ബസ്സിന് അന്ന് പത്തു പൈസ. അമ്മ ഇരുപതു പൈസ തരും, പത്തുപൈസ അങ്ങോട്ടും, പത്തുപൈസ ഇങ്ങോട്ടും...
സ്കൂള് കഴിഞ്ഞാ തിരിച്ചു വീട്ടില്‍ മിക്കവാറും നടന്നാണ് വരാറ്, അതുകൊണ്ട് ലാഭം കിട്ടുന്ന പത്തുപൈസക്ക് വല്ല അച്ചാറോ, മിഠായിയോ വാങ്ങി വായിലിട്ട് കൂട്ടുകാരുടെ കൂടെ വല്ലവരുടെയും പറമ്പോക്കെ ചാടി കടന്ന് കണ്ട മരങ്ങളൊക്കെ കയറി, പേരക്കയും, മാങ്ങയും, പുളിയുമൊക്കെ എറിഞ്ഞിട്ടും പറിച്ചും തിന്ന്, ഒഴുകുന്ന വെള്ളത്തില്‍ ഇലകളിട്ട് മത്സരം വെച്ച്... അങ്ങനങ്ങനെ സാവധാനം വീടെത്തും.
ശശിയെളയച്ഛന്‍ ഭയങ്കര ഉദാര മനസ്കനാണ്, കുറഞ്ഞത് എന്‍റെ കാര്യത്തില്‍ അങ്ങനാണ്. അങ്ങനോരുദിവസം, ഏതോ ആവിശ്യത്തിന് വേണ്ടി ശശിയെളേച്ഛന്‍ കുറച്ചു കാശുതന്നുവിട്ട്, ബാക്കിവരുന്നത് എന്നോട് എടുത്തോളാന്‍ പറഞ്ഞു.
അതില്‍ അഞ്ചു രൂപ ബാക്കി വന്നു,
സ്കൂള് വിട്ടപ്പോ അത്രേം കാശുവെച്ചു എന്താണ് ചെയ്യണ്ടത് എന്നോര് ഐഡിയയും ഉണ്ടായിരുന്നില്ല.. കൂടെയുണ്ടായിരുന്ന രണ്ടു മൂന്ന് കൂട്ടുകാരേം കൂടി കണ്ണില്‍ കണ്ടതൊക്കെ വാങ്ങി തിന്നു, ഐസ്, പാലൈസ്, ചെത്തയ്യ്സ്, വത്തക്ക വെള്ളം, നാരങ്ങ മുറിച്ചത് ... വയറു വീര്‍ത്തു വീര്‍ത്തു വന്നു എന്നല്ലാതെ കാശ് കുറയുന്നില്ല..
അങ്ങനെ ഇത്രേം കാശും വെച്ച് എന്തുചെയ്യണം എന്നറിയാതെ ത്രിശങ്കു സ്വര്‍ഗത്തില്‍ നില്‍ക്കുമ്പോഴുണ്ട് അപ്പുറത്ത് ജയേട്ടന്‍റെ ഓട്ടോയില്‍ "മിനി" ഇരിക്കുന്നു, എടവലക്കാരിയാണ്, എന്‍റെ സ്കൂളിന്‍റെ ഓപ്പോസിറ്റുള്ള ഫ്രഞ്ച് സ്കൂളില്‍ രണ്ടില്‍ പഠിക്കുന്നു. അവള് വല്ലോം വാങ്ങി കഴിച്ചോട്ടെന്ന് കരുതി കയ്യിലുണ്ടായിരുന്നതില്‍ നിന്ന് അമ്പതു പൈസ എടുത്ത് അവള്‍ക്കും കൊടുത്തു.
എല്ലാം ശുഭം...
കണ്ടവരുടെ പറമ്പിലൊക്കെ കയറി വീട്ടിലെത്തി അടുക്കളയില്‍ ചമ്രം പടിഞ്ഞ് ഇരിക്കുംബോഴുണ്ട് മുന്‍വശത്തുനിന്ന് വിളി ...
"അച്ച്വാട്ടാ ... അച്ച്വാട്ടാ ... "
ഞാന്‍ മുന്നില്‍ പോയി നോക്കി... മിനി...
"ഇതാ പൈസ ..." വലത്തേ കൈ മുന്നോട്ട് നീട്ടികൊണ്ട് അവള് പറഞ്ഞു
"ങേ...?"
"അമ്മ പറഞ്ഞു തിരിച്ച് കൊടുക്കാന്‍ ... "
അങ്ങനെ കാശ് കൊടുക്കുന്നത് കുറ്റകൃത്യമാണോ എന്നതായിരുന്നു ആദ്യം മനസ്സിലൂടെ ഓടിയ സംശയം, പിന്നെ അത് കുറ്റബോധവും ചമ്മലും പേടിയും ഒക്കെ കൂടിയ ഒരു സംഭവമായി പരിണമിച്ചു.
ഒരക്ഷരം മിണ്ടാതെ മരിയാദക്കാരനായി ഞാന്‍ ആ അമ്പത് പൈസ തിരിച്ചു വാങ്ങി...
അതി സാഹസികമായി അത്രയും വികാരങ്ങളെയോക്കെ മനസ്സില്‍ ഒതുക്കി പിടിച്ച് തിരഞ്ഞു നിന്നപ്പോ പിറകില്‍ അമ്മ ...
"എന്തുവാടാ അത്... "
" അത് ... അത്... പൈസ ... "
"പൈസയോ ...?"
"ശശിയെളേച്ഛന്‍ തന്നയാ ... "
"അതെങ്ങനെ അവളടുതെത്തി ...? "
"ഞാന്‍ ഐസ്സ് വാങ്ങാന്‍ കൊടുത്തെ ... "
"ങ്ങും... "
എങ്ങനെയോക്കെയോ ഇത്രയൊക്കെ പറഞ്ഞൊപ്പിച്ചു... പിന്നെ അമ്മ
എന്റമ്മ ആയതോണ്ട് കൂടുതലൊന്നും ചോദിച്ചില്ല...
പക്ഷെ ഓര്‍മയില്‍ അന്ന് ആദ്യമായി വീട്ടിലും, വീട്ടിന്‍റെ പുറത്തും ഞാന്‍ നല്ലസ്സലായി ചമ്മി...
#ചമ്മല്‍
No comments:
Post a Comment