Saturday, July 13, 2019

ഡ്രൈവിംഗ്

മൂന്നിലോ നാലിലോ പഠിക്കുമ്പഴാണ്. അഭിയേട്ടന്റെ സൈക്കിൾ സെൻട്രൽ സ്റ്റാൻഡിൽ ഇട്ട് കയറി ഇരുന്ന് ചവിട്ടി. അത് ഭയങ്കര അച്ചീവ്മെന്റ് ആയിരുന്നു. കാലെത്താൻ പിന്നേം കുറേ കാലമെടുത്തു. അതുവരെ ഉരുട്ടിയും പെഡലിൽ കാലുവെച്ചും ഒക്കെ ഫ്രണ്ട്സിൻറെ അടുത്തുപോയി അവരുടെ ചെറിയ സൈക്കിൾ അഭിയേട്ടൻറെ സൈക്കിലിനു എക്സ്ചേഞ്ച് ചെയ്ത് ഓടിച്ച് കൊള്ളിൽ ഇടിച്ചും, ഉരുണ്ടുവീണും ഒക്കെ സാവധാനം എപ്പഴോ കുഴപ്പമില്ലാതെ ഓടിക്കാൻ തുടങ്ങി.

ഒൻപതിൽ പഠിക്കുമ്പോഴാണ് സ്വന്തമായി സൈക്കൾ കിട്ടുന്നത്, പിന്നെ മിക്കവാറും കറക്കം അതിൽ ആയിരുന്നു.

എട്ടിൽ പഠിക്കുമ്പോ ഒരു കസിൻ്റെ വീട്ടിൽകൂടലിന് അവിടെ സെന്റർ സ്റ്റാൻഡ് ഇട്ടു നിർത്തിയ മോഹനേട്ടൻ്റെ ബുള്ളറ്റിൻ്റെ മുകളിൽ ഞാൻ കയറി ഇരുന്നു. അപ്പഴാണ് കുട്ടേട്ടൻ വന്ന് ക്ലച്ച്, ആക്സിലറേറ്റർ, ബ്രേക്ക്, ഗിയർ ഏതൊക്കെയാണ് എന്നും ഏത് എങ്ങനെ ഉപയോഗിക്കണം എന്നും പറഞ്ഞുതന്നത്.

ഒൻപതിൽ സ്കൂൾ അടച്ചപ്പോ കണ്ണൂർ മഹിജഇളയമ്മയുടെ വീട്ടിൽ താമസയ്‌ക്കാൻ പോയി, അവരുടെ ഏട്ടന് എൻഫീൽഡിൻ്റെ എക്സ്‌പ്ലോറർ ഉണ്ടായിരുന്നു. എന്തൊക്കെയോ സംസാരിച്ചിരുക്കുന്നതിനിടയിൽ അവർ എന്നോട് ബൈക്ക് ഓടിക്കാൻ പറഞ്ഞു. ഞാൻ അതിനു മുതിരില്ല എന്ന വിശ്വാസത്തിൻ്റെ പുറത്ത് പറഞ്ഞതാണ്. ഞാൻ വേഗം പോയി വണ്ടി സ്റ്റാർറ്റാക്കി കുട്ടേട്ടൻ പറഞ്ഞ തിയറി വെച്ച് ഓടിക്കാൻ ശ്രമിച്ചു, ആദ്യത്തെ രണ്ടുമൂന്നു തവണ വണ്ടി ഓഫ് ആയിപ്പോയി (എന്നാണ് ഓർമ) പക്ഷെ അവസാനം വണ്ടി നീങ്ങി. ഞാൻ പിന്നെ രണ്ടു ദിവസം കൊറേ തവണ ആ വണ്ടി വീടിൻ്റെ മുറ്റത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചു. ഓടിക്കുന്നതിനിടെ കോൺഫിഡൻസ് ലേശം കൂടിയപ്പോ ബൈക്ക് ചാടി, ഞാൻ തെങ്ങിൻ്റെ ചോട്ടിലും ബൈക്ക് വേറെ എവിടെയോയും പോയി വീണു. കാല് സൈലൻസറിൽ തട്ടി സൂപ്പറായി പൊള്ളി.

പിന്നേം ചെറുതായിട്ട് അവിടുന്നും ഇവിടുന്നും ഒക്കെ ബൈക് ഓടിക്കാൻ ചാൻസ് കിട്ടിയിട്ടുണ്ട്. ഒരിക്കൽ "സ്‌പ്ലെൻഡർ" വാടകയ്ക്ക് എടുത്ത് ഒരു ദിവസം മുഴുവൻ ഓടിച്ചു.

ആയിടയ്ക്കാണ് അച്ഛൻ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയത്. അന്ന് അച്ഛൻ എറണാകുളത്താണ്. കൂടെ ഒരു കാറും വാങ്ങി Fiat Premier Padmini. ഒരുദിവസം ഞാനും അച്ഛനും തലശ്ശേരിയിൽ നിന്ന് മാഹി വരുന്ന സമയത്ത് ബസ്സിന്റെ ഫ്രണ്ട് ഡോറിന്റെ അടുത്താണ് ഇരുന്നത്. ഞാൻ ഡ്രൈവറെ നോക്കി ഇരിക്കുന്നത് കണ്ടിട്ടായിരിക്കണം അച്ഛൻ ബസ്സിൻറെ താഴെ ഉള്ള പെഡൽ ഏതൊക്കെയാണ് എന്ന് പറഞ്ഞു തന്നത്; "ABC" അതായത് Accelerator, Break, Clutch.

സ്കൂൾ അടയ്ക്കുന്ന സമയത്തു എറണാകുളത്ത് അച്ഛൻ്റെ അടുത്ത് നിൽക്കാൻ പോകും. അച്ഛൻ ബാങ്കിൽ പോയാൽ ഞാൻ ആരും കാണാതെ കാറിൻ്റെ ഡോർ തുറന്ന് അകത്തു കയറി വെറുതെ ക്ലച്ച് ചവിട്ടി ഗിയര് മാറ്റി കളിക്കും. അച്ഛൻ വാങ്ങിയ ഡ്രൈവിംഗ് പഠിക്കാനുള്ള ബുക്ക് വായിച്ചാണ് ഹാഫ് ക്ലച്ച് എന്ന സംഭവങ്ങൾ ഒക്കെ മനസ്സിലായത്.

പതിനെട്ട് വയസ്സ് തികഞ്ഞപ്പോ തന്നെ ലൈസൻസ് എടുക്കാൻ വേണ്ടി മാഹി ഡ്രൈവിംഗ് സ്കൂളിൽ ചേർന്നു. ബാബുവേട്ടൻ (പേര് ഓർമയില്ല) ആണ് മാഷ്. അംബാസിഡർ കാറിൽ നാലുപേരെ ഇരുത്തി ഒരു നാൽപ്പത് മിനുട്ട് റൌണ്ട് ആണ് ഡ്രൈവിംഗ് ക്ലാസ്സ്. ഓരോരുത്തർക്കും ഏകദേശം പത്തു പതിനഞ്ചു മിനുട്ട് കാറ് ഓടിക്കാൻ കിട്ടും. എനിക്ക് ആദ്യത്തെ മൂന്ന് ദിവസം സ്റ്റിയറിങ് പഠിത്തം ആയിരുന്നു. മാഷ് കാർ ഓടിക്കും, ഞാൻ സൈഡിൽ ഇരുന്ന് സ്റ്റിയറിങ് തിരിക്കണം.

പഠിക്കാൻ വന്നവരോടുള്ള മാഷിൻ്റെ പെരുമാറ്റരീതി എനിക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. അനാവശ്യമായി ചീത്ത പറയുക , ഇടയ്ക്കു കൈ വെച്ച് തലയുടെ പിറകിൽ അടിക്കുക. പ്രായമായവരോടും ഇതേ രീതിതന്നെ.

മൂന്നാമത്തെ ദിവസം എന്നോട് കാറ് എടുക്കാൻ പറഞ്ഞു. ഞാൻ കയറി ഇരുന്ന് കാറ് സ്റ്റാർട്ട് ആക്കി ക്ലച്ച് ചവിട്ടി ഫസ്റ്റിൽ ഇട്ട് ആക്സിലറേറ്റർ കൊടുത്തപ്പോൾ വണ്ടി നീങ്ങി. ഞാൻ നേരത്തെ കാർ ഓടിക്കാൻ പഠിച്ചിട്ടുണ്ടോ എന്ന് മാഷ് ചോദിച്ചു. ഞാൻ ഇല്ലാ എന്ന് പറഞ്ഞത് അയാള് വിശ്വസിച്ചില്ല.

രണ്ടാമത്തെ ദിവസം കാറ് ഓടിച്ച് മുക്കാളി ഒന്തം (കയറ്റം) കയറുന്നസമയത്തു കയറ്റം തീരുന്നതിനു ജസ്റ്റ് മുന്നേ ഞാൻ ആക്സിലറേറ്റർ കൂടുതൽ കൊടുത്ത് ഗിയർ രണ്ടിൽ നിന്നും മൂന്നിൽ ഇട്ടു. അപ്പൊ തന്നെ എൻ്റെ തലയ്ക്ക് പിറകിൽ ഒരു അടി. പിന്നെ ഒരു ഡയലോഗും.

"കയറ്റം മുഴുവൻ കയറിയിട്ട് തേർഡിൽ ഇട്ടാ മതി.."

ഞാൻ അയാളെ നോക്കി കണ്ണുരുട്ടി, കാർ സൈഡാക്കി നിർത്തി, ഇറങ്ങി, ബസ്സും പിടിച്ച് തിരിച്ച് വീട്ടിൽ പോന്നു. പിന്നെ ഞാൻ ഡ്രൈവിംഗ് ക്‌ളാസിന് പോയില്ല. ഡ്രൈവിംഗ് സ്കൂൾ ഓണർ ഇടയ്‌ക്കൊക്കെ വീട്ടിൽ വിളിച്ച് വരാൻ പറഞ്ഞിട്ടും ഞാൻ പോയില്ല.

അവസാനം ഒരുദിവസം ഓണർ വിളിച്ച് ഡ്രൈവിംഗ് ടെസ്റ്റ്നു പോവാൻ വേണ്ടി പറഞ്ഞു. ഡ്രൈവിംഗ് സ്‌കൂളിൽ ടെസ്റ്റിന് വെയിറ്റ് ചെയ്യുന്ന സമയത്തു ഓണർ വന്ന് രണ്ടു മൂന്ന് ഉപദേശം ഒക്കെ തന്നു.

"ടെൻഷൻ അടിക്കേണ്ട. കാർ മെല്ലെ ഓടിച്ചാൽ മതി. റിവേഴ്‌സ് എടുക്കുമ്പോ സ്റ്റിയറിംഗ് വളയ്ക്കാതെ നേരെ പിടിച്ച് കാറ് ബേക്കോട്ട് എടുത്താ മതി."

"മെല്ലെന്ന് പറയുമ്പോ തേർഡിൽ ഇട്ട് ഓടിച്ചാ മതിയോ ?"

"മതി."

ഞാനും ആര്ട്ടിയോയും കാറിൻറെ മുന്നിൽ. വേറെ രണ്ട് സ്റ്റുടണ്ടും ഓണറും പിറകിൽ.

ഞാൻ ഒരു മുപ്പതു മുപ്പത്തഞ്ചു സ്പീഡിൽ തേർഡ് ഗിയറിൽ ഇങ്ങനെ ഓടിക്കുന്ന സമയത്ത് പിറകിൽ നിന്ന് ഒരു അശിരീരി..

"സ്പീഡ് കൂട്ട് .. സ്പീഡ് കൂട്ട് "

"ഫോർത്തിൽ ഇടട്ടെ .. ഫോർത്തിൽ ഇടട്ടെ ...?" ഞാനും അശരീരി.

"ആ .. ഇട്ടോ ഇട്ടോ.."

പിന്നെ ഞാൻ സൂപ്പർ ഓടിക്കലായിരുന്നു. അങ്ങനെ കുഞ്ഞിപ്പള്ളി എത്തിയപ്പോ ആർട്ടിയോ വണ്ടി സൈഡിൽ നിർത്തി റിവേഴ്‌സ് എടുക്കാൻ പറഞ്ഞു. ഞാൻ നിർത്തി സ്റ്റിയറിങ് വളയ്ക്കാതെ നേരെ പിടിച്ച് റിവേഴ്സിൽ ഇട്ട് വണ്ടി എടുത്തു. അപ്പൊ തന്നെ ആർട്ടിയോ എന്തൊക്കെയോ തമിഴിൽ അലറാൻ തുടങ്ങി. ഞാൻ കാറ് നിർത്തി തിരിഞ്ഞു നോക്കിയപ്പോ കാറ് കുറ്റികാട്ടിലേക്കാണ് പോവുന്നത്. ഞാൻ പിന്നെ പിറകോട്ട് നോക്കി സ്റ്റീയറിങ് വളച്ച് റിവേഴ്‌സ് കുറച്ചുദൂരം കുറ്റി കാട്ടിൽ കയറാതെ എടുത്ത്, ആർട്ടിയോ പറഞ്ഞപ്പോ നിർത്തി.

തിരിച്ചു വന്നപ്പോ ഓണർ..

"നീ റിവേഴ്‌സ് എടുത്ത് ആർട്ടിയോനെ പേടിപ്പിച്ചു കളഞ്ഞല്ലോ.."

"നിങ്ങളല്ലേ റിവേഴ്‌സ് എടുക്കുമ്പോ സ്റ്റിയറിംഗ് നേരെപിടിച്ചാ മതീന്ന് പറഞ്ഞത് .."

ലൈസൻസ് കിട്ടും എന്ന കാര്യത്തിൽ വലിയ വിശ്വാസമൊന്നും ഇല്ലായിരുന്നു, പക്ഷെ കിട്ടി.

ഗുരുവായൂരപ്പനിൽ ഡിഗ്രിക്ക് പഠിക്കുമ്പഴാണ് ബൈക്ക് റൈഡിങ് ആകെ മൊത്തം ഒന്ന് ശരിയായി വന്നത്. അന്ന് കുറേക്കാലം സ്ഥിരമായി ഒരു ബജാജ് കാലിബറും, പിന്നെ ഒരു യെസ്ഡിയും ഉണ്ടായിരുന്നു.

ഡിഗ്രി തേർഡ് ഇയർ തുടക്കത്തിൽ ആണ് വയനാട് പുല്പള്ളിയിൽ ഒരു കല്യാണത്തിന് പോവേണ്ടതായി വന്നത്. എങ്ങനെ പോവും എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് കൂട്ടത്തിലെ ഒരു ഫ്രണ്ട് ഒരു കാറ് സംഘടിപ്പിക്കാം എന്ന് പറയുന്നത്. അങ്ങനെ കല്യാണത്തിന്റെ തലേ ദിവസം ഉച്ചയ്ക്ക് നമ്മൾ നാലുപേര് കോഴിക്കോട് നിന്ന് മാരുതി 800 ഡിൽ പുറപ്പെടുന്നു. ബാക്കി ഉള്ളതിൽ രണ്ടു പേര് കാറ് മാറിമാറി ഓടിച്ച് താമരശ്ശേരി ചുരത്തിന്റെ ഏകദേശം താഴെ എത്തിയപ്പോ കാറ് എനിക്ക് ഓടിക്കാൻ തന്നു, കാരണം എനിക്ക് മാത്രമേ കൂട്ടത്തിൽ ലൈസൻസ് ഉള്ളൂ. എനിക്ക് ആണെങ്കിൽ പത്തിരുപതു മിനുട്ട് കാറ് ഓടിച്ച എക്സ്പീരിയൻസ് മാത്രമേ ഉള്ളൂ.

അന്ന് താമരശ്ശേരി ചുരത്തിന് ഇന്നത്തതിന്റെ പകുതി വീതിയെ ഉള്ളൂ. ചുരത്തിലെ ഒരു വളവിൽ പോലീസ് വണ്ടി നിർത്താൻ പറഞ്ഞു. എന്താണ് കാരണം എന്ന് ആർക്കും അറീല. എന്ത് ചെയ്യണം എന്നും അറീല. ബുക്കും പേപ്പറും ലൈസൻസും ഒക്കെ ഉള്ള ധൈര്യത്തിൽ ഞാൻ കാറിൽനിന്ന് ഇറങ്ങി റോഡ് ക്രോസ്സ് ചെയ്ത് പോലീസിന്റെ അടുത്തുപോയി എന്താണെന്ന് ചോദിച്ചു. അദ്ദേഹം കാറിൽ പോയി ഇരുന്നോളാനും പറഞ്ഞു. അപ്പഴാണ് അപ്പുറത്തുനിന്നും ഒരു ലോറി സാവധാനം ഇറങ്ങി വരുന്നത്. ഒരു വണ്ടിക്ക് പോവാനുള്ള വീതിയേ റോഡിനുള്ളൂ.

രണ്ട് ആഴ്ചയോളം ആ കാർ നമ്മുടെ കസ്റ്റഡിയിൽ ആയിരുന്നു. അതിൽ നാട് മുഴുവൻ കറങ്ങുകയായിരുന്നു മെയിൻ പരിപാടി. ഒരുദിവസം മൂന്നു തവണയൊക്കെ മാഹി - കോഴിക്കോട് ട്രിപ്പ് അടിച്ചിട്ടുണ്ട്. അങ്ങനെയാണ് കാറോടിക്കുന്നതും ഒന്ന് ശരിയായി വന്നത്.

Wednesday, February 7, 2018

സമരം


ആദ്യമായി സമരം ചെയ്തത് എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയ​ത്തായിരുന്നു.​

ചിദംബരത്ത് NCC ക്യാമ്പ് ആണ് ലൊക്കേഷന്‍. ഞങ്ങള്‍ ​കൊറേ പിള്ളാരും പിന്നെ കുറച്ച് പട്ടാളക്കാരും.
​ ​
മാഹി സ്കൂളിലെ  NCC ക്ക് രണ്ടു പ്രത്യേകതകളുണ്ട്.

1) നേവല്‍ NCC ആയതുകൊണ്ട് വെള്ളയും വെള്ളയും ആണ് യുണിഫോം. ബാകി എല്ലാവര്‍ക്കും കാക്കിയാണ്.

2) പോണ്ടിച്ചേരിയുടെ കീഴിലായതുകൊണ്ട് നടത്തുന്ന ക്യാമ്പ്‌ മുഴുവന്‍ തമിഴ്‌നാട്ടി ലായിരിക്കും.

ഞങ്ങളെ​ സ്കൂളില്‍ നിന്നും ക്യാബ്ബിനു പറഞ്ഞയക്കുന്നത് അത് ട്രെയിനിംഗ് ക്യാമ്പാണ്, സോഷ്യല്‍ സര്‍വീസ് ക്യാമ്പ്‌ അല്ല എന്ന് കള്ളം
​ ​
പറഞ്ഞുകൊണ്ടാണ്. സോഷ്യല്‍ സര്‍വീസ് ക്യാമ്പ്‌ നടന്നാലുള്ള ഗുണം ആ നാട്ടിലെ ജനങ്ങള്‍ക്കാണ്. പുലര്‍ച്ച അഞ്ചു മണിക്ക് എഴുന്നേറ്റ്‌ ദിവസം മുഴുവന്‍ പത്ത് ദിവസവും പുല്ല് വെട്ടി, കുളം വൃത്തിയാക്കി, ഓട കഴുകി, റോഡ്‌ അടിച്ചുവാരി, കക്കൂസ് കഴുകി അങ്ങനെ അങ്ങനെ ഓരോ നിമിഷവും ഒരു യുഗം പോലെ തോന്നിക്കുന്ന പത്ത് ദിവസങ്ങള്‍.

അങ്ങനെയുള്ള എന്‍റെ ആദ്യത്തെ ക്യാമ്പ്‌ ആയിരുന്നു ചിദംബരത്ത്. രാവിലെ പൊങ്കലും ഉച്ചക്ക് ചോറും രസവും വൈകുന്നേരം രണ്ട് ആറോറൂട്ടും പച്ചവെള്ളം പോലത്തെ ചായയും, രാത്രി പിന്നെ രസോം ചോറും​ ആണ് ഭക്ഷണം​. പൊള്ളുന്ന വെയിലത്ത്‌ ലോറിയില്‍ നിന്ന് യാത്ര ചെയ്തും, കിലോമീറ്ററുകള്‍ നട​ന്നും, നാട് വൃത്തിയാക്കി വരുന്ന നമ്മള്‍ക്ക് ഗോതമ്പുണ്ട തന്നാലും ലഡു തിന്നുന്ന രുചിയായിരിക്കും.

അങ്ങനെ ഒരുദിവസം ക്യാമ്പിന്‍റെ ഒത്ത നടുക്ക് ഒരു ബോര്‍ഡ്‌. അതില്‍ രാവിലെയും ഉച്ചയ്ക്കും രാത്രിയിലും പൂരി മസാല, മുട്ട, ഇറച്ചി,​ മീന്‍,​ ​ഐസ് ക്രീം എന്ന ലെവലില്‍ നില്‍ക്കുന്ന വിഭവങ്ങള്‍ എഴുതി വെച്ചിരിക്കുന്നു. ആ ബോര്‍​ഡിന്‍റെ ഉദ്ദേശം ചൊല്ലി നമ്മള്‍ തമ്മില്‍ തര്‍ക്കം തുടങ്ങി. സാറന്മാര്‍ക്ക്‌ കൊടുക്കാനുള്ള വിഭങ്ങളാണ് അത് എന്ന് ചിലരും അങ്ങനെയല്ല അത് നമ്മള്‍ക്ക് കിട്ടാനുള്ളതാനെന്ന്‍ ചിലരും. ആ ചേരി തിരിഞ്ഞുള്ള തര്‍ക്കവും, ദിവസവും മാറി മാറി പ്രത്യക്ഷ പെടുന്ന വിഭവങ്ങളുടെ പേരും നമ്മളില്‍ സങ്കടവും അരിശവും ദേഷ്യവും ഒക്കെ ഉണ്ടാക്കി.

നന്നായൊന്ന് കുളിക്കാനോ കക്കൂസില്‍ പോവാണോ വസ്ത്രം അലക്കാണോ സൗകര്യമില്ലാതെയുള്ള ആ ദിവസങ്ങള്‍ തള്ളി നീക്കുന്നതിന്‍റെ ബുദ്ധിമുട്ട് അനുഭവിച്ചു തന്നെ അറിയണം. 

ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ ചോറിനു നല്ല വൃത്തികെട്ട ഒരു മണം. ആരും കഴിച്ചില്ല മടങ്ങി റൂമില്‍ പോയപ്പോ മണിവണ്ണന്‍ വയറും കൂട്ടിപിടിച്ച്‌ ചുരുണ്ട് കിടക്കുന്നു. മണിവണ്ണന്‍ തമിഴ്നാട്ടിലെ  മറ്റൊരു സ്കൂളില്‍ നിന്നും വന്ന NCC കേഡറ്റ്. മാഹിയും മണിവണ്ണന്‍റെ സ്കൂളും ഒരു ക്ലാസ്സ്റൂമിലെ നിലത്താണ് ബ്ലാങ്കറ്റ് വിരിച്ച് കിടന്നിരുന്നത്.

മണിവണ്ണനോട് ആരോ ചോറ് കഴിച്ചോ എന്ന് ചോദിച്ചപ്പോ കഴിച്ചു എന്ന് പറഞ്ഞു.

"അത് കഴിഞ്ഞാണോ വയറു വേദന വന്നത്​?​"

അതിനും ഉത്തരം അതെ.

പിന്നെ ഒന്നും ആലോചോച്ചില്ല. ചോറ് കഴിച്ച് മണിവണ്ണന് വയറുവേദന. ഓടി നടന്ന് കണ്ടവരോടൊക്കെ ഇത് പറഞ്ഞു പരത്തി. അന്ന് എപ്പഴും അടി കൂടികൊണ്ടിരുന്ന പള്ളൂരും മാഹിയും ഒന്നായി. പള്ളൂരും​,​ മാഹിയും​,​ കാരക്കലും​, പോണ്ടിച്ചേരിയും​,​തമിഴ്നാടും ഭാഷ അറിയാതെ കൈ കോര്‍ത്ത്‌ പിടിച്ച് പരാതിയുമായി ക്യാപ്റ്റന്‍ന്‍റെ അടുത്ത് പോയി. 

ഒരു മുഴുവന്‍  റൂമില്‍ ചാര് കസേരയില്‍ ഇരുന്നു കയ്യില്‍ ഒരു വടിയും കറക്കികൊണ്ട് വട്ടം ചുറ്റുന്ന ക്യാപ്റ്റന്‍. തിരിഞ്ഞു നോക്കിയപ്പോള്‍ മാഹിയും പള്ളൂരും മാത്രം വേറെയാരെയും കാണാനില്ല. മനസ്സിലെ സങ്കടവും ദേഷ്യവും ഞങ്ങളെ തിരിഞ്ഞു നടക്കാന്‍ അനുവദിച്ചില്ല. സാറിനോട് ആര്​ ​സംസാരിക്കും എന്നായി അടുത്ത ചോദ്യം. ഇംഗ്ലീഷ് അറിയുന്ന ആള് വേണം. ആദ്യം പള്ളുരെ ഒരു പയ്യനെ എല്ലാരും കൂടെ ഉന്തിത്തള്ളി വിട്ടു. അവന്‍റെ ഇംഗ്ലീഷ് മാരകമായത് കാരണം ജ്യോതി ഇടയില്‍കയറി സംസാരിച്ചു. പിന്നെ ജ്യോതിക്ക് ഒരു ബലത്തിന് വിട്ടുപോയ വാക്കുകള്‍ ഞാനും പൂരിപ്പിച്ചു കൊടുത്തു. 

അന്നുണ്ടാക്കിയ ചോറ് മണക്കുന്നു എന്ന് പറഞ്ഞപ്പോ അദ്ദേഹവും ആ ചോറാണ് തിന്നത്, ക്യാബിലെ എല്ലാവരും ആ ചോറാണ് കഴിച്ചത് എന്നിട്ട് ആര്‍ക്കും ഒരു പ്രശ്നവും ഇല്ലല്ലോ, മണിവണ്ണന് വേറെ വല്ല കാരണവും കൊണ്ടായിരിക്കും വയറു വേദന എന്ന് ​മറുപടി കിട്ടി. ചോറ് തിന്നത് കൊണ്ടാണ് വയറു വേദന വന്നത് എന്നതിന് തെളിവും ഞങ്ങടെ കയ്യില്‍ ഇല്ലല്ലോ.

അടുത്ത ആവിശ്യം, ഒന്നുകില്‍ ബോര്‍ഡില്‍ എഴുതിയ ഭക്ഷണം നമ്മള്‍ക്ക് കിട്ടണം, അല്ലെങ്കില്‍, നമ്മള്‍ക്ക് തരുന്ന ഭക്ഷണം ബോര്‍ഡില്‍ എഴുതണം എന്നതായിരുന്നു. അതിനു മറുപടിയായി അദ്ദേഹം​ വരവ് ചെലവ് കണക്ക് നിരത്തി. ഒരു ദിവസം ഒരു കുട്ടിക്ക് വേണ്ടി കിട്ടുന്നത് 13 രൂപയാണ്, അതില്‍ വിറകിന് ഇത്ര, ജോലിക്കാര്‍ക്ക് ഇത്ര, അരിക്കിത്ര, പച്ചക്കറിക്ക് ഇത്ര. എല്ലാം കൂടി അവസാനം 13 രൂപയില്‍ ബാക്കി വന്നത് ഒരു രൂപ. ആ ഒരു രൂപ കൂട്ടി വെച്ച് അവസാന ദിവസം എല്ലാവര്‍ക്കും ഐസ്ക്രീം തരാന്‍ ആണ് പ്ലാന്‍ എന്നും. നമ്മള്‍ക്ക് ഐസ്ക്രീം ഒന്നും വേണ്ട, മരിയാതക്കുള്ള ഭക്ഷണം കിട്ടിയാല്‍ മതി എന്നൊക്കെ പറഞ്ഞു നോക്കി. ആര് കേള്‍ക്കാന്‍. ഇതിന് ഒരു തീരുമാനം ആവാതെ നമ്മളാരും ഇനി ഫോളിന്‍ ചെയ്യില്ല എന്നും പറഞ്ഞ് സങ്കടപെട്ട് തിരിച്ചു പോയി. 

പിറ്റേ ദിവസം മാഹിയില്‍ നിന്നുള്ള ആരും ഫോളിന്‍ ചെയ്യാന്‍ പോയില്ല. റൂമില്‍ തന്നെ
​ കട്ടയ്ക്ക് 
ഇരുന്നു. ആറുമണി ആയിക്കാണും, രണ്ടു പട്ടാളക്കാര് നീളമുള്ള ചൂരലും പിടിച്ച് ഓടി റൂമില്‍ വന്ന് ചറ പറ അടി. മരിയാതക്ക് പത്തു മിനുട്ടില്‍ ഫോളിന്‍ ചെയ്തില്ലെങ്കില്‍ കിട്ടുന്ന പണിഷ്മെന്റിന് കയ്യും കണക്കും ഉണ്ടാവില്ലാ എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പോവുവേം ചെയ്ത്. 

നമ്മള്‍ എല്ലാരും മിണ്ടാതെ തലയണയാക്കി വെച്ച ചളി പുരണ്ട വെള്ള ഷര്‍ട്ടും ട്രൌസറും എടുത്തിട്ട്​ ബൂട്ടും കെട്ടി പോയി മറ്റുള്ളവരുടെ കൂടെ ലൈനില്‍ നിന്നു.

​​

മുണ്ട്

ഒരു ഇരുപതു കൊല്ലം മുന്നേ അച്ഛന്‍ന്‍ എറണാകുളത്ത് ഉണ്ടായിരുന്ന സമയത്ത് വെക്കെഷനോക്കെ മാഹിയില്‍ നിന്നും അവിടെ താമസിക്കാന്‍ പോകുമായിരുന്നു. 
ഒരു ദിവസം ഞങ്ങടെ വീടിന്‍റെ ഒരു മതില്‍ അപ്പുറത്തുള്ള വീട്ടില്‍ ആരോ മരിച്ചു. അവിടെ വന്നവരില്‍ ചിലര്‍ പാന്‍റ്സ്സ് ധരിച്ചായിരുന്നു വന്നത്. 
എന്‍റെ ഒരു കസിന്‍ ചേട്ടനും വേറൊരു ചേട്ടനും ഞങ്ങടെ വീട്ടിലിരുന്ന് പാന്‍റ്സ്സ് ധരിച്ചു വന്നവരുടെ ഔചിത്യ ബോധത്തില്‍ മനംനൊന്ത് ഭയങ്കര ചര്‍ച്ചയായിരുന്നു. 

"നാട്ടിലായിരുന്നെകില്‍ പാന്‍റ്സ്സ് ധരിച്ച് ഒരുത്തന്‍ മരിച്ച വീട്ടില്‍ പോയാല്‍ അവന് അടി കിട്ടും" എന്നോകെ പറഞ്ഞതിന് മറ്റെയാലും ഉദാഹരണങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് പൂര്‍ണ്ണ പിന്തുണ നല്‍കി.
 
എനിക്കന്ന്‍ മുണ്ടുടുത്ത് വലിയ ശീലമൊന്നും ഇല്ല, ഒരിക്കലും മരണ വീട്ടില്‍ പോവാതെയിരിക്കേണ്ടി വരുമല്ലോ എന്നൊക്കെ ആലോചിച്ച് ഞാനും വിഷമിച്ചു. 

​ഇന്നിപ്പോ സാധാരണഗതിയില്‍ നഗരങ്ങളിലോക്കെ മുണ്ട് ഉടുത്ത് കാണുന്നത് ആഘോഷ ദിവസങ്ങളിലാണ്, ഓണം, വിഷു, കല്യാണം ഒക്കെ. 

ഇന്നിപ്പോ മുണ്ടുടുത്ത് മരണ വീട്ടില്‍ ചെന്നാലായിരിക്കും അടി കിട്ടുക.

Wednesday, May 4, 2016

ണ്ട

ഇന്നലെ ഓഫീസിലെ ഒരു കൊച്ച് എന്നോടു മലയാളം പഠിപ്പിച്ച് കൊടുക്കാവോന്ന്‍ ചോദിച്ചു. അവള്‍ ബോണ്‍ ആന്‍ഡ്‌ ബോട്ടപ്പ് നോര്‍ത്തിലാണ്. അക്ഷരങ്ങളൊക്കെ അറിയാം. മലയാളം പറയുന്നും ഉണ്ട്. പക്ഷെ വായിക്കാന്‍ അത്ര ഫ്ലുവന്റ് അല്ല.

ഞാന്‍ വേം എന്‍റെ ബ്ലോഗിന്‍റെ ലിങ്ക് അയച്ചു കൊടുത്തിട്ട് പറഞ്ഞു മലയാളം വായിച്ചു പഠിക്കാന്‍ ഇതിലും നല്ല വേറൊരു സംഭവവും ഇല്ലാന്ന്‍. 

കഴുത്തിന് കുത്തിപിടിച്ചിട്ടാണെങ്കിലും ആരെകൊണ്ടെങ്കിലുമൊക്കെ ബ്ലോഗ്‌ വായിപ്പിക്കുന്നത് ഒരു സുഖാ..

അങ്ങനെ ബ്ലോഗിന്‍റെ പേര് (അച്ചുതണ്ട്) വായിക്കുമ്പോ അതിലെ അവസാന അക്ഷരം അവക്കറീല.

"ണ്ട" ഏതോ കൂട്ടക്ഷരം ആണെന്ന് അവള്‍.
അല്ല ഇത് കൂട്ടാത്ത അക്ഷരമാണ് എന്ന് ഞാനും.

അങ്ങനെ ഫുള്‍ തര്‍ക്കം അടി പിടി.

അവസാനം അക്ഷരമാല എടുത്തു നോക്കിയപ്പോ അതില് "ണ്ട" യില്ല.. :-O

ഇനിയിപ്പോ... മുന്നേ ഉണ്ടായിരുന്നു, പുതുക്കിയ അക്ഷരമാലയില്‍ നിന്നും "ണ്ട"യെ എടുത്ത് മാറ്റിയതാന്നു പറഞ്ഞു നോക്കിയാലോ.. .


Saturday, December 20, 2014

ദീഗോ ഗാര്‍സ്യ

2000 ത്തോളം പേര് വസിച്ചിരുന്ന വളരെ സുന്ദരമായ ഒരു കൊച്ചു ദ്വീപായിരുന്നു ദീഗോ ഗാര്‍സ്യ. ഇന്നത്‌ അമേരിക്കയുടെ സൈനികത്താവളമാണ്.

ഉണ്ടായിരുന്ന ജനങ്ങളെ മുഴുവന്‍ ബലമായി മറ്റൊരിടതെയ്ക്ക് വലിച്ചെറിഞ്ഞു കൊണ്ടാണ് ബ്രിട്ടന്‍ അമേരിക്കയ്ക്ക് ഈ സൗകര്യം ഒരുക്കികൊടുത്തത്. പകരം കിട്ടിയത് വെള്ളത്തില്‍ നിന്നും തൊടുത്തു വിടുന്ന മിസൈലുകള്‍ കുറഞ്ഞ വിലയ്ക്ക്.
http://goo.gl/3bzSvt

ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ബോംബുകള്‍ വര്‍ഷിച്ചത് ഇവിടെ നിന്നും പറന്നുയര്‍ന്ന യുദ്ധ വിമാനങ്ങളായിരുന്നു. മലേഷ്യന്‍ വിമാനം #MH370 അപ്രത്യക്ഷമായതും ഒരുപക്ഷെ ഇതിനടുത്ത് വെച്ചു തന്നെ.
http://goo.gl/1g6rKe

MH370 അപ്രത്യക്ഷമായത്തിന്‍റെ നാലാം ദിവസം അഞ്ചു പേര്‍ക്ക് 'Freescale Semiconductors' പേറ്റന്റ്റ് കിട്ടി. അതില്‍ നാലുപേരും MH370 യില്‍ അപ്രത്യക്ഷമായവര്‍. ഇന്ന് ആ പേറ്റന്റിന്‍റെ ഒരെയോരവകാശി അമേരിക്കക്കാരനായ Jacob Rothschild.

The US technological company, Freescale Semiconductor,  who shared its rights with Rothschild, had twenty senior members on board who had just launched a new electronic warfare gadget for military radar system’s the day before the plane went missing. http://goo.gl/mgjRUh

Photo Courtesy: WiKi

#DiegoGarcia

Wednesday, December 17, 2014

Connecting to VPN using Airtel 4G Dongle

Recently bought a new Airtel 4G with super-fast speed. But the problem started when i tried to connect to the Cisco VPN for working from home. VPN did show as connected but was not able access anything over the office network.
Like any other person I started by Googling, but with little help.
Then while exploring the Airtel dongle connection options found the options, RAS and NDIS. Just selected NDIS, reconnect the dongle and Hurry...!!! My VPN worked.

The option to choose NDIS will be enabled only after you disconnect the connection.

Check out the difference between NDIS and RAS here : http://www.ehow.com/info_10068813_ras-ndis.html

Friday, December 5, 2014

ഓര്‍മയിലെ ആദ്യത്തെ ചമ്മല്‍


ബസ്സിന് അന്ന് പത്തു പൈസ. അമ്മ ഇരുപതു പൈസ തരും, പത്തുപൈസ അങ്ങോട്ടും, പത്തുപൈസ ഇങ്ങോട്ടും...
സ്കൂള് കഴിഞ്ഞാ തിരിച്ചു വീട്ടില്‍ മിക്കവാറും നടന്നാണ് വരാറ്, അതുകൊണ്ട് ലാഭം കിട്ടുന്ന പത്തുപൈസക്ക് വല്ല അച്ചാറോ, മിഠായിയോ വാങ്ങി ​വായിലിട്ട് കൂട്ടുകാരുടെ കൂടെ വല്ലവരുടെയും പറമ്പോക്കെ ചാടി കടന്ന് കണ്ട മരങ്ങളൊക്കെ കയറി, പേരക്കയും, മാങ്ങയും, പുളിയുമൊക്കെ എറിഞ്ഞിട്ടും പറിച്ചും തിന്ന്, ഒഴുകുന്ന വെള്ളത്തില്‍ ഇലകളിട്ട് മത്സരം വെച്ച്... അങ്ങനങ്ങനെ സാവധാനം വീടെത്തും.

ശശിയെളയച്ഛന്‍ ഭയങ്കര ഉദാര മനസ്കനാണ്, കുറഞ്ഞത്‌ എന്‍റെ കാര്യത്തില്‍ അങ്ങനാണ്. അങ്ങനോരുദിവസം, ഏതോ ആവിശ്യത്തിന് വേണ്ടി ശശിയെളേച്ഛന്‍ കുറച്ചു കാശുതന്നുവിട്ട്, ബാക്കിവരുന്നത് എന്നോട് എടുത്തോളാന്‍ പറഞ്ഞു.
അതില്‍ അഞ്ചു രൂപ ബാക്കി വന്നു,

സ്കൂള് വിട്ടപ്പോ അത്രേം കാശുവെച്ചു എന്താണ് ചെയ്യണ്ടത് എന്നോര് ഐഡിയയും ഉണ്ടായിരുന്നില്ല.. കൂടെയുണ്ടായിരുന്ന രണ്ടു മൂന്ന് കൂട്ടുകാരേം കൂടി കണ്ണില്‍ കണ്ടതൊക്കെ വാങ്ങി തിന്നു, ഐസ്, പാലൈസ്, ചെത്തയ്യ്സ്, വത്തക്ക വെള്ളം, നാരങ്ങ മുറിച്ചത് ... വയറു വീര്‍ത്തു വീര്‍ത്തു വന്നു എന്നല്ലാതെ കാശ് കുറയുന്നില്ല..

അങ്ങനെ ഇത്രേം കാശും വെച്ച് എന്തുചെയ്യണം എന്നറിയാതെ ത്രിശങ്കു സ്വര്‍ഗത്തില്‍ നില്‍ക്കുമ്പോഴുണ്ട് അപ്പുറത്ത് ജയേട്ടന്‍റെ ഓട്ടോയില്‍ "മിനി" ഇരിക്കുന്നു, എടവലക്കാരിയാണ്, എന്‍റെ സ്കൂളിന്‍റെ ഓപ്പോസിറ്റുള്ള ഫ്രഞ്ച് സ്കൂളില്‍ രണ്ടില്‍ പഠിക്കുന്നു. അവള് വല്ലോം വാങ്ങി കഴിച്ചോട്ടെന്ന് കരുതി കയ്യിലുണ്ടായിരുന്നതില്‍ നിന്ന് അമ്പതു പൈസ എടുത്ത് അവള്‍ക്കും കൊടുത്തു.

എല്ലാം ശുഭം...

കണ്ടവരുടെ പറമ്പിലൊക്കെ കയറി വീട്ടിലെത്തി അടുക്കളയില്‍ ചമ്രം പടിഞ്ഞ്‌ ഇരിക്കുംബോഴുണ്ട്‌ മുന്‍വശത്തുനിന്ന് വിളി ...

"അച്ച്വാട്ടാ ... അച്ച്വാട്ടാ ... "

ഞാന്‍ മുന്നില്‍ പോയി നോക്കി... മിനി...

"ഇതാ പൈസ ..." വലത്തേ കൈ മുന്നോട്ട് നീട്ടികൊണ്ട് അവള് പറഞ്ഞു

"ങേ...?"

"അമ്മ പറഞ്ഞു തിരിച്ച് കൊടുക്കാന്‍ ... "

അങ്ങനെ കാശ് കൊടുക്കുന്നത് കുറ്റകൃത്യമാണോ എന്നതായിരുന്നു ആദ്യം മനസ്സിലൂടെ ഓടിയ സംശയം, പിന്നെ അത് കുറ്റബോധവും ചമ്മലും പേടിയും ഒക്കെ കൂടിയ ഒരു സംഭവമായി പരിണമിച്ചു.

ഒരക്ഷരം മിണ്ടാതെ മരിയാദക്കാരനായി ഞാന്‍ ആ അമ്പത് പൈസ തിരിച്ചു വാങ്ങി...

അതി സാഹസികമായി അത്രയും വികാരങ്ങളെയോക്കെ മനസ്സില്‍ ഒതുക്കി പിടിച്ച് തിരഞ്ഞു നിന്നപ്പോ പിറകില്‍ അമ്മ ...

"എന്തുവാടാ അത്... "

" അത് ... അത്... പൈസ ... "

"പൈസയോ ...?"

"ശശിയെളേച്ഛന്‍ തന്നയാ ... "

"അതെങ്ങനെ അവളടുതെത്തി ...? "

"ഞാന്‍ ഐസ്സ് വാങ്ങാന്‍ കൊടുത്തെ ... "

"ങ്ങും... "

എങ്ങനെയോക്കെയോ ഇത്രയൊക്കെ പറഞ്ഞൊപ്പിച്ചു... പിന്നെ അമ്മ
എന്റമ്മ ആയതോണ്ട് കൂടുതലൊന്നും ചോദിച്ചില്ല...

പക്ഷെ ഓര്‍മയില്‍ അന്ന് ആദ്യമായി വീട്ടിലും, വീട്ടിന്‍റെ പുറത്തും ഞാന്‍ നല്ലസ്സലായി ചമ്മി...

#ചമ്മല്‍