Thursday, April 3, 2014

പോസ്റ്റര്‍ ഒട്ടിക്കല്‍.

തിരിച്ചെത്തുമ്പോ രാത്രി പത്ത് മണിയായിക്കാണും, കാമ്പൈനിംഗ് യാത്രക്കിടയില്‍ ഉടനീളം പറഞ്ഞിട്ടും തീരാത്ത സത്യെട്ടന്‍റെ തമാശകള്‍ വീണ്ടും വീണ്ടും കേട്ട് കൈ വയറില്‍ പിടിച്ച് ചിരിക്കുംബോഴാണ് "കെ കെ" റൂമിലേയ്ക്ക് കടന്നു വന്നത്. 

"ശ്രീരാജേട്ടനെ കാണുന്നില്ലല്ലോ" ഞാന്‍ ചോദിച്ചു.

"അച്യുത്... അത്... ശ്രീരാജും... രമേശ്ഭായിയും... കൂടെ പോസ്റ്റര്‍ ഒട്ടിക്കാന്‍... പോയി... എന്ന് തോന്നുന്നു... " 

അല്ലേലും പാലക്കാട്ടുകാരുടെ ഭാഷ എനിക്ക് പണ്ടേ ഇഷ്ടമല്ല.. ഒരുമാതിരി അച്ചടി ഭാഷ.

എന്നാപിന്നെ രണ്ടു പോസ്റര്‍ ഒട്ടിച്ചുകളയാമെന്ന് കരുതി ഞാന്‍ ശ്രീരാജേട്ടനെ ഫോണ്‍ വിളിച്ചു... 

"ആ അച്ചു...  ഞങ്ങട മൈദ തീര്‍ന്നു, നീ അവിടെ നിക്ക് ഞാന്‍ അഞ്ചു മിനിട്ടില്‍ വന്ന്.." 

അല്ലേലും ഒരു കാര്യം ചെയ്യണം എന്ന് തോന്നി ചെയ്യാന്‍ പറ്റാഞ്ഞാല്‍ ഒരുമാതിരിയാ.

കുറച്ചു കഴിഞ്ഞപ്പോ ശ്രീരാജേട്ടന്‍ സ്കൂട്ടറില്‍ വന്നിറങ്ങി..

"സനൂപുണ്ട് ബേപ്പൂര് ഒട്ടിക്കുന്നു.. അച്ചു വേണേ അവനെ വിളിച്ചു നോക്ക്.."

"പാതി രാത്രി ഞാന്‍ ബേപ്പൂര് പോയി പോസ്റ്റര്‍ ഒട്ടിക്കാനോ.?" എന്‍റെ സംശയം..

അപ്പൊ കെ കെ പറഞ്ഞു.
"ഞാനും... പോസ്റ്റര്‍ ഒട്ടിക്കണം.. എന്ന്... കരുതുകയായിരുന്നു ..."

ഞാന്‍ പിന്നൊന്നും ആലോചിച്ചില്ല.

ശ്രീരാജേട്ടന്‍റെ കാലി ബക്കറ്റും, കൊറേ പോസ്റ്ററും എടുത്ത് കാറിലിട്ട് വരുന്ന വഴിക്ക് രണ്ട് കിലോ മൈദേം വാങ്ങി കെ കെ നേം കൂട്ടി വീട്ടില്‍ പോയി കുളിച്ച്, ചോറ് തിന്ന്, വെള്ളം ചൂടാക്കി, മൈദ കലക്കി, തിരിച്ച് എരഞ്ഞിപ്പാലത്തെത്തി. അപ്പഴെയ്ക്കും പന്ത്രണ്ടു മണി കഴിഞ്ഞു കാണും.

അവിടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ കാലി സ്ഥലവും നോക്കി മുജീബ്‌ തേരാ പാരാ നടക്കുന്നു.
അവനെ വലിച്ച് കാറിലിട്ടു, വണ്ടി മെല്ലെ മുന്നോട്ട് നീക്കിയപ്പോ ഒരു ചെറിയ ഇടവഴിയിലെ മതിലില്‍ മറ്റു പാര്‍ടികളുടെ പോസ്ററുകള്‍ക്കിടയില്‍ ഒരു ചെറിയ ഗ്യാപ്പ്‌..

വണ്ടി നിര്‍ത്തി പോസ്റ്ററും പശേം എടുത്ത് ഓടി മതിലില്‍ പശ തേക്കുന്ന സമയം ഒരു വലിയ കാര്‍, ആവഴി ഞങ്ങളെ കടന്ന് പോയി മുന്നില്‍ നിര്‍ത്തി. ഏന്‍ഡവോര്‍ ആയിരുന്നെന്നു തോന്നുന്നു.

മൂപ്പര്  വണ്ടിയില്‍ നിന്നിറങ്ങി മന്ദം മന്ദം ഞങ്ങടെ അടുത്തേയ്ക്ക് നടന്നു വരുന്നു. ഞാന്‍ അറിഞ്ഞ ഭാവം നടിക്കാതെ മതിലും നോക്കി നിന്നു. അടി പുറം കൊണ്ട് തടുക്കാനായിരുന്നു പ്ലാന്‍..

അപ്പോള്‍ പ്രതീക്ഷിച്ച പോലെ പിറകില്‍ നിന്നും ഒരു ശബ്ദം...

"അതെ... ഞങ്ങട അവിടൊന്നും ആം ആദ്മി പാര്‍ടിടെ  പോസ്റ്റര്‍ കാണുന്നില്ല.. ബാക്കി ഉള്ലോരുടെയോകെ ഉണ്ട്... രണ്ടു പോസ്റര്‍ തന്നാ ഞാന്‍ ഒട്ടിക്കാം.."

"ഹോ... " 
ആദ്യം അടക്കി പിടിച്ചിരുന്ന ശ്വാസത്തെ തുറന്നു വിട്ടു... 

എന്നിട്ട് ..
"രണ്ടാക്കണ്ട അജ്ജെണ്ണം തരാം..." ഓടി കാറില്‍ പോയി നാലഞ്ചു പോസ്റ്റര്‍ എടുത്ത് അദ്ദേഹത്തിന് കൊടുത്തു..

ഷെയ്ക്ക് ഹാന്‍ഡ്‌ ഒക്കെ കൊടുത്ത്, നമ്മളിതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തില്‍ രണ്ടു മിനുട്ട് സംസാരിച്ച്, ഞങ്ങള്‍ വേറെ കാലി സ്ഥലവും തപ്പി യാത്ര തുടര്‍ന്നു...



5 comments:

Unknown said...

നല്ല. ബെസ്റ്റ് കാമ്പയിൻ

chai said...

ഇത്തരീം ധൈര്യം എവിടെ ഒളിപ്പിച്ചു വച്ചിരുന്നെന്റെ അചൂ ...

Unknown said...

ഹ..ഹാ..ചമ്മതിക്കണം...

Sangeeth Nagmurali said...

അടിപൊളി ആന്റി ക്ലൈമാക്സ് !!

Achyuth Balakrishnan said...

Thanks All... :-)