന്ന ലെവലില്‍ നില്‍ക്കുന്ന വിഭവങ്ങള്‍ എഴുതി വെച്ചിരിക്കുന്നു. ആ ബോര്‍​ഡിന്‍റെ ഉദ്ദേശം ചൊല്ലി നമ്മള്‍ തമ്മില്‍ തര്‍ക്കം തുടങ്ങി. സാറന്മാര്‍ക്ക്‌ കൊടുക്കാനുള്ള വിഭങ്ങളാണ് അത് എന്ന് ചിലരും അങ്ങനെയല്ല അത് നമ്മള്‍ക്ക് കിട്ടാനുള്ളതാനെന്ന്‍ ചിലരും. ആ ചേരി തിരിഞ്ഞുള്ള തര്‍ക്കവും, ദിവസവും മാറി മാറി പ്രത്യക്ഷ പെടുന്ന വിഭവങ്ങളുടെ പേരും നമ്മളില്‍ സങ്കടവും അരിശവും ദേഷ്യവും ഒക്കെ ഉണ്ടാക്കി.

നന്നായൊന്ന് കുളിക്കാനോ കക്കൂസില്‍ പോവാണോ വസ്ത്രം അലക്കാണോ സൗകര്യമില്ലാതെയുള്ള ആ ദിവസങ്ങള്‍ തള്ളി നീക്കുന്നതിന്‍റെ ബുദ്ധിമുട്ട് അനുഭവിച്ചു തന്നെ അറിയണം. 

ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ ചോറിനു നല്ല വൃത്തികെട്ട ഒരു മണം. ആരും കഴിച്ചില്ല മടങ്ങി റൂമില്‍ പോയപ്പോ മണിവണ്ണന്‍ വയറും കൂട്ടിപിടിച്ച്‌ ചുരുണ്ട് കിടക്കുന്നു. മണിവണ്ണന്‍ തമിഴ്നാട്ടിലെ  മറ്റൊരു സ്കൂളില്‍ നിന്നും വന്ന NCC കേഡറ്റ്. മാഹിയും മണിവണ്ണന്‍റെ സ്കൂളും ഒരു ക്ലാസ്സ്റൂമിലെ നിലത്താണ് ബ്ലാങ്കറ്റ് വിരിച്ച് കിടന്നിരുന്നത്.

മണിവണ്ണനോട് ആരോ ചോറ് കഴിച്ചോ എന്ന് ചോദിച്ചപ്പോ കഴിച്ചു എന്ന് പറഞ്ഞു.

"അത് കഴിഞ്ഞാണോ വയറു വേദന വന്നത്​?​"

അതിനും ഉത്തരം അതെ.

പിന്നെ ഒന്നും ആലോചോച്ചില്ല. ചോറ് കഴിച്ച് മണിവണ്ണന് വയറുവേദന. ഓടി നടന്ന് കണ്ടവരോടൊക്കെ ഇത് പറഞ്ഞു പരത്തി. അന്ന് എപ്പഴും അടി കൂടികൊണ്ടിരുന്ന പള്ളൂരും മാഹിയും ഒന്നായി. പള്ളൂരും​,​ മാഹിയും​,​ കാരക്കലും​, പോണ്ടിച്ചേരിയും​,​തമിഴ്നാടും ഭാഷ അറിയാതെ കൈ കോര്‍ത്ത്‌ പിടിച്ച് പരാതിയുമായി ക്യാപ്റ്റന്‍ന്‍റെ അടുത്ത് പോയി. 

ഒരു മുഴുവന്‍  റൂമില്‍ ചാര് കസേരയില്‍ ഇരുന്നു കയ്യില്‍ ഒരു വടിയും കറക്കികൊണ്ട് വട്ടം ചുറ്റുന്ന ക്യാപ്റ്റന്‍. തിരിഞ്ഞു നോക്കിയപ്പോള്‍ മാഹിയും പള്ളൂരും മാത്രം വേറെയാരെയും കാണാനില്ല. മനസ്സിലെ സങ്കടവും ദേഷ്യവും ഞങ്ങളെ തിരിഞ്ഞു നടക്കാന്‍ അനുവദിച്ചില്ല. സാറിനോട് ആര്​ ​സംസാരിക്കും എന്നായി അടുത്ത ചോദ്യം. ഇംഗ്ലീഷ് അറിയുന്ന ആള് വേണം. ആദ്യം പള്ളുരെ ഒരു പയ്യനെ എല്ലാരും കൂടെ ഉന്തിത്തള്ളി വിട്ടു. അവന്‍റെ ഇംഗ്ലീഷ് മാരകമായത് കാരണം ജ്യോതി ഇടയില്‍കയറി സംസാരിച്ചു. പിന്നെ ജ്യോതിക്ക് ഒരു ബലത്തിന് വിട്ടുപോയ വാക്കുകള്‍ ഞാനും പൂരിപ്പിച്ചു കൊടുത്തു. 

അന്നുണ്ടാക്കിയ ചോറ് മണക്കുന്നു എന്ന് പറഞ്ഞപ്പോ അദ്ദേഹവും ആ ചോറാണ് തിന്നത്, ക്യാബിലെ എല്ലാവരും ആ ചോറാണ് കഴിച്ചത് എന്നിട്ട് ആര്‍ക്കും ഒരു പ്രശ്നവും ഇല്ലല്ലോ, മണിവണ്ണന് വേറെ വല്ല കാരണവും കൊണ്ടായിരിക്കും വയറു വേദന എന്ന് ​മറുപടി കിട്ടി. ചോറ് തിന്നത് കൊണ്ടാണ് വയറു വേദന വന്നത് എന്നതിന് തെളിവും ഞങ്ങടെ കയ്യില്‍ ഇല്ലല്ലോ.

അടുത്ത ആവിശ്യം, ഒന്നുകില്‍ ബോര്‍ഡില്‍ എഴുതിയ ഭക്ഷണം നമ്മള്‍ക്ക് കിട്ടണം, അല്ലെങ്കില്‍, നമ്മള്‍ക്ക് തരുന്ന ഭക്ഷണം ബോര്‍ഡില്‍ എഴുതണം എന്നതായിരുന്നു. അതിനു മറുപടിയായി അദ്ദേഹം​ വരവ് ചെലവ് കണക്ക് നിരത്തി. ഒരു ദിവസം ഒരു കുട്ടിക്ക് വേണ്ടി കിട്ടുന്നത് 13 രൂപയാണ്, അതില്‍ വിറകിന് ഇത്ര, ജോലിക്കാര്‍ക്ക് ഇത്ര, അരിക്കിത്ര, പച്ചക്കറിക്ക് ഇത്ര. എല്ലാം കൂടി അവസാനം 13 രൂപയില്‍ ബാക്കി വന്നത് ഒരു രൂപ. ആ ഒരു രൂപ കൂട്ടി വെച്ച് അവസാന ദിവസം എല്ലാവര്‍ക്കും ഐസ്ക്രീം തരാന്‍ ആണ് പ്ലാന്‍ എന്നും. നമ്മള്‍ക്ക് ഐസ്ക്രീം ഒന്നും വേണ്ട, മരിയാതക്കുള്ള ഭക്ഷണം കിട്ടിയാല്‍ മതി എന്നൊക്കെ പറഞ്ഞു നോക്കി. ആര് കേള്‍ക്കാന്‍. ഇതിന് ഒരു തീരുമാനം ആവാതെ നമ്മളാരും ഇനി ഫോളിന്‍ ചെയ്യില്ല എന്നും പറഞ്ഞ് സങ്കടപെട്ട് തിരിച്ചു പോയി. 

പിറ്റേ ദിവസം മാഹിയില്‍ നിന്നുള്ള ആരും ഫോളിന്‍ ചെയ്യാന്‍ പോയില്ല. റൂമില്‍ തന്നെ
​ കട്ടയ്ക്ക് 
ഇരുന്നു. ആറുമണി ആയിക്കാണും, രണ്ടു പട്ടാളക്കാര് നീളമുള്ള ചൂരലും പിടിച്ച് ഓടി റൂമില്‍ വന്ന് ചറ പറ അടി. മരിയാതക്ക് പത്തു മിനുട്ടില്‍ ഫോളിന്‍ ചെയ്തില്ലെങ്കില്‍ കിട്ടുന്ന പണിഷ്മെന്റിന് കയ്യും കണക്കും ഉണ്ടാവില്ലാ എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പോവുവേം ചെയ്ത്. 

നമ്മള്‍ എല്ലാരും മിണ്ടാതെ തലയണയാക്കി വെച്ച ചളി പുരണ്ട വെള്ള ഷര്‍ട്ടും ട്രൌസറും എടുത്തിട്ട്​ ബൂട്ടും കെട്ടി പോയി മറ്റുള്ളവരുടെ കൂടെ ലൈനില്‍ നിന്നു.

​​

മുണ്ട്

ഒരു ഇരുപതു കൊല്ലം മുന്നേ അച്ഛന്‍ന്‍ എറണാകുളത്ത് ഉണ്ടായിരുന്ന സമയത്ത് വെക്കെഷനോക്കെ മാഹിയില്‍ നിന്നും അവിടെ താമസിക്കാന്‍ പോകുമായിരുന്നു. 
ഒരു ദിവസം ഞങ്ങടെ വീടിന്‍റെ ഒരു മതില്‍ അപ്പുറത്തുള്ള വീട്ടില്‍ ആരോ മരിച്ചു. അവിടെ വന്നവരില്‍ ചിലര്‍ പാന്‍റ്സ്സ് ധരിച്ചായിരുന്നു വന്നത്. 
എന്‍റെ ഒരു കസിന്‍ ചേട്ടനും വേറൊരു ചേട്ടനും ഞങ്ങടെ വീട്ടിലിരുന്ന് പാന്‍റ്സ്സ് ധരിച്ചു വന്നവരുടെ ഔചിത്യ ബോധത്തില്‍ മനംനൊന്ത് ഭയങ്കര ചര്‍ച്ചയായിരുന്നു. 

"നാട്ടിലായിരുന്നെകില്‍ പാന്‍റ്സ്സ് ധരിച്ച് ഒരുത്തന്‍ മരിച്ച വീട്ടില്‍ പോയാല്‍ അവന് അടി കിട്ടും" എന്നോകെ പറഞ്ഞതിന് മറ്റെയാലും ഉദാഹരണങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് പൂര്‍ണ്ണ പിന്തുണ നല്‍കി.
 
എനിക്കന്ന്‍ മുണ്ടുടുത്ത് വലിയ ശീലമൊന്നും ഇല്ല, ഒരിക്കലും മരണ വീട്ടില്‍ പോവാതെയിരിക്കേണ്ടി വരുമല്ലോ എന്നൊക്കെ ആലോചിച്ച് ഞാനും വിഷമിച്ചു. 

​ഇന്നിപ്പോ സാധാരണഗതിയില്‍ നഗരങ്ങളിലോക്കെ മുണ്ട് ഉടുത്ത് കാണുന്നത് ആഘോഷ ദിവസങ്ങളിലാണ്, ഓണം, വിഷു, കല്യാണം ഒക്കെ. 

ഇന്നിപ്പോ മുണ്ടുടുത്ത് മരണ വീട്ടില്‍ ചെന്നാലായിരിക്കും അടി കിട്ടുക.