Saturday, August 17, 2013

ഓണ്‍ലൈന്‍ എഴുത്തുകാര്‍ ഒത്തുകൂടി


കോഴിക്കോട്: എഴുതാനുള്ള ആഗ്രഹവും ചിന്തയിലെ ആവേശവുമായി ഓണ്‍ലൈന്‍ എഴുത്തുകാര്‍കോഴിക്കോട്ട് ഒത്തുകൂടി.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നൂറിലേറെപേര്‍ പങ്കെടുത്തു. പ്രവാസികളായ ഇ-എഴുത്തുകാര്‍ സാന്നിധ്യംകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി. ഓണ്‍ലൈനിലൂടെ മാത്രം പരിചയമുള്ളവര്‍ക്ക് നേരിട്ടുകാണാനും കൂട്ടായ്മ അവസരമായി.

 
2011 മുതല്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഓണ്‍ലൈന്‍ എഴുത്തുകാര്‍ ഒത്തുചേരാറുണ്ട്. 'കോഴിക്കോട് ഓണ്‍ലൈന്‍ മീറ്റ്' എന്ന ബ്ലോഗുണ്ടാക്കിയാണ് സംഘാടകര്‍ എഴുത്തുകാരെ ക്ഷണിച്ചത്. ആദ്യമായാണ് കോഴിക്കോട് സംഗമത്തിന് വേദിയാകുന്നതെന്ന് സജീവ ബ്ലോഗറും സംഘാടകരില്‍ ഒരാളുമായ സി. ജിതിന്‍ പറഞ്ഞു. നേരത്തേ ഒത്തുചേര്‍ന്നത് ബ്ലോഗര്‍മാര്‍ മാത്രമായിരുന്നു. പിന്നീട് ഫേസ് ബുക്കിലും ട്വിറ്ററിലും സജീവമായവരെ ചേര്‍ത്ത് കൂട്ടായ്മ അംഗബലം കൂട്ടി. 
ഇറാഖില്‍ ജോലിചെയ്യുന്ന ഇംതിയാസ് അവധി ക്രമീകരിച്ചാണ് സംഗമത്തിനെത്തിയത്. കാസര്‍കോട് സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി ബ്ലോഗില്‍ സജീവമാണ്. പലരേയും ആദ്യമായി നേരിട്ടുകണ്ട സന്തോഷവും ഇംതിയാസിനുണ്ടായിരുന്നു. യാത്ര വെറുതെയായില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ബ്ലോഗറായ സൂനജയുടെ കഥകളുടെ സമാഹാരം പ്രകാശനം ചെയ്തു. നവമാധ്യമങ്ങളെക്കുറിച്ചുള്ള സെമിനാറും ഓണ്‍ലൈനില്‍ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വഴികാട്ടിയായി ശില്‍പ്പശാലയും സംഘടിപ്പിച്ചു.
നേരില്‍കാണുന്നതുവരെ ഓണ്‍ലൈനില്‍ കാണാമെന്ന വാഗ്ദാനം കൈമാറിയാണ് ഇ-എഴുത്തുകാരുടെ കൂട്ടായ്മ പിരിഞ്ഞത്.

http://www.mathrubhumi.com/story.php?id=384207
Posted by Picasa

No comments: