Saturday, April 26, 2014

എപ്സിലോണ്‍

നമ്മൾ ഓരോരുത്തരും അല്ലെങ്കിൽ മിക്കവരും ആഗ്രഹിക്കുന്നത് ജാതി, മതം, വർഗ്ഗം, ഭാഷ, നിറം, സ്ഥലം, സാമ്പത്തികം, ബുദ്ധി, ജോലി, ശാരീരികമായ മറ്റു പ്രത്യേകതകൾ, ചിന്ത, ... തുടങ്ങിയ വിവേചനങ്ങളില്ലാത്ത ഒരു കുട്ടി സമൂഹമാണ്.
പണ്ട് മഹാബലി വാണിരുന്ന സമയത്തെ കേരളം പോലത്തെ ഒരു സ്ഥലവും സമൂഹവും.
മേല്‍പറഞ്ഞ കാര്യങ്ങൾ ഉണ്ടോ ഇല്ലയോ എന്നതല്ല വിഷയം, അതിൽനിന്നും ഉത്ഭവിക്കുന്ന വിവേചനങ്ങളാണ് ഇവിടെ വില്ലൻ

എനിക്കും കൊറോത്തിനും പേരുണ്ട്.
‘നീ കോറോത്ത്‌, ഞാന്‍ അച്ചു‘ എന്ന് പറയുമ്പോ തോന്നുന്ന ലാഘവത്തിൽ കൂടുതലൊന്നും ‘നീ നായർ,  ഞാൻ പുലയൻ‘ എന്ന് പറയുമ്പോഴും തോന്നാത്ത ഒരു സമൂഹം.

അങ്ങനെയൊരു സമൂഹം ഉണ്ടാക്കിയെടുക്കാൻ ഇവിടെ ഒരുപാട് പേർ ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്, സമരങ്ങൾ നടത്തിയിട്ടുണ്ട്. ആ സമരങ്ങളുടെയൊക്കെ ഫലമാണ് ഞാനിന്നിവിടെ കിടന്നിങ്ങനെ ഡയലോഗ് അടിക്കുന്നതിനുള്ള സ്വാതന്ത്ര്യം പോലും.
ചരിത്രം ബോധം, അതുണ്ടെന്ന് അവകാശപ്പെടുന്ന മറ്റു പലരെക്കാളും ഇത്തിരി കുറവായതുകൊണ്ട് കൂടുതൽ പറഞ്ഞ് പണി മേടിക്കുന്നില്ല.

അപ്പൊ ഞാൻ പറയാൻ ശ്രമിക്കുന്നത് ഇന്ന് ഇമ്മാതിരിയുള്ള വിവേച്ചനങ്ങളിൽ എങ്ങനെ കുറവ് വരുത്താം എന്ന ഒരു ചിന്തയാണ്.

൧) ഉള്ള വിവേചനങ്ങൾ ഇല്ലാതാക്കുക.
൨) ഇല്ലാത്ത വിവേചനങ്ങൾ ഉണ്ടാക്കാതിരിക്കുക

ഉള്ളത് ഇല്ലാതാക്കുക ലേശം ബുദ്ധിമുട്ടായതുകൊണ്ട് ആദ്യം ഇല്ലാത്തത് ഉണ്ടാക്കാതിരിക്കാന്‍ എങ്ങനെ ശ്രമിക്കാം എന്ന് നോക്കാം.

എപ്സിലോൺ = മേലെ പറഞ്ഞതിൽ ഏതെങ്കിലും

എപ്സിലോണ്‍ ഒരു അധിക്ഷേപ/വിവേചന വാക്കാണെന്ന് പലർക്കും അറിയാമായിരിക്കും, അവരോടൊപ്പം അത് അറിയാത്ത ചിലരെങ്കിലും ഒരുപക്ഷെ ഇവിടെ ഉണ്ടായിരുന്നിരിക്കാം.


എനിക്ക് എപ്സിലോൺ ഉള്ളത് കൊറോത്തിനോ, കൊറോത്തിനില്ലാത്തത് എനിക്കോ ഒരു പ്രശ്നോം ഉണ്ടാക്കാത്തിടത്തോളം കാലം അല്ലെങ്കില്‍ അതൊരു  പ്രശ്നമല്ലാത്ത സമൂഹത്തിൽ എപ്സിലോണ്‍ വിവേചന അധിക്ഷേപ കാര്യമാണെന്ന് വിളിച്ചു പറയുന്നതിലെ ശരിയെയാണ് ഞാന്‍ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നത്

ഒഴുക്കിനെതിരെ നീന്തുന്നവർ

ഒഴുക്കിനെതിരെ നീന്തുന്നവർ കുറവേ കാണൂ.

ഫുഡ്ബോൾ കളിക്കുന്നവരെ പറ്റി ആലോചിച്ചിട്ടുണ്ടോ, കളിക്കുന്നവർക്ക് ലക്ഷ്യം ഒന്നേ കാണൂ, കളിക്കാർക്ക് കുറ്റം കണ്ടു പിടിക്കാനും പരദൂഷണം പറയാനും, പുറം ചൊറിയാനും, ഒന്നും സമയം കാണില്ല. അതിനൊക്കെ സമയമുണ്ടാവും ഗാലറിയിൽ ഇരുന്ന് കളി വീക്ഷിക്കുന്ന കാണികൾക്ക്, കാണികൾ അലറും, ചീത്ത വിളിക്കും, തെറി പറയും, ബെറ്റ് വെയ്ക്കും, പരദൂഷണം പറയും. കുറ്റം കണ്ടു പിടിക്കും, ഇതെല്ലാം കഴിഞ്ഞ് അവർ വീട്ടിൽ പോയി കിടന്നുറങ്ങും.

കാണികൾ എത്രപേർ എത്ര തലകുത്തിനിന്നാലും കളി ജയിക്കണമെങ്കിൽ ഗ്രൌണ്ടിലുള്ള വിരലിലെണ്ണാവുന്നവർ വിചാരിക്കണം. കാണികൾക്ക് അലറാനേ സാധിക്കൂ.. അവർ അലറട്ടെ.  .

ഗാലറിയിലിരിക്കുന്ന കാണികളുടെ അലർച്ച കളിക്കാരുടെ ലക്ഷ്യത്തെ വിപരീതമായി  ബാധിക്കരുത്

Thursday, April 3, 2014

പോസ്റ്റര്‍ ഒട്ടിക്കല്‍.

തിരിച്ചെത്തുമ്പോ രാത്രി പത്ത് മണിയായിക്കാണും, കാമ്പൈനിംഗ് യാത്രക്കിടയില്‍ ഉടനീളം പറഞ്ഞിട്ടും തീരാത്ത സത്യെട്ടന്‍റെ തമാശകള്‍ വീണ്ടും വീണ്ടും കേട്ട് കൈ വയറില്‍ പിടിച്ച് ചിരിക്കുംബോഴാണ് "കെ കെ" റൂമിലേയ്ക്ക് കടന്നു വന്നത്. 

"ശ്രീരാജേട്ടനെ കാണുന്നില്ലല്ലോ" ഞാന്‍ ചോദിച്ചു.

"അച്യുത്... അത്... ശ്രീരാജും... രമേശ്ഭായിയും... കൂടെ പോസ്റ്റര്‍ ഒട്ടിക്കാന്‍... പോയി... എന്ന് തോന്നുന്നു... " 

അല്ലേലും പാലക്കാട്ടുകാരുടെ ഭാഷ എനിക്ക് പണ്ടേ ഇഷ്ടമല്ല.. ഒരുമാതിരി അച്ചടി ഭാഷ.

എന്നാപിന്നെ രണ്ടു പോസ്റര്‍ ഒട്ടിച്ചുകളയാമെന്ന് കരുതി ഞാന്‍ ശ്രീരാജേട്ടനെ ഫോണ്‍ വിളിച്ചു... 

"ആ അച്ചു...  ഞങ്ങട മൈദ തീര്‍ന്നു, നീ അവിടെ നിക്ക് ഞാന്‍ അഞ്ചു മിനിട്ടില്‍ വന്ന്.." 

അല്ലേലും ഒരു കാര്യം ചെയ്യണം എന്ന് തോന്നി ചെയ്യാന്‍ പറ്റാഞ്ഞാല്‍ ഒരുമാതിരിയാ.

കുറച്ചു കഴിഞ്ഞപ്പോ ശ്രീരാജേട്ടന്‍ സ്കൂട്ടറില്‍ വന്നിറങ്ങി..

"സനൂപുണ്ട് ബേപ്പൂര് ഒട്ടിക്കുന്നു.. അച്ചു വേണേ അവനെ വിളിച്ചു നോക്ക്.."

"പാതി രാത്രി ഞാന്‍ ബേപ്പൂര് പോയി പോസ്റ്റര്‍ ഒട്ടിക്കാനോ.?" എന്‍റെ സംശയം..

അപ്പൊ കെ കെ പറഞ്ഞു.
"ഞാനും... പോസ്റ്റര്‍ ഒട്ടിക്കണം.. എന്ന്... കരുതുകയായിരുന്നു ..."

ഞാന്‍ പിന്നൊന്നും ആലോചിച്ചില്ല.

ശ്രീരാജേട്ടന്‍റെ കാലി ബക്കറ്റും, കൊറേ പോസ്റ്ററും എടുത്ത് കാറിലിട്ട് വരുന്ന വഴിക്ക് രണ്ട് കിലോ മൈദേം വാങ്ങി കെ കെ നേം കൂട്ടി വീട്ടില്‍ പോയി കുളിച്ച്, ചോറ് തിന്ന്, വെള്ളം ചൂടാക്കി, മൈദ കലക്കി, തിരിച്ച് എരഞ്ഞിപ്പാലത്തെത്തി. അപ്പഴെയ്ക്കും പന്ത്രണ്ടു മണി കഴിഞ്ഞു കാണും.

അവിടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ കാലി സ്ഥലവും നോക്കി മുജീബ്‌ തേരാ പാരാ നടക്കുന്നു.
അവനെ വലിച്ച് കാറിലിട്ടു, വണ്ടി മെല്ലെ മുന്നോട്ട് നീക്കിയപ്പോ ഒരു ചെറിയ ഇടവഴിയിലെ മതിലില്‍ മറ്റു പാര്‍ടികളുടെ പോസ്ററുകള്‍ക്കിടയില്‍ ഒരു ചെറിയ ഗ്യാപ്പ്‌..

വണ്ടി നിര്‍ത്തി പോസ്റ്ററും പശേം എടുത്ത് ഓടി മതിലില്‍ പശ തേക്കുന്ന സമയം ഒരു വലിയ കാര്‍, ആവഴി ഞങ്ങളെ കടന്ന് പോയി മുന്നില്‍ നിര്‍ത്തി. ഏന്‍ഡവോര്‍ ആയിരുന്നെന്നു തോന്നുന്നു.

മൂപ്പര്  വണ്ടിയില്‍ നിന്നിറങ്ങി മന്ദം മന്ദം ഞങ്ങടെ അടുത്തേയ്ക്ക് നടന്നു വരുന്നു. ഞാന്‍ അറിഞ്ഞ ഭാവം നടിക്കാതെ മതിലും നോക്കി നിന്നു. അടി പുറം കൊണ്ട് തടുക്കാനായിരുന്നു പ്ലാന്‍..

അപ്പോള്‍ പ്രതീക്ഷിച്ച പോലെ പിറകില്‍ നിന്നും ഒരു ശബ്ദം...

"അതെ... ഞങ്ങട അവിടൊന്നും ആം ആദ്മി പാര്‍ടിടെ  പോസ്റ്റര്‍ കാണുന്നില്ല.. ബാക്കി ഉള്ലോരുടെയോകെ ഉണ്ട്... രണ്ടു പോസ്റര്‍ തന്നാ ഞാന്‍ ഒട്ടിക്കാം.."

"ഹോ... " 
ആദ്യം അടക്കി പിടിച്ചിരുന്ന ശ്വാസത്തെ തുറന്നു വിട്ടു... 

എന്നിട്ട് ..
"രണ്ടാക്കണ്ട അജ്ജെണ്ണം തരാം..." ഓടി കാറില്‍ പോയി നാലഞ്ചു പോസ്റ്റര്‍ എടുത്ത് അദ്ദേഹത്തിന് കൊടുത്തു..

ഷെയ്ക്ക് ഹാന്‍ഡ്‌ ഒക്കെ കൊടുത്ത്, നമ്മളിതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തില്‍ രണ്ടു മിനുട്ട് സംസാരിച്ച്, ഞങ്ങള്‍ വേറെ കാലി സ്ഥലവും തപ്പി യാത്ര തുടര്‍ന്നു...



Wednesday, March 12, 2014

എന്‍റെ നാട്ടിലെ ജാതി


തോട്ടത്തില്‍ വാസുദേവന്‍ 
മമ്പള്ളി പ്രഭാകരന്‍ 
പൊയീല്‍ രാഘവന്‍ 
കുഞ്ഞിപറമ്പത്ത് ശ്രീധരന്‍ 
പുത്തലത്ത് ബാലകൃഷ്ണന്‍ 

ഞാന്‍ ജനിച്ചു വളര്‍ന്ന നാട്ടിലെ എന്‍റെ അച്ഛന്‍റെ തലമുറയില്‍ പെട്ട ചിലരുടെ പേരുകളാണത്. ജാതിയും മതവുമില്ലാത്ത പേരുകള്‍. 

മതിലുകളില്ലാത്ത പറമ്പുകളും എല്ലാവര്‍ക്കും അവകാശപെട്ട മാവുകളും പേരക്കാ മരങ്ങളും കുളവും കിണറും തുമ്പ പ്പൂവുകളും ഒരുപാടുണ്ടായിരുന്നു അവിടെ. ഒരുപാട് കൂട്ടുകാരും ചെട്ടന്മാരും ഒക്കെയുള്ള ഒരു നാട്. അവിടുന്നു മാറി ഇന്ന്  പതിനാറ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലോകത്ത് ഏറ്റവും കൂടുതല്‍ ഞാന്‍ ഇഷ്ടപെടുന്നതും സുരക്ഷിതത്വം തോന്നുന്നതുമായ ഒരു കൊച്ചു സ്ഥലം.
കൃത്യമായി പറഞ്ഞാല്‍, അഴിയൂരില്‍, മാഹി വണ്ടിയാപ്പീസിന്‍റെ പടിഞ്ഞാറ് ഭാഗം.

എനിക്കിങ്ങനെയൊരു ബാല്യകാലം അനുഭവിക്കാന്‍ കഴിഞ്ഞതില്‍ എന്‍റെ അച്ചാച്ഛനും അച്ചാച്ഛന്‍റെ തലമുറയില്‍ അവിടെ ജീവിച്ചുപോന്നവരും വഹിച്ച പങ്ക് ഒരുപാടാണ്. ചെറുപ്പത്തില്‍ കേട്ടുവളര്‍ന്ന പലതും ഒര്‍ക്കുമ്പോള്‍ സ്വാതന്ത്ര്യം കിട്ടാത്ത ഭാരതത്തില്‍ ജനിച്ചുവളര്‍ന്ന ആ തലമുറയോട് വല്ലാത്തൊരു ബഹുമാനമാണ്. ജാതി വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടത്തിന്‍റെ ഒരു ചെറിയ ഭാഗമായി അവരുടെ മക്കള്‍ക്ക്‌ ജാതിപേര് വെയ്ക്കാതിരിക്കാന്‍ അവര്‍ കൂട്ടമായി എടുത്ത തീരുമാനത്തിന്‍റെ ഒരു കുട്ടി ഉദാഹരണം മാത്രമാണ് മുകളിലെ പേരുകള്‍. അവരുടെ മക്കളും ആ പോരാട്ടത്തിന്‍റെ ഭാഗമായിരുന്നു. അതുകൊണ്ട് തന്നെ എന്‍റെ തലമുറയിലുള്ളആര്‍ക്കും അവിടെ പേരില്‍ ജാതിയുടെ അലങ്കാരമില്ല. 

ഇന്നത്തെ സാഹചര്യത്തില്‍ അവിടെ ആരെങ്കിലും ഞാന്‍ "ഇന്നേ ജാതിക്കാരനാണ്" എന്ന് പറഞ്ഞാല്‍, അതിന് വല്ല രീതിയിലും വിലകല്‍പ്പിക്കുന്നവര്‍ ഒരുപക്ഷെ ഉണ്ടാവുകതന്നെയില്ല. ഞാനിന്നേ വീട്ടിലാണ്, എനിക്കിതാണ് ജോലി, ഞാന്‍ ഇത്രയും പഠിച്ചു എന്ന് പറയുമ്പോള്‍ തോന്നുന്ന  തോന്നലുകളെ (വലുതായാലും ചെറുതായാലും) അപേക്ഷിച്ച് ആര്‍ക്കും ഒന്നും തോന്നുകയുമില്ല. 
അവന്‍റെ വീട്ടില്‍ കാറുണ്ട്, എന്‍റെ വീട്ടില്‍ കാറില്ല എന്ന് തോന്നുന്നതിന്‍റെ പത്തയലത്ത് വരില്ല ജാതി വികാരം.

ജാതിയും മതവും മനുഷ്യനുമേലുണ്ടാക്കുന്ന സ്വാധീനം ഞാന്‍ ദൂരെനിന്ന് നോക്കികണ്ടിട്ടുണ്ട്, പത്രങ്ങളിലും ടീവിയിലുമൊക്കെ. അതൊന്നും എന്നെയോ എന്‍റെ ചുട്ടുവട്ടത്തെയോ സ്വാധീനിച്ചിട്ടില്ല. സ്വാധീനിച്ചിട്ടുണ്ട് എന്ന് നിങ്ങള്‍ക്ക് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. നിരസിക്കാന്‍ എനിക്കും. 




Saturday, February 22, 2014

Solving KenKen (or MathDoku) Puzzle Programmatically.


Since for last couple of days, solving KenKen had completely occupied my mind. To find a solution out to solve this game was not an easy task. Here you find the Algorithm I used in order to get the puzzle solved.
My code is a little messed up. 
May be once I clean it, will upload to Git.


Algorithm

Step 01) 
Create an Array (allPossibleValues[]) corresponding to each cell. Assign all the possible values that the Cell can hold in that array (allPossibleValues[]).

Step 02) 
Identify all possible Rules.

Step 03) 
Based on each of the Rules and the allPossibleValues[] Identify and assign the values each cell can hold in another array (allClueValues[]).


Step 04) 
If the array allClueValues[] is not modified, then exit loop.

Step 05) 
Do an intersection on allPossibleValues[] and allClueValues[].

Step 06) 
If the array allPossibleValues[] is not updated, then exit loop.

Step 07)
Loop through the cells to find the Cell containing only one value in allPossibleValues[] array.

Step 08)
Assign corresponding clue value to that Cell (thisCell) and empty allPossibleValues[].

Step 09)
Remove the assigned value from the corresponding Row and Colum of that Cell (remove from allPossibleValues[]).
Step 10)
Go to Step 04.

Step 11)
Go to Step 03.

Step 12)
If there are still unasigned Cells, then use Brute Force or Depth-First Search.

Useful Links: 

Monday, December 2, 2013

ഒരു സാധാരണ ചൈനക്കാരന്‍റെ രാഷ്ട്രീയം.

​തണുപ്പിനെ മാറ്റി നിർത്തിയാൽ വാഷിംഗ്‌ടൺ ഡീസിയും "Virginia's Caverns" ഉം കാണാൻ പോയ ട്രിപ്പ്‌ അടിപൊളിയായിരുന്നു. അതിൽ എടുത്തു പറയാനുള്ളത് രണ്ടു ദിവസം മുഴുവൻ ബസ്സിൽ എന്‍റെ അടുത്തിരുന്ന ചൈനക്കാരൻ പയ്യനുമായുള്ള സംസാരമായിരുന്നു.
ഭക്ഷണ രീതിയും രാഷ്ട്രീയവും ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു.

ബസ്സിലെ ഏറ്റവും പിറകില സീറ്റ്‌ കിട്ടിയത് നന്നായി എന്നെനിക്ക് തോന്നാന്‍ കാരണമായത്‌ നിങ്ങുമായുള്ള സംസാരമായിരുന്നു.

രണ്ടാഴ്ച്ച മുന്നേ നടന്ന ഈ യാത്രയുടെ മങ്ങിയ ഓർമ്മ  കൂടുതൽ മങ്ങുന്നതിനുമുന്നേ  ഇവിടെ എഴുതിയിടാം എന്ന്‍ ഇപ്പൊഴെങ്കിലും  തോന്നിയസ്ഥിതിക്ക് ഇനി നിങ്ങ കഷ്ടപ്പെട്ട് വായിച്ചെ മതിയാവൂ.
Virginia's Caverns 

അപ്പ പറഞ്ഞു വന്നത് ചൈന ഒരു പ്രതിഭാസമാണെന്നാണ്; കഴിഞ്ഞ ഇരുപതു വർഷങ്ങളിൽ ചൈന ഉണ്ടാക്കിയ മുന്നേറ്റം അവിശ്വനീയവും.

അവന്‍റെ ശരിയായ പേര് ഞാൻ മറന്നു. തത്കാലം എളുപ്പത്തിന് ‘നിങ് ‘ (ഹിന്ദിയിലെ ‘ന’) എന്ന് വിളിക്കാം. ഭക്ഷണത്തില്‍ നിന്ന് തുടങ്ങി സംസാരിച്ച് സംസാരിച്ച് ഞങ്ങ കമ്മ്യുണിസത്തിലെത്തി നിന്നു. 
ഇന്ത്യയിൽ കമ്മ്യൂണിസമാണോ ക്യാപ്പിറ്റലിസമാണോ എന്നവൻ ചോദിച്ചു. 
രണ്ടുമല്ലെന്നു ഞാൻ പറഞ്ഞു..  അങ്ങനെയാവാൻ വഴിയില്ല അതുരണ്ടും മാത്രമേ ഈ ലോകതിലുള്ളൂ അതുകൊണ്ട് രണ്ടാലൊന്ന് ആയേ പറ്റൂ  എന്നവൻ.

“അപ്പൊ സോഷ്യലിസൊ?” ഞാന്‍ ചോദിച്ചു 

“അങ്ങനെയൊരു സംഭവം ഇത് വരെ കേട്ടിട്ടില്ലല്ലോ...” എന്ന് അവൻ

മാര്‍ക്സിസത്തെ പറ്റി ചോദിച്ചപ്പോൾ അതും കേട്ടിട്ടില്ല, കമ്മ്യുണിസ്റ്റ്‌ പാർട്ടിയേ അറിയൂ മാർക്സിസ്റ്റ്‌ അറിയില്ലെന്നും, ചൈനയിൽ കമ്മ്യൂണിസവും  ക്യാപിറ്റലിസവും മാത്രമേ പഠിപ്പിക്കുന്നുള്ളൂ എന്നും പറഞ്ഞു.   ഞാൻ മാര്‍ക്സിന്‍റെ പേര് പറഞ്ഞപ്പോൾ അതറിയാം. അതിന്‍റെ കൂടെ ഞാൻ ലെനിന്‍റെയും ചെഗുവേരയുടെയും മാവോ യുടെയും പേര് പറഞ്ഞു. മാവോ എന്ന് പറഞ്ഞപ്പോ അവന്‍റെ മുഖത്ത് നല്ല തെളിച്ചം, എന്നിട്ട് അദ്ദേഹം ചൈനക്കാരന്‍ ആണെന്നും പറഞ്ഞു. എന്നെയും തിരിച്ചു സന്തോഷിപ്പിക്കാൻ വേണ്ടിയാണെന്ന് തോന്നുന്നു, അപ്പൊ തന്നെ അവൻ യൂഎസ്സിൽ മഹാത്മാഗാന്ധിയെ കുറിച്ച് പഠിക്കുന്നുണ്ടെന്ന് പറഞ്ഞു. മിക്കവാറും ഇന്ത്യക്കാർ ഗാന്ധിജിയെ പറ്റി സംസാരിക്കുമ്പോൾ മുഖത്ത് തെളിഞ്ഞു വരുന്ന പുച്ഛം അവന്‍റെ മുഖത്ത് ഉണ്ടായിരുന്നില്ല. ഗാന്ധിജിയെ പറ്റി ഞാൻ കുറച്ചെന്തോക്കെയോ സംസാരിച്ചു. സംസാരത്തിനിടയിൽ ചാൻസ് കിട്ടിയ സ്ഥലത്ത് അന്നാ ഹസാരയെയും അരവിന്ദ്‌ കേജ്രിവാളിനെയും തള്ളി കയറ്റുവേം ചെയ്തു... :-)

ഇന്ത്യയില്‍ നടക്കുന്ന അഴിമതിയെ പറ്റി അവൻ കേട്ടിട്ടുണ്ട്.

ഇത്ര വലിയ സമരം നടന്നിട്ടും ഇന്ത്യയിലെ ഗവൺ‌മെന്‍റ്  ആരെയും പിടിച്ച് കൊന്നില്ല എന്ന് അറിഞ്ഞപ്പോ അവന് അത്ഭുതമായിരുന്നു. 
ചൈനയിൽ പ്രക്ഷോഭങ്ങൾ നടക്കാറില്ല, അവിടെ സർക്കാരിനെ എല്ലാവർക്കും പേടിയാണ്. ആരെങ്കിലും ആളുകളെ കൂടുന്നു, അല്ലെങ്കിൽ ആരുടെയെങ്കിലും അഭിപ്രായത്തിന് (സുമാർ) ആയിരത്തിൽ കൂടുതൽ ജനങ്ങൾ പിന്തുണ നൽകുന്നു  എന്ന് സർക്കാറിനു തോന്നിയാല്‍, പിന്നെ അവനെ കൊല്ലാൻ വരെ മടിയില്ലാത്തതും പലതവണ അങ്ങനെ ചെയ്തിട്ടുള്ളതും ആയ ഒരു സർക്കാരാണ് ചൈനയിലേത്. 

മീഡിയ മുഴുവനായും സർക്കാരിന് അടിമപെട്ടിരിയ്ക്കുന്നു. മീഡിയക്കാരും മനുഷ്യരാണ് അവർക്കും ജീവിയ്ക്കണം.

ഒരു കുടുംബത്തിന് ഒരു കുട്ടി എന്നതിൽ സർക്കാർ ഈ തലമുറയിൽ ഒരു  ചെറിയ അയവു വരുത്തിയിട്ടുണ്ട്. കെട്ടിയ പെണ്ണിനും പയ്യനും സഹോദരങ്ങൾ ഇല്ലെങ്കിൽ അവർക്ക് രണ്ടു കുട്ടികൾ വരെ ആവാം. കുട്ടികളുടെ എണ്ണം, അനുവദിച്ചതിൽ കൂടുതലായാൽ ജീവിതം മുഴുവൻ പണയം വെയ്ക്കേണ്ടി വരുന്നത്രയും ഫൈനാണ്. ഇരട്ട കുട്ടികളുണ്ടായാല്‍  ഫൈന്‍ ഉണ്ടോ എന്ന് ചോദിച്ചപ്പോ, 

"No, Then you are the luckiest person in the world" എന്നായിരുന്നു മറുപടി. 

അങ്ങിനെ സംഭവിച്ചാല്‍ ഉണ്ടാകാവുന്ന സന്തോഷത്തിന്‍റെ ഒരംശം അവന്‍റെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.
Washington, D.C.

എനിയ്ക്കിഷ്ടപ്പെട്ട ഒരു കാര്യം ചൈനയിൽ ഭൂമി മുഴുവനും സർക്കാരിന് അവകാശപെട്ടതാണെന്നതാണ്. ജനങ്ങൾക്ക്‌ 75 മുതല്‍ 100 വർഷം വരെയുള്ള കൈവശാവകാശം മാത്രമേ കിട്ടൂ. റഷ്യയിലെ ആ നിയമം എടുത്തു മാറ്റിയപ്പോൾ സംഭവിച്ച തകർച്ചയെ കുറിച്ചും അവൻ  എടുത്തു പറഞ്ഞു.

ചൈനയിൽ ആരും രാഷ്ട്രീയത്തിൽ അധികം താല്പര്യം കാണിയ്ക്കാറില്ല, കാണിച്ചിട്ടും കാര്യമില്ല. അവിടുത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ ജനങ്ങളുടെ അഭിപ്രായം അറിയുന്നത് സർവ്വേകളിലൂടെയാണ്. ചൈനയിലെ വലിയ സർവ്വേ കമ്പനികളുടെ ഏറ്റവും വലിയ ഉപഭോക്താവ് ചൈനയിലെ സർക്കാരാണ്. ജനങ്ങൾക്ക് അതിലൂടെ അഭിപ്രായം രേഖപ്പെടുത്താം. 
രാഷ്ട്രീയത്തിൽ  ഇടപെട്ടിട്ടുള്ള അറിവല്ല പുസ്തകങ്ങളും നോവലുകളും വായിച്ചുള്ള അറിവ് മാത്രമേ ചൈനാ സർക്കാരിനെ കുറിച്ചുള്ളു എന്നും നിങ് പറയാൻ മറന്നില്ല. 

അവിടെയുള്ള ആവശ്യസാധനങ്ങളുടെ വില നിർണയിയ്ക്കുന്നത് ‘ഡിമാണ്ട് സപ്ലേ കർവ്‘ അല്ല, മറിച്ച് സർക്കാരാണ്. ഉള്ളിക്ക് കിലോ ഇരുപതു രൂപ എന്ന് പറഞ്ഞാൽ ഉള്ളിയ്ക്ക് ഇരുപതു രൂപ, അത്രയെ പാടുള്ളു. അതിൽ പിന്നീട് തിരിച്ചും മറിച്ചും ഒരു ചോദ്യമില്ല. അതെങ്ങനെയാണെന്ന് ഇപ്പോഴും എനിയ്ക്ക് മനസ്സിലായിട്ടില്ലെങ്കിലും, അതാണ്‌ യഥാര്‍ത്ഥ കമ്മ്യൂണിസം എന്ന് തോന്നി.

ഏതോ മന്ത്രിക്കെതിരെ അഴിമതി കാണിച്ചതില്‍ വധശിക്ഷയ്ക്ക് നടപ്പാക്കിയ കാര്യം ചോദിച്ചപ്പോൾ പറഞ്ഞത്, അഴിമതി എന്നത് പുറത്തു പറയുന്ന കാരണമാണ്; പക്ഷേ  സത്യം മിക്കവാറും അതായിരിക്കണം എന്നില്ല എന്നാണ്. ചൈനയില്‍ രണ്ടു ഗ്രൂപ്പുണ്ട്, ചിലപ്പോൾ ഈ ഗ്രൂപ്പുകൾ തമ്മിൽ തർക്കം നടക്കും. അങ്ങനെ സംഭവിച്ചാൽ, ഒരു ഗ്രൂപ്പിന്‍റെ നേതാവിന് ആ അടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും, അത് എപ്പോഴും തർക്കത്തിൽ തോറ്റ ഗ്രൂപ്പിന്‍റെ നേതാവായിരിക്കും. അങ്ങനെയുള്ള  ഒരു തോറ്റ ഗ്രൂപ്പിന്‍റെ നേതാവായിരുന്നു അദ്ദേഹം എന്നാണു നിങ് പറഞ്ഞത്.

നിങിന്‍റെ അഭിപ്രായത്തിൽ ചൈനയില്‍ എൺപത് ശതമാനം മന്ത്രിമാരും അഴിമതിക്കാരാണ്.
​​
അവരുടെ സർക്കാറിന്‍റെ മുകൾതട്ടിലുള്ള പത്തു പേർ വിചാരിച്ചാൽ ചൈനയെ മുഴുവനായി വിറ്റ് അവർക്ക് സ്വന്തം കാശുണ്ടാക്കിക്കൂടെ എന്ന് ചോദിച്ചപ്പോൾ പറഞ്ഞത്, ഒരു പരിധി കഴിഞ്ഞാൽ പിന്നെ കാശിനോടല്ല അധികാരത്തിനോടാണ് ഭ്രമം ഉണ്ടാവുക, അതായിരിക്കാം അഴിമതി ഒരു പരിധിയിൽ കൂടുതൽ വളരാത്തത് എന്നാണ്. പക്ഷെ ആ പത്തുപേർ മാത്രം വിചാരിച്ചാൽ ചൈനയെ മുഴുവനായും വിൽക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. 

അവിടെയുള്ള മന്ത്രിമാർക്ക് അഴിമതി നടത്തി ഉണ്ടാക്കിയ പണം ചൈനയിൽ ചെലവഴിയ്ക്കാൻ  പറ്റാത്തത് കൊണ്ട്, സ്വന്തം കുടുംബത്തെ വിദേശത്തേയ്ക്കയച്ച്, വിദേശത്ത് സ്ഥലവും, വീടും, മുന്തിയ കാറും വാങ്ങി ആഡംബര ജീവിതം നയിയ്ക്കുന്ന പ്രവണത മന്ത്രിമാരിൽ കൂടിവന്നപ്പോൾ ചൈന നിയമം മാറ്റി. വിദേശത്ത് കുടുംബങ്ങൾ ഉള്ളവർ സ്ഥാനങ്ങൾ ഏറ്റെടുക്കാൻ പാടില്ല എന്ന നിയമം കൊണ്ടു വന്നു.

മഹാത്മാഗാന്ധിയെ പറ്റി പറയുന്ന കൂട്ടത്തിൽ എനിക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ കുറിച്ചും അത് കഴിഞ്ഞുള്ള ഇന്ത്യാവിഭജനത്തെ കുറിച്ചും പൊടിയ്ക്ക് പറയേണ്ടി വന്നു. കാശ്മീരിൽ ചൈന അവകാശം ഉന്നയിയ്ക്കുന്നത് നിങിന് അറിയില്ല. ഞാൻ അറിയിയ്ക്കാനും പോയില്ല. ടിബറ്റിനെ പറ്റി അവൻ കേട്ടിട്ടേയില്ല. 

ഇന്ത്യയിൽ ബ്രിട്ടീഷുകാർ വന്നതാവാം ഇംഗ്ലീഷ് പോപ്പുലർ ആവാന്‍ കാരണം എന്ന് പറഞ്ഞപ്പോൾ ചൈനയും ബ്രിട്ടീഷ്‌ കോളനി ആയിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് തമാശ മട്ടിൽ നിങ് പറഞ്ഞു.

ചൈനയില്‍ ഒൻപതാം ക്ലാസ്സുവരെ സൌജന്യ വിദ്യാഭ്യാസമാണ്. സർക്കാർ സ്കൂളുകളാണ് പ്രൈവറ്റ് സ്കൂളുകളേക്കാൾ എല്ലാ രീതിയിലും മെച്ചം.

ബാൾട്ടിമോർ പോർട്ടിലൂടെ തണുപ്പ് സഹിച്ച് ജാക്കറ്റും കെട്ടിപ്പിടിച്ച് നടക്കുന്ന സമയത്ത് നിങിന്‍റെ അച്ഛന് എന്‍റെയും അവന്‍റെയും കൂടെ നിന്നുള്ള ഫോട്ടോ വേണം എന്ന് പറഞ്ഞു. ഞങ്ങളുടെ സംസാരം മുന്നിലെ സീറ്റിലിരുന്ന്  കേട്ടതുകൊണ്ടാകണം, അദ്ദേഹം അങ്ങനെ പറഞ്ഞത്.

ചൈനക്കാരുടെ മുഖത്ത് ഒരു  അരക്ഷിതത്വം ഉള്ളതായി എനിക്ക് എന്നും അനുഭവപെട്ടിരുന്നു. അത് എന്‍റെ തോന്നലുമാത്രമായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്. 


--ശുഭം--

Friday, November 22, 2013

ആപ്പും അച്ചുവും

ആപ്പിനെ സപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ട് എനിക്ക് ഉണ്ടാവുന്ന നേട്ടം നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഉണ്ടാവുന്ന നേട്ടത്തില്‍ നിന്നും ഒട്ടും കൂടുതലല്ല.. 
ഭാരതത്തിലുള്ളവരുടെ നല്ല ഭാവി, കൂടുതല്‍ പുരോഗതി, നല്ല വിദ്യാഭ്യാസം, കൂടുതല്‍ ജീവിത സൌകര്യങ്ങള്‍. എന്നിവ ഓരോ ഇന്ത്യന്‍ പൌരനും കിട്ടാന്‍ പോകുന്നതില്‍ നിന്നും കൂടുതല്‍ ഒന്നും എനിക്കോ, മറ്റ് ആം ആദ്മി പാര്‍ട്ടിയെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കോ കിട്ടാന്‍ പോകുന്നില്ല. ഒരുകാര്യമുണ്ട്, ഭാരതത്തിന്‍റെ പുരോഗതിക്ക് ചെറുതായെങ്കിലും ഭാഗമാവാന്‍ കഴിഞ്ഞു എന്ന കാര്യത്തില്‍ ഓരോ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അഭിമാനം തോന്നിയേക്കാം.

ആം ആദ്മി പാര്‍ട്ടി കാരണം ഭാരതത്തിനോ, ഭാരതത്തിന്‍റെ ജനങ്ങള്‍ക്കോ, ഒരു പുരോഗതിയും ഉണ്ടാവുന്നില്ലെങ്കില്‍, എനിക്കും ഒരു നേട്ടവും ഉണ്ടാവുന്നില്ല. ആപ്പിനു വേണ്ടി ചിലവഴിച്ച എന്‍റെ സമയവും, പ്രയത്നവും ഫലം കണ്ടില്ലെന്നു വരും, അത്ര മാത്രം.

ഈ ​മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കൊണ്ട് തന്നെ, എനിക്ക് ആപ്പിനെ തല കുത്തി നിന്ന് സപ്പോര്‍ട്ട് ചെയ്യണ്ട ആവിശ്യവും ഉദിക്കുന്നില്ല. തെറ്റ് കണ്ടാല്‍ അത് ചൂണ്ടിക്കാട്ടുക എന്‍റെ കര്‍ത്തവ്യവുമാണ്. അപ്പിന്‍റെ തെറ്റുകളെ തലകുത്തി നിന്ന് സപ്പോര്‍ട്ട് ചെയ്തത് കൊണ്ട് എനിക്ക് ഒരു നേട്ടവും ഉണ്ടാവാന്‍ പോവുന്നുമില്ല. 

ഇന് ഞാന്‍ ആപ്പിനെ സപ്പോര്‍ട്ട് ചെയ്യുന്നത്തിന്‍റെ ഒരു പ്രഥാന കാരണം, ആപ്പ് എനിക്ക് തരുന്ന പ്രതീക്ഷ ഒരുപാട് കൂടുതലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ആപ്പിന്‍റെ ഓരോ പ്രവര്‍ത്തനവും ഞാന്‍ നിരീക്ഷിച്ചു പോരുന്നതാണ്. ആപ്പിലെ ഒരു പാട് വ്യക്തികളെ നേരിട്ട് പരിചയപെട്ടിട്ടുണ്ട്, കണ്ടിട്ടുമുണ്ട്, സംസാരിച്ചിട്ടുമുണ്ട്, അതില്‍ അരവിന്ദ്‌ കേജ്രിവലും, പ്രശാന്ത്‌ ഭൂഷനും, ക്രിസ്ടീന സാമിയും, മായാങ്ക് ഗാന്ധിയും,  അജിത്‌ ജായും, മനോജ്‌ പത്മനാഭനും, രതീഷും, ഹാരിയും, നിജിലും അങ്ങനെ ഒരുപാട് പേരുള്‍പെടും.

ഇന്നുവരെ ഞാന്‍ കണ്ടതും കേട്ടതും അനുഭവിച്ചതും വെച്ച്, ആം ആദ്മി പാര്‍ടിയില്‍ വന്നവര്‍ ആരും വ്യക്തിപരമായ​ നേട്ടങ്ങള്‍ ഉദ്ദേശിച്ചു വന്നവരല്ല. അങ്ങനെ വന്നവര്‍ ഉണ്ട്, അവര്‍ക്കൊന്നും ആം ആദ്മി പാര്‍ടിയില്‍ ഏറെക്കാലം നിന്നുപോവാന്‍ സാധിച്ചിട്ടില്ല. സ്വയം ആം ആദ്മി ഫൗണ്ടര്‍ മെമ്പര്‍ ആണെന്നും പറഞ്ഞ് ​പത്രസമ്മേളനം നടത്തിയവര്‍ വരെയുണ്ട്. അവരൊന്നും ഇന്ന് എവിടെയും ഇല്ല. അങ്ങനെ പലരും ഉണ്ടാവുന്നത് സ്വാഭാവികം, അവര്‍ അവരുടെ പരമാവധി നേടാന്‍ ശ്രമിച്ച് ഒന്നും ആവുന്നില്ലെന്ന് കണ്ടാല്‍ നിര്‍ത്തി പോവും. കര്‍ണാടക ഇലക്ഷന് സ്വയം സ്ഥാനാര്‍ഥിയായിക്കോളാം എന്നും പറഞ്ഞ് വന്നവരും ഉണ്ട്.  

​ആപ്പിലുള്ള വരും മനുഷ്യരാണ്, സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങി വന്ന ഗന്ധര്‍വന്‍മാരോ മാലാഖമാരോ അല്ല. എന്നേം നിങ്ങളെയും പോലുള്ള തെറ്റ് പറ്റാവുന്ന സാധാരണ മനുഷ്യരാണ് ആം ആദ്മി പാര്‍ട്ടിയിലും ഉള്ളത്. അതുകൊണ്ട് തന്നെയാണ് ആം ആദ്മി പാര്‍ട്ടി സ്വന്തമായി നയങ്ങള്‍ ഉണ്ടാക്കിയതും, പാര്‍ട്ടിയെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ ആ നയങ്ങള്‍ നിര്‍ബന്തമായും അനുസരിക്കണം എന്നും പറഞ്ഞിട്ടുള്ളതും. അങ്ങനെ നയങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍, മുകളില്‍ പറഞ്ഞ സ്വയം ഫൗണ്ടര്‍ മെമ്പര്‍ എന്ന് വിശേഷിപ്പിച്ചവരും, സ്വയം പാര്‍ട്ടി സ്ഥാനാര്‍ഥിയാവാം  എന്ന് പ്രഖ്യാപിച്ചവരും ആയിരുന്നേനെ ഇന്ന് ആം ആദ്മി പാര്‍ട്ടി ഭരിക്കുന്നത്. നയങ്ങള്‍ അനുസരിക്കാന്‍ കഴിയാത്തവരെ പാര്‍ട്ടി ഒരു രീതിയിലും ഇന്നുവരെ അനുകൂലിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. 

ഏതവസ്ഥയില്‍ ആണെങ്കിലും ഒരു രീതിയിലും ആം ആദ്മി പാര്‍ട്ടി അഴിമതി കാരെ പ്രോഹല്‍സാഹിപ്പിക്കുന്നതല്ല. ഇലക്ഷന് ജയിചില്ലെങ്കില്‍ ജയിച്ചില്ല എന്നേ ഉള്ളൂ. അഴിമതിക്കാരായ ഒരാളെ പോലും പാര്‍ട്ടിയില്‍ വെച്ചുകൊണ്ട് പാര്‍ട്ടി മുന്നോട്ടു പോവുകയില്ല, അതിപ്പോ അരവിന്ദ്‌ കേജ്രിവാള്‍ ആണെങ്കില്‍ പോലും.

അങ്ങനെയല്ല മറിച്ച് എന്ന് സംഭവിക്കുന്നോ, അന്ന് ഞാന്‍ ആം ആദ്മി പാര്‍ടിയില്‍ ഉണ്ടാവില്ല, എന്ന് മാത്രമല്ല, അതിനെതിരെ, ഞാനിന്ന് ആം ആദ്മി പാര്‍ട്ടിയെ എത്ര ശക്തിയോടുകൂടി സപ്പോര്‍ട്ട് ചെയ്യുന്നോ അതിലും കൂടുതല്‍ ശക്തിയോട്കൂടി എതിര്‍ക്കുകയും ചെയ്യും.

ജയ് ഹിന്ദ്‌ 
അച്യുത്