Friday, October 18, 2013



Monday, October 14, 2013

ലോങ്ങ്‌ ഐലന്‍ഡ് ഡ്രൈവ്


രാവിലെ നേരത്തേ എഴുന്നേറ്റ് ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ കഴിച്ച് തിരിച്ചു റൂമില്‍ വന്ന് വാതില്‍ ഒന്ന് ചാരിയതേയുള്ളൂ, ആരോ വാതിലില്‍ മുട്ടി. തുറന്നു നോക്കിയപ്പോ "ജോ". സമയം ഒന്‍പതുമണി ആയിട്ടുണ്ടായിരുന്നില്ല, പറഞ്ഞതിലും നേരത്തേ ജോ എത്തി.
രണ്ടുമിനുട്ട്‌ കുശലം പറഞ്ഞതിന് ശേഷം ഞങ്ങള്‍ കറങ്ങാന്‍ ഇറങ്ങി. ഇന്ന് ലോങ്ങ്‌ ഐലന്‍ഡ്‌ കാണാന്‍ പോകാം എന്ന് നേരത്തെ തന്നെ പ്ലാന്‍ ചെയ്തിരുന്നു.

ഒരു ചെറിയേ "ഹൈബ്രിഡ്‌" കാര്‍ : ബ്രേക്ക്‌ ചവിട്ടുമ്പോ ഉണ്ടാവുന്ന എനര്‍ജി ഉപയോഗിച്ച് ബാറ്ററി ചാര്‍ജ് ചെയ്ത്, പിന്നെ ആ ബാറ്ററി ഉപയോഗിച്ച് ഓടുന്ന വണ്ടി, അതിലായിരുന്നു യാത്ര.

വണ്ടി ഹൈവേ എത്തിയപ്പോ ഞാന്‍ ക്യാമറ പുറത്തെടുത്ത് ഫോട്ടോ എടുക്കാന്‍ നോക്കി മെമ്മറി കാര്‍ഡ്‌ ഇട്ടിട്ടില്ല, അവിടുന്ന് തിരിച്ച് ഹോട്ടലില്‍ പോയി മെമ്മറി കാര്‍ഡ്‌ എടുത്ത് വന്ന വഴിയേ പിന്നെയും പോയി. 


"സണ്‍റൈസ് ഹൈവേയിലൂടെ" കിഴക്ക് ഭാഗത്തേയ്ക്ക് 75 മൈല്‍സ് വേഗത്തില്‍ കഥകളും വിശേഷങ്ങളും പറഞ്ഞുകൊണ്ട് മെല്ലെ നീങ്ങി. രാവിലെ ആയിരുന്നെങ്കില്‍ സൂര്യന്‍ ഈ ഹൈവേയുടെ അറ്റത്തുനിന്ന് പൊങ്ങി വരുന്നത് കാണാമായിരുന്നു പോലും. ഹൈബ്രിഡ്‌ കാറിനും, കാര്‍പൂളിനും മാത്രം കയറാന്‍ അവകാശമുള്ള ഇടത്തേ അറ്റത്തെ ലെയ്‌നിലൂടെയായിരുന്നു ഡ്രൈവിംഗ്. വേറെ ഒരു കാറും ആ ലെയ്‌നില്‍ ഇല്ലായിരുന്നത് കൊണ്ട് വേഗം എത്തി. ഒരു ലെയ്‌ന്‍ മുഴുവനായി ഞങ്ങള്‍ക്ക് സ്വന്തം.

ആദ്യം പോയത് "പംകിന്‍സ്" വില്‍ക്കുന്ന സ്ഥലത്തേയ്‌ക്കായിരുന്നു, ആദ്യമായാണ്‌ ഇത്രയും അധികം പംകിന്‍സ് ഒരുമിച്ചു കാണുന്നത്. കുട്ടികള്‍ മുഴുവന്‍ അതിനിടയിലൂടെ ഓടിച്ചാടി കളിക്കുന്നുണ്ടായിരുന്നു. ഒരു "പംകിന്‍ ഡോണട്ടും" വാങ്ങി കഴിച്ച് അവിടുന്നിറങ്ങി. പിന്നെ നേരെ പോയത് ഒരു മുന്തിരിത്തോപ്പിലേയ്ക്ക്.

മുന്തിരിത്തോപ്പില്‍ നിന്ന് അത്യാവശ്യത്തിനു പടങ്ങളൊക്കെ എടുത്തു. പിന്നെ ഇത്തിരി വൈനും രുചിച്ചു നോക്കി. വൈന്‍ കൊണ്ടുവന്ന സ്ത്രീ ഓരോ  വൈനിന്റേയും വിശേഷങ്ങളും ചരിത്രവും പറയുന്നുണ്ടായിരുന്നു. പറഞ്ഞതില്‍ പകുതിയും മനസ്സിലായില്ലെങ്കിലും ഞാന്‍ നന്നായി തലയാട്ടി.

"What type of grapes do you grow in India..? "

അവര്‍ ചോദിച്ചു. എല്ലാവരും എന്നെ നോക്കി. എന്ത് ഉത്തരം പറയണം എന്ന് അറിയാതെ ആദ്യം ഞാന്‍ കൈ മലര്‍ത്തി, പിന്നെ രണ്ടും കല്‍പിച്ചങ്ങ് പറഞ്ഞു:

"Red and Green.."

എല്ലാവരും ചിരിച്ചു, ഞാനും..


അവിടുന്നും കുറേ ദൂരം വണ്ടി ഓടിച്ചതിനു ശേഷമാണ് ലോങ്ങ്‌ ഐലന്‍ഡിന്റെ അറ്റത്ത് എത്തിയത്.  അവിടെ ഒരു ലൈറ്റ് ഹൌസ്, പിന്നെ നല്ല നീല നിറത്തിലുള്ള കടലും ആകാശവും. പാറകെട്ടുകളിലൂടെ നടന്ന് ബീച്ചിലെത്തി. ചുകന്ന നിറത്തിലുള്ള പൂഴി. പലരും ചൂണ്ടഇടുന്നുണ്ടായിരുന്നു, ആര്‍ക്കും മീന്‍ കിട്ടിയതായി തോന്നിയില്ല.

തിരിച്ചു നടക്കുമ്പോള്‍ ചൂണ്ട തോളിലിട്ടു നടക്കുന്ന ഒരാളോട് മീന്‍ കിട്ടിയോ എന്ന്‍ ചോദിച്ചപ്പോ ചിരിയായിരുന്നു മറുപടി.

For Bigger Pictures: http://500px.com/AchyuthB

Sunday, October 13, 2013

JFK

മൊത്തം ഇരുപത്തെട്ട് മണിക്കൂര്‍ യാത്ര കഴിഞ്ഞ് ഇവിടെയെത്തി. സാധാരണ യാത്ര ചെയ്യുമ്പോ തോന്നിയിരുന്ന  ഒരു എക്സൈറ്റ്‌മെന്‍റ്  എന്തോ ഈ തവണ തോന്നിയില്ല. 

ഫ്ലൈറ്റില്‍ കുറേ സമയം ഉറങ്ങി, ​പിന്നെ കുറേ സമയം സിനിമ കണ്ടു. തലവേദന തുടങ്ങിയപ്പോ കണ്ണടച്ചിരുന്നു. ക്ഷീണമുണ്ടായിരുന്നത് കൊണ്ടും അറിയാതെ ഉറങ്ങിപ്പോവും എന്ന് തോന്നിയതുകൊണ്ടും, "Wake me up for food", എന്ന സ്റ്റിക്കര്‍ സീറ്റില്‍ നേരത്തേ തന്നെ ഒട്ടിച്ചു വെച്ചു. അടുത്തിരുന്ന ആരോടും അധികമൊന്നും സംസാരിച്ചില്ല. ഇടത് വശത്തിരുന്ന സ്ത്രീ സൗത്ത്‌ ആഫ്രിക്കയില്‍ നിന്നുമായിരുന്നു. ആദ്യം കണ്ടപ്പോള്‍ അവര്‍ ഇന്ത്യന്‍ ആണെന്ന് കരുതി, പിന്നെ ഒരു ഹിന്ദി സിനിമ കാണാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഇന്ത്യന്‍ തന്നെയെന്നു ഉറപ്പിച്ചു. വലതു വശത്തിരുന്നവന്‍ ദുബായില്‍ നിന്നും ആയിരുന്നു.

ഇടയ്ക്ക് വെച്ച് ഞങ്ങളുടെ മുന്നിലെ റോയില്‍ ഇരുന്നവരുടെ മോതിരം കാണാതെ പോയി, അത് തിരയുന്ന സമയത്ത് ദുബായിക്കാരന്‍ അവന്‍റെ മൊബൈലിലെ ടോര്‍ച് ഒക്കെ കത്തിച്ച് ഒരുപാട് സഹായിക്കുന്നുണ്ടായിരുന്നു. ​



അവനോട് ​നേരത്തേ ​തോന്നാതിരുന്ന ഒരു മതിപ്പ്‌​ ചെറുതായി ഒന്ന് കൂടി.മോതിരം സീറ്റിന്‍റെ അടിയില്‍ കുടുങ്ങി ഇരിക്കുവായിരുന്നു.​



Monstors University, The Croods, ​Hangover 3, സ്പാനിഷ്‌ മസാല, അന്നയും റസൂലും, Mars Needs Moms, മുഴുവനായും ഭാഗീകമായും ഒരേ ഇരിപ്പില്‍ കണ്ട പടങ്ങള്‍.


JFK യില്‍ എത്തി, നടു നിവരര്‍ത്തി ഇറങ്ങി നടന്നപ്പോ വിസിറ്റര്‍സിന്‍റെ വഴിയില്‍ മാത്രം ക്യൂ. വളരേ പതുക്കെ നീങ്ങി ആദ്യത്തെ വളവ് കഴിഞ്ഞപ്പോഴാണ് അറ്റം കാണാതത്രയും നീളത്തില്‍ ക്യൂ ഉള്ളത് മനസ്സിലായത്‌. ഒന്നര മണിക്കൂര്‍ അവിടെ നിന്ന് അകത്ത് കയറിയപ്പോ വീണ്ടും ക്യൂ. അങ്ങനെ എമിഗ്രേഷന്‍ കഴിഞ്ഞ് പുറത്തെത്തുവാന്‍ രണ്ടര മണിക്കൂര്‍ എടുത്തു.  ഹോട്ടല്‍ അയച്ച കാറ് എന്നെ കാത്ത് മടുത്ത് തിരിച്ചു പോയി. പിന്നെ ​ഒരു ടാക്സി പിടിച്ച് ഇങ്ങ് പോന്നു. ​​