ഇന്നലെ കുളിം തെവാരോം ചായ കുടീം കഴിഞ്ഞ് ആ കൊട്ട് എടുത്ത് മെല്ലെ മടക്കി ചുരുട്ടി ഒരു കവറിലിട്ട് വീട്ടിന്ന് ഇറങ്ങി.
ബസ് സ്റ്റോപ്പില്‍ എത്താറായപ്പോ അതാ ബസ്സ് വളവും തിരിഞ്ഞു വരുന്നു. കയറാനുണ്ട് എന്ന് കൈ കൊണ്ട് ആന്ഗ്യം കാട്ടി ഞാന്‍ സ്റൊപ്പിലേക്ക് ഓടി. ബസ്സ് എന്നേം ഓവര്‍ടേക്ക് ചെയ്ത് സ്റ്റോപ്പില്‍ കൊണ്ടുപോയി നിര്‍ത്തി എന്നേം എന്നേം കാത്ത് നിന്നു. ചാടി ബസ്സില്‍ കയറി "മേര്സി" ന്ന് ഡ്രൈവറെ നോക്കി പറഞ്ഞു. ഡ്രൈവര്‍ പുഞ്ചിരിയോട് കൂടി തിരിച്ചു എന്തോ പറഞ്ഞു, എനിക്ക് മനസ്സിലായില്ല.
ബസ്സ് പെട്ടന്ന് കിട്ടിയ സന്തോഷത്തില്‍ നേരെ പ്പോയി പിറകിലെ സീറ്റില്‍ ഇരുന്നു, അപ്പൊ വല്ലാത്ത ഒരു മണം, നായിന്റെ മണം. ആ സീറ്റിന്റെ കുഴപ്പമാണോ എന്ന് കരുതി ബസ്സിന്റെ മുന്നില്‍ വന്ന് ഇരുന്നു. അപ്പോഴും അതെ മണം. ഇനി ഇപ്പൊ തലവേദന എടുക്കുമോന്നു എന്ന പേടിയായി. അപ്പോഴാണ് ശ്രദ്ധിച്ചത്, എന്റെ വലതു ഭാഗത്ത് ഇരിക്കുന്ന സ്ത്രീയുടെ മടിയില്‍ ഒരു നായ. അത് അവരുടെ കൈ നക്കി നക്കി വെളുപ്പിക്കുന്നു. നീണ്ട തിളങ്ങുന്ന ബ്രൌണ്‍ ഗോള്ടെന്‍ കളര്‍ രോമങ്ങള്‍ ഉള്ള ഒരു ക്യൂട്ട് നായി.
ആ സ്ത്രീയോട് "യുവര്‍ ഡോഗ് സ്ടിന്‍ഗ്സ്" എന്ന് പറഞ്ഞാലോ എന്ന് കരുതി. ഇനിയിപ്പോ അതിനെ തന്നെ യാണോ നാറുന്നത് എന്ന് അറിയാന്‍ എന്ത് ചെയ്യും. നിങ്ങളുടെ നായയെ ഞാന്‍ ഒന്ന് മണപ്പിച്ചു നോക്കിക്കോട്ടേ എന്ന് ചോദിക്കാന്‍ പറ്റുമോ? ഇനിയിപ്പോ മണപ്പിച്ചോ എന്നും പറഞ്ഞു നീട്ടി തന്നാ ഞാന്‍ മണക്കുന്നത് മോശമല്ലേ. ഇതീന്ന് ഇറങ്ങിയാ അടുത്ത ബസ്സ് വരണേ അരമണിക്കൂര്‍ എങ്കിലും കഴിയും.
ഇങ്ങനെ പലതും ആലോചിച്ച് തലവേദന വരരുതേ എന്ന് പ്രാര്‍ത്ഥിച്ചു ഇടയ്ക്കിടയ്ക്ക് പട്ടിയെയും നോക്കി ഞാന്‍ ഇരുന്നു. അത് അതിന്റെ നക്കി വെളുപ്പിക്കലില്‍ നിന്ന് ബ്രേക്ക് എടുത്ത് എന്റെ മുഖതേക്ക് നോക്കി. ഞാന്‍ അതിന്റെ മുഖത്ത് നോക്കി ചിരിച്ചു, എന്റെ മര്യാദ, അതിന് ഭാവമാറ്റമില്ല, ഒന്നുടെ ഞാന്‍ സൂക്ഷിച്ചു നോക്കിയപ്പോ മനസ്സിലായി അത് പുറതേക്കാന് നോക്കുന്നത് എന്ന്, ഞാന്‍ തെറ്റിദ്ധരിച്ചു, കോങ്കണ്ണന്‍ നായ.
'ജുദേബാല്‍' എത്തി ഞാന്‍ ഇറങ്ങി. മഴ ചാറുന്നുണ്ടായിരുന്നു. ഈ സംഭവം ചുരുട്ടി കവറിലിട്ട് തൂക്കി പിടിച്ചിരുന്നത് കൊണ്ട് കുട എടുത്തിരുന്നില്ല. നേരെനടന്ന് ആ കടയില്‍ ചെന്നു എന്നെ കണ്ടപാടെ കടക്കാരന്റെ മുഖത്ത് ഒരു സംശയ ഭാവം. ഞാന്‍ നല്ല പുഞ്ചിരിയോടുകൂടി അദ്ദേഹത്തിന്റെ അടുത്ത് പോയി. "ഈ ജാകെറ്റ് ഒന്ന് എക്സ്ചേഞ്ച് ചെയ്തു എടുക്കാവോ, കഴിഞ്ഞ ഞായറാഴ്ച ഇവിടുന്ന് വാങ്ങിച്ചതായിരുന്നു" എന്ന് പറഞ്ഞു. അദ്ദേഹം ഒന്നുംമിണ്ടാതെ വേഗം അവിടെ ഉണ്ടായിരുന്ന വേറെ കുറെ ജാകെട്സ് എടുത്തു മുന്നില്‍ വെച്ചുതന്നു. ഞാന്‍ ഒരണ്ണം എടുത്ത് ഇട്ടുനോക്കി, വലുപ്പ കൂടുതല്‍ തോന്നുന്നുണ്ടോ എന്നും ചോദിച്ച് വേഗം അദ്ദേഹം ഒരു കണ്ണാടിയും ആയി വന്നു. ഞാന്‍ വേറെയും രണ്ടുമൂന്നെണ്ണം നോക്കി ഒരണ്ണം എടുത്ത് അത് മതി എന്ന് പറഞ്ഞു. അദ്ദേഹം സസന്തോഷം തലയാട്ടി. താങ്കസ് പറഞ്ഞ് ഞാന്‍ അവിടുന്ന് ഇറങ്ങി.
മഴ അപ്പോഴും ചാറുന്നുണ്ടായിരുന്നു.
No comments:
Post a Comment