Monday, December 2, 2013

ഒരു സാധാരണ ചൈനക്കാരന്‍റെ രാഷ്ട്രീയം.

​തണുപ്പിനെ മാറ്റി നിർത്തിയാൽ വാഷിംഗ്‌ടൺ ഡീസിയും "Virginia's Caverns" ഉം കാണാൻ പോയ ട്രിപ്പ്‌ അടിപൊളിയായിരുന്നു. അതിൽ എടുത്തു പറയാനുള്ളത് രണ്ടു ദിവസം മുഴുവൻ ബസ്സിൽ എന്‍റെ അടുത്തിരുന്ന ചൈനക്കാരൻ പയ്യനുമായുള്ള സംസാരമായിരുന്നു.
ഭക്ഷണ രീതിയും രാഷ്ട്രീയവും ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു.

ബസ്സിലെ ഏറ്റവും പിറകില സീറ്റ്‌ കിട്ടിയത് നന്നായി എന്നെനിക്ക് തോന്നാന്‍ കാരണമായത്‌ നിങ്ങുമായുള്ള സംസാരമായിരുന്നു.

രണ്ടാഴ്ച്ച മുന്നേ നടന്ന ഈ യാത്രയുടെ മങ്ങിയ ഓർമ്മ  കൂടുതൽ മങ്ങുന്നതിനുമുന്നേ  ഇവിടെ എഴുതിയിടാം എന്ന്‍ ഇപ്പൊഴെങ്കിലും  തോന്നിയസ്ഥിതിക്ക് ഇനി നിങ്ങ കഷ്ടപ്പെട്ട് വായിച്ചെ മതിയാവൂ.
Virginia's Caverns 

അപ്പ പറഞ്ഞു വന്നത് ചൈന ഒരു പ്രതിഭാസമാണെന്നാണ്; കഴിഞ്ഞ ഇരുപതു വർഷങ്ങളിൽ ചൈന ഉണ്ടാക്കിയ മുന്നേറ്റം അവിശ്വനീയവും.

അവന്‍റെ ശരിയായ പേര് ഞാൻ മറന്നു. തത്കാലം എളുപ്പത്തിന് ‘നിങ് ‘ (ഹിന്ദിയിലെ ‘ന’) എന്ന് വിളിക്കാം. ഭക്ഷണത്തില്‍ നിന്ന് തുടങ്ങി സംസാരിച്ച് സംസാരിച്ച് ഞങ്ങ കമ്മ്യുണിസത്തിലെത്തി നിന്നു. 
ഇന്ത്യയിൽ കമ്മ്യൂണിസമാണോ ക്യാപ്പിറ്റലിസമാണോ എന്നവൻ ചോദിച്ചു. 
രണ്ടുമല്ലെന്നു ഞാൻ പറഞ്ഞു..  അങ്ങനെയാവാൻ വഴിയില്ല അതുരണ്ടും മാത്രമേ ഈ ലോകതിലുള്ളൂ അതുകൊണ്ട് രണ്ടാലൊന്ന് ആയേ പറ്റൂ  എന്നവൻ.

“അപ്പൊ സോഷ്യലിസൊ?” ഞാന്‍ ചോദിച്ചു 

“അങ്ങനെയൊരു സംഭവം ഇത് വരെ കേട്ടിട്ടില്ലല്ലോ...” എന്ന് അവൻ

മാര്‍ക്സിസത്തെ പറ്റി ചോദിച്ചപ്പോൾ അതും കേട്ടിട്ടില്ല, കമ്മ്യുണിസ്റ്റ്‌ പാർട്ടിയേ അറിയൂ മാർക്സിസ്റ്റ്‌ അറിയില്ലെന്നും, ചൈനയിൽ കമ്മ്യൂണിസവും  ക്യാപിറ്റലിസവും മാത്രമേ പഠിപ്പിക്കുന്നുള്ളൂ എന്നും പറഞ്ഞു.   ഞാൻ മാര്‍ക്സിന്‍റെ പേര് പറഞ്ഞപ്പോൾ അതറിയാം. അതിന്‍റെ കൂടെ ഞാൻ ലെനിന്‍റെയും ചെഗുവേരയുടെയും മാവോ യുടെയും പേര് പറഞ്ഞു. മാവോ എന്ന് പറഞ്ഞപ്പോ അവന്‍റെ മുഖത്ത് നല്ല തെളിച്ചം, എന്നിട്ട് അദ്ദേഹം ചൈനക്കാരന്‍ ആണെന്നും പറഞ്ഞു. എന്നെയും തിരിച്ചു സന്തോഷിപ്പിക്കാൻ വേണ്ടിയാണെന്ന് തോന്നുന്നു, അപ്പൊ തന്നെ അവൻ യൂഎസ്സിൽ മഹാത്മാഗാന്ധിയെ കുറിച്ച് പഠിക്കുന്നുണ്ടെന്ന് പറഞ്ഞു. മിക്കവാറും ഇന്ത്യക്കാർ ഗാന്ധിജിയെ പറ്റി സംസാരിക്കുമ്പോൾ മുഖത്ത് തെളിഞ്ഞു വരുന്ന പുച്ഛം അവന്‍റെ മുഖത്ത് ഉണ്ടായിരുന്നില്ല. ഗാന്ധിജിയെ പറ്റി ഞാൻ കുറച്ചെന്തോക്കെയോ സംസാരിച്ചു. സംസാരത്തിനിടയിൽ ചാൻസ് കിട്ടിയ സ്ഥലത്ത് അന്നാ ഹസാരയെയും അരവിന്ദ്‌ കേജ്രിവാളിനെയും തള്ളി കയറ്റുവേം ചെയ്തു... :-)

ഇന്ത്യയില്‍ നടക്കുന്ന അഴിമതിയെ പറ്റി അവൻ കേട്ടിട്ടുണ്ട്.

ഇത്ര വലിയ സമരം നടന്നിട്ടും ഇന്ത്യയിലെ ഗവൺ‌മെന്‍റ്  ആരെയും പിടിച്ച് കൊന്നില്ല എന്ന് അറിഞ്ഞപ്പോ അവന് അത്ഭുതമായിരുന്നു. 
ചൈനയിൽ പ്രക്ഷോഭങ്ങൾ നടക്കാറില്ല, അവിടെ സർക്കാരിനെ എല്ലാവർക്കും പേടിയാണ്. ആരെങ്കിലും ആളുകളെ കൂടുന്നു, അല്ലെങ്കിൽ ആരുടെയെങ്കിലും അഭിപ്രായത്തിന് (സുമാർ) ആയിരത്തിൽ കൂടുതൽ ജനങ്ങൾ പിന്തുണ നൽകുന്നു  എന്ന് സർക്കാറിനു തോന്നിയാല്‍, പിന്നെ അവനെ കൊല്ലാൻ വരെ മടിയില്ലാത്തതും പലതവണ അങ്ങനെ ചെയ്തിട്ടുള്ളതും ആയ ഒരു സർക്കാരാണ് ചൈനയിലേത്. 

മീഡിയ മുഴുവനായും സർക്കാരിന് അടിമപെട്ടിരിയ്ക്കുന്നു. മീഡിയക്കാരും മനുഷ്യരാണ് അവർക്കും ജീവിയ്ക്കണം.

ഒരു കുടുംബത്തിന് ഒരു കുട്ടി എന്നതിൽ സർക്കാർ ഈ തലമുറയിൽ ഒരു  ചെറിയ അയവു വരുത്തിയിട്ടുണ്ട്. കെട്ടിയ പെണ്ണിനും പയ്യനും സഹോദരങ്ങൾ ഇല്ലെങ്കിൽ അവർക്ക് രണ്ടു കുട്ടികൾ വരെ ആവാം. കുട്ടികളുടെ എണ്ണം, അനുവദിച്ചതിൽ കൂടുതലായാൽ ജീവിതം മുഴുവൻ പണയം വെയ്ക്കേണ്ടി വരുന്നത്രയും ഫൈനാണ്. ഇരട്ട കുട്ടികളുണ്ടായാല്‍  ഫൈന്‍ ഉണ്ടോ എന്ന് ചോദിച്ചപ്പോ, 

"No, Then you are the luckiest person in the world" എന്നായിരുന്നു മറുപടി. 

അങ്ങിനെ സംഭവിച്ചാല്‍ ഉണ്ടാകാവുന്ന സന്തോഷത്തിന്‍റെ ഒരംശം അവന്‍റെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.
Washington, D.C.

എനിയ്ക്കിഷ്ടപ്പെട്ട ഒരു കാര്യം ചൈനയിൽ ഭൂമി മുഴുവനും സർക്കാരിന് അവകാശപെട്ടതാണെന്നതാണ്. ജനങ്ങൾക്ക്‌ 75 മുതല്‍ 100 വർഷം വരെയുള്ള കൈവശാവകാശം മാത്രമേ കിട്ടൂ. റഷ്യയിലെ ആ നിയമം എടുത്തു മാറ്റിയപ്പോൾ സംഭവിച്ച തകർച്ചയെ കുറിച്ചും അവൻ  എടുത്തു പറഞ്ഞു.

ചൈനയിൽ ആരും രാഷ്ട്രീയത്തിൽ അധികം താല്പര്യം കാണിയ്ക്കാറില്ല, കാണിച്ചിട്ടും കാര്യമില്ല. അവിടുത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ ജനങ്ങളുടെ അഭിപ്രായം അറിയുന്നത് സർവ്വേകളിലൂടെയാണ്. ചൈനയിലെ വലിയ സർവ്വേ കമ്പനികളുടെ ഏറ്റവും വലിയ ഉപഭോക്താവ് ചൈനയിലെ സർക്കാരാണ്. ജനങ്ങൾക്ക് അതിലൂടെ അഭിപ്രായം രേഖപ്പെടുത്താം. 
രാഷ്ട്രീയത്തിൽ  ഇടപെട്ടിട്ടുള്ള അറിവല്ല പുസ്തകങ്ങളും നോവലുകളും വായിച്ചുള്ള അറിവ് മാത്രമേ ചൈനാ സർക്കാരിനെ കുറിച്ചുള്ളു എന്നും നിങ് പറയാൻ മറന്നില്ല. 

അവിടെയുള്ള ആവശ്യസാധനങ്ങളുടെ വില നിർണയിയ്ക്കുന്നത് ‘ഡിമാണ്ട് സപ്ലേ കർവ്‘ അല്ല, മറിച്ച് സർക്കാരാണ്. ഉള്ളിക്ക് കിലോ ഇരുപതു രൂപ എന്ന് പറഞ്ഞാൽ ഉള്ളിയ്ക്ക് ഇരുപതു രൂപ, അത്രയെ പാടുള്ളു. അതിൽ പിന്നീട് തിരിച്ചും മറിച്ചും ഒരു ചോദ്യമില്ല. അതെങ്ങനെയാണെന്ന് ഇപ്പോഴും എനിയ്ക്ക് മനസ്സിലായിട്ടില്ലെങ്കിലും, അതാണ്‌ യഥാര്‍ത്ഥ കമ്മ്യൂണിസം എന്ന് തോന്നി.

ഏതോ മന്ത്രിക്കെതിരെ അഴിമതി കാണിച്ചതില്‍ വധശിക്ഷയ്ക്ക് നടപ്പാക്കിയ കാര്യം ചോദിച്ചപ്പോൾ പറഞ്ഞത്, അഴിമതി എന്നത് പുറത്തു പറയുന്ന കാരണമാണ്; പക്ഷേ  സത്യം മിക്കവാറും അതായിരിക്കണം എന്നില്ല എന്നാണ്. ചൈനയില്‍ രണ്ടു ഗ്രൂപ്പുണ്ട്, ചിലപ്പോൾ ഈ ഗ്രൂപ്പുകൾ തമ്മിൽ തർക്കം നടക്കും. അങ്ങനെ സംഭവിച്ചാൽ, ഒരു ഗ്രൂപ്പിന്‍റെ നേതാവിന് ആ അടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും, അത് എപ്പോഴും തർക്കത്തിൽ തോറ്റ ഗ്രൂപ്പിന്‍റെ നേതാവായിരിക്കും. അങ്ങനെയുള്ള  ഒരു തോറ്റ ഗ്രൂപ്പിന്‍റെ നേതാവായിരുന്നു അദ്ദേഹം എന്നാണു നിങ് പറഞ്ഞത്.

നിങിന്‍റെ അഭിപ്രായത്തിൽ ചൈനയില്‍ എൺപത് ശതമാനം മന്ത്രിമാരും അഴിമതിക്കാരാണ്.
​​
അവരുടെ സർക്കാറിന്‍റെ മുകൾതട്ടിലുള്ള പത്തു പേർ വിചാരിച്ചാൽ ചൈനയെ മുഴുവനായി വിറ്റ് അവർക്ക് സ്വന്തം കാശുണ്ടാക്കിക്കൂടെ എന്ന് ചോദിച്ചപ്പോൾ പറഞ്ഞത്, ഒരു പരിധി കഴിഞ്ഞാൽ പിന്നെ കാശിനോടല്ല അധികാരത്തിനോടാണ് ഭ്രമം ഉണ്ടാവുക, അതായിരിക്കാം അഴിമതി ഒരു പരിധിയിൽ കൂടുതൽ വളരാത്തത് എന്നാണ്. പക്ഷെ ആ പത്തുപേർ മാത്രം വിചാരിച്ചാൽ ചൈനയെ മുഴുവനായും വിൽക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. 

അവിടെയുള്ള മന്ത്രിമാർക്ക് അഴിമതി നടത്തി ഉണ്ടാക്കിയ പണം ചൈനയിൽ ചെലവഴിയ്ക്കാൻ  പറ്റാത്തത് കൊണ്ട്, സ്വന്തം കുടുംബത്തെ വിദേശത്തേയ്ക്കയച്ച്, വിദേശത്ത് സ്ഥലവും, വീടും, മുന്തിയ കാറും വാങ്ങി ആഡംബര ജീവിതം നയിയ്ക്കുന്ന പ്രവണത മന്ത്രിമാരിൽ കൂടിവന്നപ്പോൾ ചൈന നിയമം മാറ്റി. വിദേശത്ത് കുടുംബങ്ങൾ ഉള്ളവർ സ്ഥാനങ്ങൾ ഏറ്റെടുക്കാൻ പാടില്ല എന്ന നിയമം കൊണ്ടു വന്നു.

മഹാത്മാഗാന്ധിയെ പറ്റി പറയുന്ന കൂട്ടത്തിൽ എനിക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ കുറിച്ചും അത് കഴിഞ്ഞുള്ള ഇന്ത്യാവിഭജനത്തെ കുറിച്ചും പൊടിയ്ക്ക് പറയേണ്ടി വന്നു. കാശ്മീരിൽ ചൈന അവകാശം ഉന്നയിയ്ക്കുന്നത് നിങിന് അറിയില്ല. ഞാൻ അറിയിയ്ക്കാനും പോയില്ല. ടിബറ്റിനെ പറ്റി അവൻ കേട്ടിട്ടേയില്ല. 

ഇന്ത്യയിൽ ബ്രിട്ടീഷുകാർ വന്നതാവാം ഇംഗ്ലീഷ് പോപ്പുലർ ആവാന്‍ കാരണം എന്ന് പറഞ്ഞപ്പോൾ ചൈനയും ബ്രിട്ടീഷ്‌ കോളനി ആയിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് തമാശ മട്ടിൽ നിങ് പറഞ്ഞു.

ചൈനയില്‍ ഒൻപതാം ക്ലാസ്സുവരെ സൌജന്യ വിദ്യാഭ്യാസമാണ്. സർക്കാർ സ്കൂളുകളാണ് പ്രൈവറ്റ് സ്കൂളുകളേക്കാൾ എല്ലാ രീതിയിലും മെച്ചം.

ബാൾട്ടിമോർ പോർട്ടിലൂടെ തണുപ്പ് സഹിച്ച് ജാക്കറ്റും കെട്ടിപ്പിടിച്ച് നടക്കുന്ന സമയത്ത് നിങിന്‍റെ അച്ഛന് എന്‍റെയും അവന്‍റെയും കൂടെ നിന്നുള്ള ഫോട്ടോ വേണം എന്ന് പറഞ്ഞു. ഞങ്ങളുടെ സംസാരം മുന്നിലെ സീറ്റിലിരുന്ന്  കേട്ടതുകൊണ്ടാകണം, അദ്ദേഹം അങ്ങനെ പറഞ്ഞത്.

ചൈനക്കാരുടെ മുഖത്ത് ഒരു  അരക്ഷിതത്വം ഉള്ളതായി എനിക്ക് എന്നും അനുഭവപെട്ടിരുന്നു. അത് എന്‍റെ തോന്നലുമാത്രമായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്. 


--ശുഭം--

Friday, November 22, 2013

ആപ്പും അച്ചുവും

ആപ്പിനെ സപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ട് എനിക്ക് ഉണ്ടാവുന്ന നേട്ടം നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഉണ്ടാവുന്ന നേട്ടത്തില്‍ നിന്നും ഒട്ടും കൂടുതലല്ല.. 
ഭാരതത്തിലുള്ളവരുടെ നല്ല ഭാവി, കൂടുതല്‍ പുരോഗതി, നല്ല വിദ്യാഭ്യാസം, കൂടുതല്‍ ജീവിത സൌകര്യങ്ങള്‍. എന്നിവ ഓരോ ഇന്ത്യന്‍ പൌരനും കിട്ടാന്‍ പോകുന്നതില്‍ നിന്നും കൂടുതല്‍ ഒന്നും എനിക്കോ, മറ്റ് ആം ആദ്മി പാര്‍ട്ടിയെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കോ കിട്ടാന്‍ പോകുന്നില്ല. ഒരുകാര്യമുണ്ട്, ഭാരതത്തിന്‍റെ പുരോഗതിക്ക് ചെറുതായെങ്കിലും ഭാഗമാവാന്‍ കഴിഞ്ഞു എന്ന കാര്യത്തില്‍ ഓരോ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അഭിമാനം തോന്നിയേക്കാം.

ആം ആദ്മി പാര്‍ട്ടി കാരണം ഭാരതത്തിനോ, ഭാരതത്തിന്‍റെ ജനങ്ങള്‍ക്കോ, ഒരു പുരോഗതിയും ഉണ്ടാവുന്നില്ലെങ്കില്‍, എനിക്കും ഒരു നേട്ടവും ഉണ്ടാവുന്നില്ല. ആപ്പിനു വേണ്ടി ചിലവഴിച്ച എന്‍റെ സമയവും, പ്രയത്നവും ഫലം കണ്ടില്ലെന്നു വരും, അത്ര മാത്രം.

ഈ ​മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കൊണ്ട് തന്നെ, എനിക്ക് ആപ്പിനെ തല കുത്തി നിന്ന് സപ്പോര്‍ട്ട് ചെയ്യണ്ട ആവിശ്യവും ഉദിക്കുന്നില്ല. തെറ്റ് കണ്ടാല്‍ അത് ചൂണ്ടിക്കാട്ടുക എന്‍റെ കര്‍ത്തവ്യവുമാണ്. അപ്പിന്‍റെ തെറ്റുകളെ തലകുത്തി നിന്ന് സപ്പോര്‍ട്ട് ചെയ്തത് കൊണ്ട് എനിക്ക് ഒരു നേട്ടവും ഉണ്ടാവാന്‍ പോവുന്നുമില്ല. 

ഇന് ഞാന്‍ ആപ്പിനെ സപ്പോര്‍ട്ട് ചെയ്യുന്നത്തിന്‍റെ ഒരു പ്രഥാന കാരണം, ആപ്പ് എനിക്ക് തരുന്ന പ്രതീക്ഷ ഒരുപാട് കൂടുതലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ആപ്പിന്‍റെ ഓരോ പ്രവര്‍ത്തനവും ഞാന്‍ നിരീക്ഷിച്ചു പോരുന്നതാണ്. ആപ്പിലെ ഒരു പാട് വ്യക്തികളെ നേരിട്ട് പരിചയപെട്ടിട്ടുണ്ട്, കണ്ടിട്ടുമുണ്ട്, സംസാരിച്ചിട്ടുമുണ്ട്, അതില്‍ അരവിന്ദ്‌ കേജ്രിവലും, പ്രശാന്ത്‌ ഭൂഷനും, ക്രിസ്ടീന സാമിയും, മായാങ്ക് ഗാന്ധിയും,  അജിത്‌ ജായും, മനോജ്‌ പത്മനാഭനും, രതീഷും, ഹാരിയും, നിജിലും അങ്ങനെ ഒരുപാട് പേരുള്‍പെടും.

ഇന്നുവരെ ഞാന്‍ കണ്ടതും കേട്ടതും അനുഭവിച്ചതും വെച്ച്, ആം ആദ്മി പാര്‍ടിയില്‍ വന്നവര്‍ ആരും വ്യക്തിപരമായ​ നേട്ടങ്ങള്‍ ഉദ്ദേശിച്ചു വന്നവരല്ല. അങ്ങനെ വന്നവര്‍ ഉണ്ട്, അവര്‍ക്കൊന്നും ആം ആദ്മി പാര്‍ടിയില്‍ ഏറെക്കാലം നിന്നുപോവാന്‍ സാധിച്ചിട്ടില്ല. സ്വയം ആം ആദ്മി ഫൗണ്ടര്‍ മെമ്പര്‍ ആണെന്നും പറഞ്ഞ് ​പത്രസമ്മേളനം നടത്തിയവര്‍ വരെയുണ്ട്. അവരൊന്നും ഇന്ന് എവിടെയും ഇല്ല. അങ്ങനെ പലരും ഉണ്ടാവുന്നത് സ്വാഭാവികം, അവര്‍ അവരുടെ പരമാവധി നേടാന്‍ ശ്രമിച്ച് ഒന്നും ആവുന്നില്ലെന്ന് കണ്ടാല്‍ നിര്‍ത്തി പോവും. കര്‍ണാടക ഇലക്ഷന് സ്വയം സ്ഥാനാര്‍ഥിയായിക്കോളാം എന്നും പറഞ്ഞ് വന്നവരും ഉണ്ട്.  

​ആപ്പിലുള്ള വരും മനുഷ്യരാണ്, സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങി വന്ന ഗന്ധര്‍വന്‍മാരോ മാലാഖമാരോ അല്ല. എന്നേം നിങ്ങളെയും പോലുള്ള തെറ്റ് പറ്റാവുന്ന സാധാരണ മനുഷ്യരാണ് ആം ആദ്മി പാര്‍ട്ടിയിലും ഉള്ളത്. അതുകൊണ്ട് തന്നെയാണ് ആം ആദ്മി പാര്‍ട്ടി സ്വന്തമായി നയങ്ങള്‍ ഉണ്ടാക്കിയതും, പാര്‍ട്ടിയെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ ആ നയങ്ങള്‍ നിര്‍ബന്തമായും അനുസരിക്കണം എന്നും പറഞ്ഞിട്ടുള്ളതും. അങ്ങനെ നയങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍, മുകളില്‍ പറഞ്ഞ സ്വയം ഫൗണ്ടര്‍ മെമ്പര്‍ എന്ന് വിശേഷിപ്പിച്ചവരും, സ്വയം പാര്‍ട്ടി സ്ഥാനാര്‍ഥിയാവാം  എന്ന് പ്രഖ്യാപിച്ചവരും ആയിരുന്നേനെ ഇന്ന് ആം ആദ്മി പാര്‍ട്ടി ഭരിക്കുന്നത്. നയങ്ങള്‍ അനുസരിക്കാന്‍ കഴിയാത്തവരെ പാര്‍ട്ടി ഒരു രീതിയിലും ഇന്നുവരെ അനുകൂലിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. 

ഏതവസ്ഥയില്‍ ആണെങ്കിലും ഒരു രീതിയിലും ആം ആദ്മി പാര്‍ട്ടി അഴിമതി കാരെ പ്രോഹല്‍സാഹിപ്പിക്കുന്നതല്ല. ഇലക്ഷന് ജയിചില്ലെങ്കില്‍ ജയിച്ചില്ല എന്നേ ഉള്ളൂ. അഴിമതിക്കാരായ ഒരാളെ പോലും പാര്‍ട്ടിയില്‍ വെച്ചുകൊണ്ട് പാര്‍ട്ടി മുന്നോട്ടു പോവുകയില്ല, അതിപ്പോ അരവിന്ദ്‌ കേജ്രിവാള്‍ ആണെങ്കില്‍ പോലും.

അങ്ങനെയല്ല മറിച്ച് എന്ന് സംഭവിക്കുന്നോ, അന്ന് ഞാന്‍ ആം ആദ്മി പാര്‍ടിയില്‍ ഉണ്ടാവില്ല, എന്ന് മാത്രമല്ല, അതിനെതിരെ, ഞാനിന്ന് ആം ആദ്മി പാര്‍ട്ടിയെ എത്ര ശക്തിയോടുകൂടി സപ്പോര്‍ട്ട് ചെയ്യുന്നോ അതിലും കൂടുതല്‍ ശക്തിയോട്കൂടി എതിര്‍ക്കുകയും ചെയ്യും.

ജയ് ഹിന്ദ്‌ 
അച്യുത് 

Friday, November 1, 2013

Three Phases of Arranged Marriages in India

Every marriage, especially the arranged ones in India have three phases.

Phase one, is when they start living all Fresh, everything look so good then. They love and respect each other. It is when the whole world looks so beautiful. This continues normally the first two years of the marriage.

Phase two, is when they start taking the other person for granted. This is when they discover the negatives. When they start expressing the difference in opinions and later leading to the arguements. It is no surprise if couples feel they have the worst life partner, and they never ever had to marry each other. Everything goes wrong at this time. Even if they try to solve the issue, it just worsens it. This is the very crucial phase of marriage. If you manage to overcome this, then great. The love that you shared in your first phase would definitively help in surviving this phase.

Phase three, This is when you are fed up of all the fights and start taking it as it is. The things you learned from the pasts fights would have helped you in understanding each other better, the stengths and weakness and everything else. If you are lucky to have a kid by this time, then things become much better. You would then be yourself and again start respecting each other.

First two phases are very important for a successful marriage life. In phase two, if you resist yourself from reacting and expressing your emotions, the third phase might get more difficult. 


Friday, October 18, 2013

Monday, October 14, 2013

ലോങ്ങ്‌ ഐലന്‍ഡ് ഡ്രൈവ്


രാവിലെ നേരത്തേ എഴുന്നേറ്റ് ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ കഴിച്ച് തിരിച്ചു റൂമില്‍ വന്ന് വാതില്‍ ഒന്ന് ചാരിയതേയുള്ളൂ, ആരോ വാതിലില്‍ മുട്ടി. തുറന്നു നോക്കിയപ്പോ "ജോ". സമയം ഒന്‍പതുമണി ആയിട്ടുണ്ടായിരുന്നില്ല, പറഞ്ഞതിലും നേരത്തേ ജോ എത്തി.
രണ്ടുമിനുട്ട്‌ കുശലം പറഞ്ഞതിന് ശേഷം ഞങ്ങള്‍ കറങ്ങാന്‍ ഇറങ്ങി. ഇന്ന് ലോങ്ങ്‌ ഐലന്‍ഡ്‌ കാണാന്‍ പോകാം എന്ന് നേരത്തെ തന്നെ പ്ലാന്‍ ചെയ്തിരുന്നു.

ഒരു ചെറിയേ "ഹൈബ്രിഡ്‌" കാര്‍ : ബ്രേക്ക്‌ ചവിട്ടുമ്പോ ഉണ്ടാവുന്ന എനര്‍ജി ഉപയോഗിച്ച് ബാറ്ററി ചാര്‍ജ് ചെയ്ത്, പിന്നെ ആ ബാറ്ററി ഉപയോഗിച്ച് ഓടുന്ന വണ്ടി, അതിലായിരുന്നു യാത്ര.

വണ്ടി ഹൈവേ എത്തിയപ്പോ ഞാന്‍ ക്യാമറ പുറത്തെടുത്ത് ഫോട്ടോ എടുക്കാന്‍ നോക്കി മെമ്മറി കാര്‍ഡ്‌ ഇട്ടിട്ടില്ല, അവിടുന്ന് തിരിച്ച് ഹോട്ടലില്‍ പോയി മെമ്മറി കാര്‍ഡ്‌ എടുത്ത് വന്ന വഴിയേ പിന്നെയും പോയി. 


"സണ്‍റൈസ് ഹൈവേയിലൂടെ" കിഴക്ക് ഭാഗത്തേയ്ക്ക് 75 മൈല്‍സ് വേഗത്തില്‍ കഥകളും വിശേഷങ്ങളും പറഞ്ഞുകൊണ്ട് മെല്ലെ നീങ്ങി. രാവിലെ ആയിരുന്നെങ്കില്‍ സൂര്യന്‍ ഈ ഹൈവേയുടെ അറ്റത്തുനിന്ന് പൊങ്ങി വരുന്നത് കാണാമായിരുന്നു പോലും. ഹൈബ്രിഡ്‌ കാറിനും, കാര്‍പൂളിനും മാത്രം കയറാന്‍ അവകാശമുള്ള ഇടത്തേ അറ്റത്തെ ലെയ്‌നിലൂടെയായിരുന്നു ഡ്രൈവിംഗ്. വേറെ ഒരു കാറും ആ ലെയ്‌നില്‍ ഇല്ലായിരുന്നത് കൊണ്ട് വേഗം എത്തി. ഒരു ലെയ്‌ന്‍ മുഴുവനായി ഞങ്ങള്‍ക്ക് സ്വന്തം.

ആദ്യം പോയത് "പംകിന്‍സ്" വില്‍ക്കുന്ന സ്ഥലത്തേയ്‌ക്കായിരുന്നു, ആദ്യമായാണ്‌ ഇത്രയും അധികം പംകിന്‍സ് ഒരുമിച്ചു കാണുന്നത്. കുട്ടികള്‍ മുഴുവന്‍ അതിനിടയിലൂടെ ഓടിച്ചാടി കളിക്കുന്നുണ്ടായിരുന്നു. ഒരു "പംകിന്‍ ഡോണട്ടും" വാങ്ങി കഴിച്ച് അവിടുന്നിറങ്ങി. പിന്നെ നേരെ പോയത് ഒരു മുന്തിരിത്തോപ്പിലേയ്ക്ക്.

മുന്തിരിത്തോപ്പില്‍ നിന്ന് അത്യാവശ്യത്തിനു പടങ്ങളൊക്കെ എടുത്തു. പിന്നെ ഇത്തിരി വൈനും രുചിച്ചു നോക്കി. വൈന്‍ കൊണ്ടുവന്ന സ്ത്രീ ഓരോ  വൈനിന്റേയും വിശേഷങ്ങളും ചരിത്രവും പറയുന്നുണ്ടായിരുന്നു. പറഞ്ഞതില്‍ പകുതിയും മനസ്സിലായില്ലെങ്കിലും ഞാന്‍ നന്നായി തലയാട്ടി.

"What type of grapes do you grow in India..? "

അവര്‍ ചോദിച്ചു. എല്ലാവരും എന്നെ നോക്കി. എന്ത് ഉത്തരം പറയണം എന്ന് അറിയാതെ ആദ്യം ഞാന്‍ കൈ മലര്‍ത്തി, പിന്നെ രണ്ടും കല്‍പിച്ചങ്ങ് പറഞ്ഞു:

"Red and Green.."

എല്ലാവരും ചിരിച്ചു, ഞാനും..


അവിടുന്നും കുറേ ദൂരം വണ്ടി ഓടിച്ചതിനു ശേഷമാണ് ലോങ്ങ്‌ ഐലന്‍ഡിന്റെ അറ്റത്ത് എത്തിയത്.  അവിടെ ഒരു ലൈറ്റ് ഹൌസ്, പിന്നെ നല്ല നീല നിറത്തിലുള്ള കടലും ആകാശവും. പാറകെട്ടുകളിലൂടെ നടന്ന് ബീച്ചിലെത്തി. ചുകന്ന നിറത്തിലുള്ള പൂഴി. പലരും ചൂണ്ടഇടുന്നുണ്ടായിരുന്നു, ആര്‍ക്കും മീന്‍ കിട്ടിയതായി തോന്നിയില്ല.

തിരിച്ചു നടക്കുമ്പോള്‍ ചൂണ്ട തോളിലിട്ടു നടക്കുന്ന ഒരാളോട് മീന്‍ കിട്ടിയോ എന്ന്‍ ചോദിച്ചപ്പോ ചിരിയായിരുന്നു മറുപടി.

For Bigger Pictures: http://500px.com/AchyuthB

Sunday, October 13, 2013

JFK

മൊത്തം ഇരുപത്തെട്ട് മണിക്കൂര്‍ യാത്ര കഴിഞ്ഞ് ഇവിടെയെത്തി. സാധാരണ യാത്ര ചെയ്യുമ്പോ തോന്നിയിരുന്ന  ഒരു എക്സൈറ്റ്‌മെന്‍റ്  എന്തോ ഈ തവണ തോന്നിയില്ല. 

ഫ്ലൈറ്റില്‍ കുറേ സമയം ഉറങ്ങി, ​പിന്നെ കുറേ സമയം സിനിമ കണ്ടു. തലവേദന തുടങ്ങിയപ്പോ കണ്ണടച്ചിരുന്നു. ക്ഷീണമുണ്ടായിരുന്നത് കൊണ്ടും അറിയാതെ ഉറങ്ങിപ്പോവും എന്ന് തോന്നിയതുകൊണ്ടും, "Wake me up for food", എന്ന സ്റ്റിക്കര്‍ സീറ്റില്‍ നേരത്തേ തന്നെ ഒട്ടിച്ചു വെച്ചു. അടുത്തിരുന്ന ആരോടും അധികമൊന്നും സംസാരിച്ചില്ല. ഇടത് വശത്തിരുന്ന സ്ത്രീ സൗത്ത്‌ ആഫ്രിക്കയില്‍ നിന്നുമായിരുന്നു. ആദ്യം കണ്ടപ്പോള്‍ അവര്‍ ഇന്ത്യന്‍ ആണെന്ന് കരുതി, പിന്നെ ഒരു ഹിന്ദി സിനിമ കാണാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഇന്ത്യന്‍ തന്നെയെന്നു ഉറപ്പിച്ചു. വലതു വശത്തിരുന്നവന്‍ ദുബായില്‍ നിന്നും ആയിരുന്നു.

ഇടയ്ക്ക് വെച്ച് ഞങ്ങളുടെ മുന്നിലെ റോയില്‍ ഇരുന്നവരുടെ മോതിരം കാണാതെ പോയി, അത് തിരയുന്ന സമയത്ത് ദുബായിക്കാരന്‍ അവന്‍റെ മൊബൈലിലെ ടോര്‍ച് ഒക്കെ കത്തിച്ച് ഒരുപാട് സഹായിക്കുന്നുണ്ടായിരുന്നു. ​



അവനോട് ​നേരത്തേ ​തോന്നാതിരുന്ന ഒരു മതിപ്പ്‌​ ചെറുതായി ഒന്ന് കൂടി.മോതിരം സീറ്റിന്‍റെ അടിയില്‍ കുടുങ്ങി ഇരിക്കുവായിരുന്നു.​



Monstors University, The Croods, ​Hangover 3, സ്പാനിഷ്‌ മസാല, അന്നയും റസൂലും, Mars Needs Moms, മുഴുവനായും ഭാഗീകമായും ഒരേ ഇരിപ്പില്‍ കണ്ട പടങ്ങള്‍.


JFK യില്‍ എത്തി, നടു നിവരര്‍ത്തി ഇറങ്ങി നടന്നപ്പോ വിസിറ്റര്‍സിന്‍റെ വഴിയില്‍ മാത്രം ക്യൂ. വളരേ പതുക്കെ നീങ്ങി ആദ്യത്തെ വളവ് കഴിഞ്ഞപ്പോഴാണ് അറ്റം കാണാതത്രയും നീളത്തില്‍ ക്യൂ ഉള്ളത് മനസ്സിലായത്‌. ഒന്നര മണിക്കൂര്‍ അവിടെ നിന്ന് അകത്ത് കയറിയപ്പോ വീണ്ടും ക്യൂ. അങ്ങനെ എമിഗ്രേഷന്‍ കഴിഞ്ഞ് പുറത്തെത്തുവാന്‍ രണ്ടര മണിക്കൂര്‍ എടുത്തു.  ഹോട്ടല്‍ അയച്ച കാറ് എന്നെ കാത്ത് മടുത്ത് തിരിച്ചു പോയി. പിന്നെ ​ഒരു ടാക്സി പിടിച്ച് ഇങ്ങ് പോന്നു. ​​


Saturday, August 17, 2013

ഓണ്‍ലൈന്‍ എഴുത്തുകാര്‍ ഒത്തുകൂടി


കോഴിക്കോട്: എഴുതാനുള്ള ആഗ്രഹവും ചിന്തയിലെ ആവേശവുമായി ഓണ്‍ലൈന്‍ എഴുത്തുകാര്‍കോഴിക്കോട്ട് ഒത്തുകൂടി.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നൂറിലേറെപേര്‍ പങ്കെടുത്തു. പ്രവാസികളായ ഇ-എഴുത്തുകാര്‍ സാന്നിധ്യംകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി. ഓണ്‍ലൈനിലൂടെ മാത്രം പരിചയമുള്ളവര്‍ക്ക് നേരിട്ടുകാണാനും കൂട്ടായ്മ അവസരമായി.

 
2011 മുതല്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഓണ്‍ലൈന്‍ എഴുത്തുകാര്‍ ഒത്തുചേരാറുണ്ട്. 'കോഴിക്കോട് ഓണ്‍ലൈന്‍ മീറ്റ്' എന്ന ബ്ലോഗുണ്ടാക്കിയാണ് സംഘാടകര്‍ എഴുത്തുകാരെ ക്ഷണിച്ചത്. ആദ്യമായാണ് കോഴിക്കോട് സംഗമത്തിന് വേദിയാകുന്നതെന്ന് സജീവ ബ്ലോഗറും സംഘാടകരില്‍ ഒരാളുമായ സി. ജിതിന്‍ പറഞ്ഞു. നേരത്തേ ഒത്തുചേര്‍ന്നത് ബ്ലോഗര്‍മാര്‍ മാത്രമായിരുന്നു. പിന്നീട് ഫേസ് ബുക്കിലും ട്വിറ്ററിലും സജീവമായവരെ ചേര്‍ത്ത് കൂട്ടായ്മ അംഗബലം കൂട്ടി. 
ഇറാഖില്‍ ജോലിചെയ്യുന്ന ഇംതിയാസ് അവധി ക്രമീകരിച്ചാണ് സംഗമത്തിനെത്തിയത്. കാസര്‍കോട് സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി ബ്ലോഗില്‍ സജീവമാണ്. പലരേയും ആദ്യമായി നേരിട്ടുകണ്ട സന്തോഷവും ഇംതിയാസിനുണ്ടായിരുന്നു. യാത്ര വെറുതെയായില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ബ്ലോഗറായ സൂനജയുടെ കഥകളുടെ സമാഹാരം പ്രകാശനം ചെയ്തു. നവമാധ്യമങ്ങളെക്കുറിച്ചുള്ള സെമിനാറും ഓണ്‍ലൈനില്‍ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വഴികാട്ടിയായി ശില്‍പ്പശാലയും സംഘടിപ്പിച്ചു.
നേരില്‍കാണുന്നതുവരെ ഓണ്‍ലൈനില്‍ കാണാമെന്ന വാഗ്ദാനം കൈമാറിയാണ് ഇ-എഴുത്തുകാരുടെ കൂട്ടായ്മ പിരിഞ്ഞത്.

http://www.mathrubhumi.com/story.php?id=384207
Posted by Picasa

Thursday, August 15, 2013

ആറന്മുള വിമാനത്താവളം എന്ത് എങ്ങിനെ...

കഥ തുടങ്ങുന്നത് ഒരു ചെറിയ പാലത്തില്‍ നിന്നാണ്. "വലിയതോട്" എന്നറിയപ്പെടുത്ത ഒരു ചെറിയതോടിന്‍റെ കുറുകെയുള്ള ഒരു കൊച്ചു പാലം, നാല്‍ക്കാലിക്കല്‍ പാലം. ചിലര്‍ വലിയതോടിനെ "കൊഴിതോട്" എന്നും വിളിച്ചിരുന്നു.

പമ്പാ നദിയില്‍ നിന്ന് വയലിലേയ്ക്കും, വയലില്‍ നിന്ന് പമ്പയിലെയ്ക്കും വെള്ളം ഒഴുക്കിയിരുന്നത് ഈ കൊഴിതോടായിരുന്നു.

നാല്‍ക്കാലിക്കല്‍ പാലത്തിന്‍റെ അറ്റകുറ്റ പണിക്കുവേണ്ടി പാലം അടച്ചിട്ടപ്പോള്‍, ഗതാഗത സഞ്ചാരത്തിന് വേണ്ടി "വലിയതോടില്‍"" മണ്ണിട്ട്‌ മൂടെണ്ടിവന്നു. വെള്ളം പോകാന്‍ വേണ്ടി ചെറിയ ഒരു കുഴലും ഇട്ടു. ഇത് വെള്ളത്തിന്‍റെ സഞ്ചാരത്തെ ബാധിച്ചു, വയലുകളില്‍ വെള്ളം കെട്ടികിടക്കാന്‍  തുടങ്ങി. ഇത് നെല്‍കൃഷി നശിപ്പിച്ചു, കര്‍ഷകര്‍ നഷ്ടത്തിലായി. ഇതിനെതിരെ സമരം ചെയ്തതിന്‍റെ ഫലമായി 2004 ലില്‍ ആ ബണ്ട് നീക്കപ്പെട്ടു, അങ്ങനെ കൃഷി പഴയ രീതിയിലാവും എന്ന് ഗ്രാമവാസികള്‍ കരുതി.

അടുത്ത വര്‍ഷം കൊഴഞ്ചേരി റോഡില്‍ കോഴിതോടിനു കുറുകെ  കൊഴിപ്പാലത്തിന്‍റെ പണി തുടങ്ങി. ഇത് മേല്‍പ്പറഞ്ഞ അതേ രീതിയില്‍ വെള്ളത്തിന്‍റെ ഒഴുക്കിന് തടസ്സമാവികയും, വയലിലെ വെള്ളം ഇറങ്ങി പോവാതിരിക്കുകയും കൃഷി പിന്നെയും നശിക്കാനും കാരണമായി. അങ്ങനെ മൂന്ന് വര്‍ഷത്തോളം കൃഷി നടക്കാതെ കര്‍ഷകര്‍ ഭഗ്നാശരായിരുന്നു

അങ്ങനെയങ്ങനെ കര്‍ഷകര്‍ ഭഗ്നാശരായി മാനം നോക്കി എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുന്ന സമയത്ത് ഒരു രക്ഷകന്‍ ആ പ്രകൃതി രമണീയമായ ഗ്രാമത്തില്‍ വന്നിറങ്ങുന്നു. രക്ഷകന്‍റെ പേര് "എബ്രഹാം”, “അമേരിക്കന്‍ തങ്കച്ചന്‍” എന്ന പ്രാവാസി എബ്രഹാം.

വെള്ളം കൂടുതല്‍ കയറിയ നിലങ്ങളില്‍ മത്സ്യം വളര്‍ത്താം എന്ന് അദ്ദേഹം ഗ്രാമവാസികളോട് പറഞ്ഞു. മീന്‍ വളര്‍ത്താന്‍ വേണ്ടി അദ്ദേഹം കര്‍ഷകരില്‍ നിന്ന് ആ സ്ഥലങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങിച്ചു. ചാരിറ്റബിള്‍ എജ്യുക്കേഷനല്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ ആയിരുന്നു എബ്രഹാം. ഈ വയലുകളുടെ അടുത്തുള്ള ഒരു മലയും അദ്ദേഹം വാങ്ങിച്ചു. പിന്നീട് ഒരു JCB ഉപയോഗിച്ച് അദ്ദേഹം മലയിടിച്ച് വയല്‍ നികത്താന്‍ തുടങ്ങി. അവിടെയുള്ള ജനങ്ങള്‍ക്ക്‌ ഒന്നും മനസ്സിലായില്ല. നീരൊഴുക്കിനുള്ള തോടും മണ്ണിട്ട്‌ മൂടിയപ്പോള്‍ ഗ്രാമവാസികള്‍ ശക്തിയായി അതിനെ ചെറുത്തു.

2005 ഫെബ്രുവരിയില്‍ എബ്രഹാം പോലിസിനു പ്രോടക്ഷന്‍ ആവശ്യപെട്ട് റിട്ട് ഫയല്‍ ചെയ്തു.

ഹൈകോടതി അതിന് ഇങ്ങനെ വിധി പറഞ്ഞു (24.02.2005).
“However any building activities or development activities can be done in the paddy field, only if they have got ststutory clearance.”

ഇത് എബ്രഹാമിന് നികത്തല്‍ തുടരുന്നതിന് തടസ്സമായി.

2006 റില്‍ വീണ്ടും രാത്രികളില്‍ എട്ടും പത്തും ലോറികളും JCB യും ഉപയോഗിച്ച് വീണ്ടും നികത്താന്‍ തുടങ്ങി, ജനങ്ങള്‍ വില്ലേജ്‌ ഓഫീസര്‍ക്കും കളക്ടര്‍ക്കും പരാതി നല്‍കി.. മണ്ണിടുന്നതിനും നിര്‍മാണ പ്രവര്‍ത്തനത്തിനുമെതിരെ വില്ലേജ് ഓഫീസര്‍ ഉത്തരവിറക്കി. ഇത് 21.02.2006 നായിരുന്നു.

അബ്രഹാം പിന്നയും ആറ്  മാസത്തിന് ശേഷം മണ്ണിട്ട്‌ നികത്താന്‍ തുടങ്ങി, ജനങ്ങള്‍ വീണ്ടും പ്രതിഷേധിച്ച് പരാതി നല്‍കി, 14.07.2006 ന് വീണ്ടും നിരോധനം വന്നു. ഇത് ഇങ്ങനെ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. 20.10.2007,  14.12.2007,  11.01.08,  09.02.09, 20.03.2009 ഇങ്ങനെ ഇങ്ങനെ നിരോധനങ്ങള്‍ നീളുന്നു.

അങ്ങനെ ഒരുദിവസം എബ്രഹാം താന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് തുറന്നു പറഞ്ഞു. അദ്ദേഹത്തിന്‍റെ ഏറോണിട്ടിക്കല്‍ കോളേജിന്‍റെ പരിശീലനത്തിനു വേണ്ടി ഒരു കിലോമീറ്റര്‍ നീളത്തില്‍ ഒരു റണ്‍ വേ വേണം. അതിനാണ് മണ്ണിടുന്നത്  എന്ന് പറഞ്ഞു.

വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം 2011 ഡിസംബര്‍ 9 തിന് സൂര്യ ടീവി യില്‍ ഒരു വാര്‍ത്ത വന്നു.
"2011 ഫെബ്രുവരി 24 ന് 2000 തോളം സര്‍വേ നമ്പരുകളിലുള്ള അഞ്ഞൂറോളം ഏക്കര്‍ ഭൂമി വ്യവസായ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നു. KGS ഗ്രൂപ്പ്‌ എന്ന കമ്പനി വിമാനതാവള നിര്‍മാണത്തിന് വേണ്ടി ഏറ്റെടുത്തുകൊണ്ടാണ് ഇത്രയും ഭൂമി വ്യവസായ മേഖലയായി പ്രഖ്യാപിച്ചത് എന്നും."

ഇത് കേട്ട ജനങ്ങള്‍ ഞെട്ടി. കേട്ട പാതി കേള്‍ക്കാത്ത പാതി ഞങ്ങളുടെ വീട് വ്യവസായ മേഖലയ്ക്ക് അകത്താണോ എന്നറിയാന്‍ നെട്ടോട്ടമോടി.

കൂടുതല്‍ വൃത്തിക്ക് വായിക്കാന്‍... ഇതാ ഇവിടെ... http://goo.gl/iKcjN
വീഡിയോ ഇവിടെ: http://www.youtube.com/watch?v=ITsA0UNehlg

Wednesday, June 5, 2013

ലോക പരിസ്ഥിതി ദിനം: കോഴിക്കോട് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ വൃക്ഷത്തൈകള്‍ നട്ടു

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ബീച്ച് ഹോസ്പിറ്റലില്‍ വൃക്ഷ തൈകള്‍ വച്ചു പിടിപ്പിച്ചു. ബീച്ച് ഹോസ്പിറ്റലിലെ സുപ്രന്റ്റ്‌ വൈകുന്നേരം നാലുമണിക്ക് ആദ്യ വൃക്ഷതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെ പ
റ്റി സംസാരിച്ചു. ആം ആദ്മി പാര്‍ട്ടി സംസ്ഥാന വക്താവ് കെ പി രതീഷ് പരിപാടിയില്‍ പങ്കെടുത്തു.
കോഴിക്കോട് ജില്ലാ ഭാരവാഹികളായ ശ്രീരാജ്‌ കെ എസ്, ഹാഷിക്‌ എം, കൃഷ്ണ കുമാര്‍ ആര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഞാവല്‍ ​, വേപ്പ്, ഉങ്ങ്, മാവ്, പുളി, കയനി തുടങ്ങിയ ഫല പുഷ്പ ഔഷദ വൃക്ഷതൈകളാണ് നട്ടു പിടിപ്പിച്ചത്.

രാവിലെ പത്തരയ്ക്കു തുടങ്ങിയ പരിപാടി വൈകുന്നേരം അഞ്ചരയോടെയാണ് അവസാനിച്ചത്.

പ്രകൃതി പരിരക്ഷണ പരിപാലണം ഈ ഒരു ദിവസം മാത്രം ആഘോഷിച്ചു അവസാനിപ്പികേണ്ട ഒന്നല്ലെന്നും അത് കോഴിക്കോടിന്‍റെ മറ്റു ഭാഗങ്ങിലേക്ക് വ്യാപിപ്പിക്കുമെന്നും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയിച്ചു. ഈ വിഷയം ഗൌരവമായി കണക്കിലെടുത്ത് ഇതിനു വേണ്ടി തുടര്‍ന്നുള്ള ദിനങ്ങളിലും വൃക്ഷതൈ നടല്‍, പരിപാലിക്കല്‍ തുടങ്ങിയ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.


Tuesday, May 7, 2013

അച്ചുവിന്‍റെ ദൈവാന്വേഷണം



ആമുഖം

ഞാന്‍ പറയുന്ന കാര്യങ്ങള്‍ പലര്‍ക്കും ബാലിശമായി തോന്നാം.. പറയുന്ന കാര്യങ്ങളോട് പുച്ഛം തോന്നാം. ഈ പറഞ്ഞ വികാരങ്ങള്‍ ഞാന്‍ ഇവിടെ പറയുന്ന കാര്യങ്ങളാല്‍ ആരിലെങ്കിലും ഉണര്‍ത്തപെടുകയാണെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

നിങ്ങള്‍ക്ക് വായിക്കാം, വായിക്കാതിരിക്കാം, അഭിപ്രായം, പറയാം, ചോദ്യങ്ങള്‍ ചോദിക്കാം, വിമര്‍ശിക്കാം. ഇതൊക്കെ എന്‍റെ വീക്ഷണത്തെയും ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളെയും ഏതെങ്കിലും രീതിയില്‍ സഹായിക്കുന്നുവെങ്കില്‍ ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും.

പറയുന്ന കാര്യങ്ങള്‍ അറിഞ്ഞോ അറിയാതെയോ വിശ്വാസിയെയോ, അവിശ്വസിയെയോ, രണ്ടുമല്ലാതവരെയോ ഏതെങ്കിലും രീതിയില്‍ വേദനിപിക്കുന്നു എങ്കില്‍ മുന്നേ തന്നെ മാപ്പ്.

പാര്‍ട്ട്‌ ഒന്ന്:- വിഗ്രഹാരാധന

ഓര്‍മയില്‍ ദൈവത്തെ ആദ്യം കേട്ടത് അമ്പലങ്ങളില്‍ നിന്നായിരുന്നു. അന്നേ എപ്പഴോ മനസ്സില്‍ ഉദിച്ച സംശയമായിരുന്നു ദൈവം എന്താണെന്നും വിഗ്രഹത്തില്‍ ദൈവം എങ്ങനെ കയറി കൂടി എന്നതും. കല്ല്‌ എങ്ങനെ ദൈവമാകുന്നു എന്ന സംശയമായിരുന്നു ആ കാലത്ത് എന്നെ അലട്ടിയ ഒരു പ്രശ്നങ്ങളില്‍ ഒന്ന്.

ആറാം ക്ലാസ്സിലെ മലയാളം സെക്കന്‍റ് ടെക്സ്റ്റ്‌ ബുക്കില്‍ അന്ന് വിവേകാനന്തനെ കുറിച്ച് ഒരു പാഠത്തില്‍ ഇങ്ങനെ ഉണ്ടായിരുന്നു.

രാജാവ് വിവേകാനന്തനോട് വിഗ്രഹാരാധന തെറ്റല്ലേ, അത് വെറും ഒരു കല്ലല്ലേ എന്ന് ചോദിച്ചു. വിവേകാനന്തന്‍ വേഗം തന്നെ അവിടെ ചുവരില്‍ ഉണ്ടായിരുന്ന രാജാവിന്‍റെ പടം നിലത്തിട്ട് അതിന്‍റെ മുകളില്‍ കയറി ചവിട്ടി കൊരട്ടി കളിച്ചു. രാജാവിന് ദേഷ്യം വന്നപ്പോ വിവേകാനന്ദന്‍ പറഞ്ഞു.
"
അത് വെറും കേന്‍വാസും കുറച്ചു നിറങ്ങളും മാത്രമല്ലേ, അതിനെന്തിനാ രാജാവ് കൊപിക്കുന്നത്" എന്ന്.

വിഗ്രഹാരാധന എന്താണെന്നും, എനിക്ക് ഈ ലോകത്തുള്ള ഏത് വസ്തുവിനെയും  ആരാധികാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നും മനസ്സിലായത്‌ അന്നാണ്.

പാര്‍ട്ട്‌ രണ്ട് :- ആത്മാവും ജീവനും 

ഒരുപാട് നിഗൂഡതകളും കണ്ഫ്യൂഷനുകളും സമ്മാനിച്ച് എന്നെ ഒരുപാട് അലട്ടിയ ഒരു സംഭവമായിരുന്നു ആത്മാവ്.

പഴയ ജന്മം പുനര്‍ ജന്മം ഈ ജന്മം മരിച്ചു കഴിഞ്ഞാല്‍ ആത്മാവ് എവിടെ പോവുന്നു, എവിടുന്ന് വരുന്നു, ആത്മാവ് ഉള്ള വസ്തുക്കള്‍ ഇല്ലാത്ത വസ്തുക്കള്‍.  അങ്ങനെ അങ്ങനെ നൂറായിരം സംശയങ്ങള്‍ (കൊറേ സംശയങ്ങളൊക്കെ മറന്നു പോയി, ഇപ്പൊ ഇത്രയേ ഓര്‍മയിലുള്ളൂ)

പുന്ര്‍ജന്മങ്ങളൊക്കെ ഞാന്‍ തത്കാലം മാറ്റി വെച്ചു. എന്നാലും ഒരു ശരീരവും, ഒരു മനസ്സും, ഒരു ആത്മാവും എന്നത് എങ്ങനെ യൊക്കെ ബന്ധപെട്ടിരിക്കുന്നു, എങ്ങനെയൊക്കെ ബെന്ധപെടാതെ ഇരിക്കുന്നു. എങ്ങനെ കൂട്ടി വെയ്ക്കും എങ്ങനെ വേര്‍തിരിച്ച് വെയ്ക്കും എന്നൊന്നും ഒരു എത്തും പിടിയും കിട്ടിയില്ല.

മണ്ണിരയെ പകുതിക്ക് വെച്ച് മുറിച്ചാല്‍ അത് രണ്ട് മണ്ണിരകളായി വളരുന്നു, അപ്പൊ ആത്മാവും മുറിയുമോ എന്നതായിരുന്നു ആദ്യതെതും ശക്തി കൂടിയതും ആയ സംശയം. ബീജത്തിന്‍റെയും അണ്ടത്തിന്‍റെയും ആത്മാവുകള്‍ സൈഗോട്ടില്‍ കൂടി ചേര്‍ന്ന് ഒന്നാകുമോ, മരത്തിന് ജീവനുള്ളതു കൊണ്ട് മരത്തിനും വേണ്ടേ ആത്മാവ്. മുള വരുന്ന ചെറു പയര്‍ മണിക്കകത്ത് എപ്പോ ആത്മാവ് കയറി കൂടുന്നു. അമ്മയുണ്ടാക്കുന്ന മുളപ്പിച്ച ചെറുപയര്‍ക്കറിയും കൂട്ടി പുട്ടടിക്കുമ്പോള്‍ ആ ആയിരക്കണക്കിന് ചെറു പയറുകളിലെ ഇത്രയധികം ആത്മാവുകള്‍ അതിനെ വിട്ട്  എവിടെ പോയിട്ടുണ്ടാവുമായിരിക്കും.

അങ്ങനെ അങ്ങനെ പറഞ്ഞാല്‍ തീരാത്തത്രയും സംശയങ്ങള്‍.

ഒന്‍പതില്‍ പഠിക്കുന്ന സമയത്ത് ഞാനും എന്‍റെ സുഹൃത്തും കൂടി വീട്ടില്‍ ആരും ഇല്ലാതിരിക്കുന്ന സമയത്ത് ഓജോ ബോര്‍ഡ്‌ കളിച്ചിരുന്നു. വീട്ടില്‍ കമഴ്ത്തി വെച്ച ഗ്ലാസ്‌ നീങ്ങാന്‍ മാത്രം മിനുസമുള്ള നിലം ഇല്ലാത്തത് കൊണ്ട് ഫ്രിഡ്ജിന്‍റെ മുകള്‍ ആയിരുന്നു ഞങ്ങള്‍ ബോര്‍ഡ്‌  ആക്കിയത്. സുഹൃത്തിന്‍റെ പേര് “ചിന്നന്‍”.
എല്ലായ്പ്പോഴും ആത്മാവ് വന്നു ഗ്ലാസ് നീങ്ങി, ചോദിച്ച ചോദ്യങ്ങള്‍ക്ക് വൃത്തിയായി ഉത്തരം പറഞ്ഞുതന്നു, ആത്മാവ് ആത്മാവിന്‍റെ പേര് വരെ പറഞ്ഞു തന്നു. (പേര് നാരായണി, എന്‍റെ അച്ഛമ്മ).
ഒരു തവണ, ഈ പരിപാടിക്കിടയില്‍ ആരോ ഉമ്മറത്തെ വാതിലില്‍ മുട്ടിയപ്പോള്‍ ആത്മാവിനോട് പോവാന്‍ പറയാതെ ഗ്ലാസില്‍ നിന്ന് വിരല്‍ എടുക്കേണ്ടി വന്നു, (അങ്ങനെ ചെയ്‌താല്‍ ആത്മാവ് അവിടെ തന്നെ കൂടും എന്ന് വിശ്വാസം).
അന്നൊന്നും തോന്നിയത് പേടിയോ ഭയമോ ഒന്നും ആയിരുന്നില്ല, ഒരു ആകാംഷ, എങ്ങനെ സംഭവിക്കുന്നു എന്ന് അറിയാനുള്ള ജിജ്ഞാസ.

മാസങ്ങള്‍ കഴിഞ്ഞു വന്ന ഒരു മാസികയില്‍ ഇതിനെ പറ്റി വലിയ ഒരു റിപ്പോര്‍ട്ടും ഇത് എങ്ങനെ സംഭവിക്കുന്നു എന്നും നല്ല ഡിടെയില്‍ ആയി വിശദീകരിച്ചു വന്നിരുന്നു.  
അതില്‍ നിന്നാണ് ഞാന്‍ സബ് കൊണ്ഷ്യസ് മൈന്‍ഡ് ഉണ്ടെന്നും. മനുഷ്യന്‍ അറിയാതെയും കാര്യങ്ങള്‍ ചെയ്യപെടുന്നു എന്നും മനസ്സിലാക്കുന്നത്.

പിന്നീട് എപ്പഴോ അച്ഛനോട് സംസാരിക്കുമ്പോള്‍ ആണ് ആത്മാവ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് അകത്തല്ല, നമ്മുടെ ശരീരം ആത്മാവിനകത്താണ് എന്ന് കേള്‍ക്കാന്‍ ഇടയായത്. അത് എന്‍റെ ചിന്തകള്‍ക്ക് ഒരു ടെര്‍ണിനഗ് പോയിന്‍റ് ആയിരുന്നു.
പിന്നീടുള്ള ചിന്ത മുഴുവന്‍ ഈ പറഞ്ഞതിനെ ചുറ്റി പറ്റി ആയിരുന്നു, ഒരുപാടോരുപാട് ചിന്തകള്‍ക്ക് ശേഷമാണ് അതായിരിക്കും ശരി എന്നും, ഈ പ്രപഞ്ചം മുഴുവന്‍ ആത്മാവിനകതാണെന്നും ചിന്തിക്കാന്‍ സാദിച്ചത്.

പിന്നീട് സ്റ്റീഫന്‍ ഹോകിന്‍സിന്‍റെ "A Brief History of Time" വായിക്കുമ്പോള്‍ ഈ കൊണ്സേപ്റ്റ്‌ ആ ബുക്കിലെ പല കാര്യങ്ങളും ആയി റിലേറ്റ് ചെയ്യാന്‍ സാദിച്ചിരുന്നു.



Wednesday, March 13, 2013

KSRTC


വളരെ പഴയ ഒരു സംഭവമാണ്...

2005-06 ആയിരിക്കണം. എന്തോകാരണത്താല്‍ എനിക്ക് കോഴിക്കോട് നിന്ന് ബാംഗ്ലൂര്‍ മടങ്ങിവരാന്‍ ബസ്‌ ടിക്കറ്റ്‌ കിട്ടിയില്ല. ടിക്കറ്റ്‌ കിട്ടാന്‍ വേറെ വഴിയില്ലാതതുകൊണ്ട് ഞായഴാച്ച വൈകിയിട്ട് കോഴിക്കോട് KSRTC സ്റ്റാന്‍ഡില്‍ പോയി ടോക്കന്‍ എടുക്കാന്‍ വേണ്ടി ക്യൂ നിന്നു. കുറേ സമയം ക്യൂ നിന്ന് മടുത്തപ്പോ അടുത്തുനിന്ന പയ്യനോട് മെല്ലെ സംസാരിച്ചു. അവന്‍ അവന്‍റെ കൂട്ടുകാരുടെ കൂടെ അവധി ദിവസം ആഘോഷിക്കാന്‍ വേണ്ടി മൈസൂര്‍ ബാംഗ്ലൂര്‍ ട്രിപ്പിന് പോവുകയാണ്.

ഞങ്ങള്‍ കുറേ സംസാരിച്ചു, അവന്‍റെ സുഹൃത്തുക്കളെയൊക്കെ പരിചയപെട്ടു അങ്ങനെ നിന്നു. കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞപ്പോ ഒരു ബാംഗ്ലൂരേക്കുള്ള KSRTC ബസ്സ് റിവേര്‍സ് ചെയ്ത് സ്റ്റാന്‍ഡില്‍ ഇട്ടു. കൌണ്ടറില്‍ നിന്ന് ടോക്കന്‍ കൊടുക്കാന്‍ തുടങ്ങി. ധൃതിയില്‍ ടോക്കനോക്കെ വാങ്ങി ഓടി ബസ്സില്‍ കയറിനോക്കുമ്പോ സീറ്റ്‌ പോയിട്ട് മരിയാദക്ക് നില്‍ക്കാന്‍ പോലും സ്ഥലമില്ല.
അപ്പൊ മുന്നില്‍നിന്നു ഒരു വിളി... “ചേട്ടാ ഇങ്ങോട്ട് വാ...”

ഞാന്‍ നോക്കുമ്പോ നേരത്തെ സംസാരിച്ച പിള്ളാര്. ഞാന്‍ അവരുടെ അടുത്ത് പോയപ്പോ അവര് അഡ്ജസ്റ്റ് ചെയ്ത് എനിക്ക് ഇരിക്കാന്‍ ലേശം സ്ഥലം തന്നു.
അവര് ഒരുത്തന്‍ ടോകെന്‍ വാങ്ങാന്‍ ക്യൂ നിന്ല്‍ക്കുമ്പോ ബാക്കി ഉള്ളൊരു ഡ്രൈവര്‍ ഡോരിലൂടെ അകത്തുകയറി സീറ്റ്‌ പിടിച്ചതാണെന്ന് പറഞ്ഞു.
ബസ്സിന് സാധാരണയിലും സ്പീഡ്‌ കുറവായിരുന്നു. രാത്രി പന്ത്രണ്ടു മണി ആയപ്പോ സുല്‍ത്താന്‍ ബത്തേരിയെത്തി. ബസ്സിന് എന്തോ എന്‍ജിന്‍ പ്രോബ്ലമുണ്ട് ടൈം എടുക്കും എന്ന് പറഞ്ഞു. ഞങ്ങള്‍ കുറച്ചു സമയം ബസ്സില്‍ ഇരുന്നു, പിന്നെ പുറത്തിറങ്ങി. ഒരു മണിക്കൂറില്‍ കൂടുതല്‍ ആയിക്കാണും, ബസ്സ്‌ ഇനി ഓടൂല എന്ന് പറഞ്ഞു. ഇനിയെന്ത് ചെയ്യും എന്ന് അറിയാതെ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി. പിന്നെ അവരവര് ബസ്‌സ്റ്റാന്റ് ഇന്‍റെ ഓരോ മൂലയില്‍ പ്പോയി നില്‍പ്പായി .

ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പയ്യന്‍ എന്നോട് അവരുടെ ഓഫീസില്‍ കയറി അന്വേഷിക്കാം എന്ന് പറഞ്ഞു. ഞങ്ങള്‍ അവരുടെ സ്റ്റാന്‍ഡിലെ ഓഫീസില്‍ കയറി അന്വേഷിച്ചു. കോഴിക്കോട് നിന്ന് ഒന്നരയ്ക്ക് ഒരു ബസ്‌ വരും അതില്‍ പോകാം എന്ന് പറഞ്ഞു..

എല്ലാരും ഒന്നര വരെ കാത്തു. ഒന്നരയ്ക്ക് ബസ്സ്‌ വന്നു. ബസ്സ്‌ വരുന്നതും കണ്ട് എല്ലാരും ബസ്സിന്റെ അടുത്തേക്ക് ഓടി. ആ ബസ്സിലെ ആള്‍ക്കാരു വാതിലില്‍ തൂങ്ങുന്നത് കാരണം ബസ്സ്‌ ചെരിഞ്ഞായിരുന്നു ഓടി വന്നത്. ഞങ്ങളുടെ കൂട്ടത്തിലുള്ള കുറച്ചു പേര് ആ ബസ്സില്‍ കയറിപ്പോയി .
പിന്നെയും അവരുടെ ഓഫീസില്‍ പോയി പ്രശനം അവതരിപ്പിച്ചു. അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞു. വേറെ ബസ്സ്‌ ഇല്ലേ എന്ന് ചോദിച്ചപ്പോ വേറെ ഒരു ബസ്സിനും കര്‍ണാടകത്തില്‍ കയറാനുള്ള പെര്‍മിറ്റ്‌ ഇല്ല എന്ന് പറഞ്ഞു.
ഞങ്ങള്‍ പിന്നേം എന്തുചെയ്യണം എന്ന് അറിയാതെ രാത്രി ഇരുട്ടത്ത്‌ മഞ്ഞിന്‍റെ തണുപ്പുമേറ്റ് അവിടെ നിലത്തിരുന്നു.  പിള്ളാരുടെ കൂട്ടത്തിലെ ചിലര്‍ അവരുമായി വാഗ്വാദം നടത്തുന്നുണ്ടായിരുന്നു. കൊറേ സ്ത്രീകളും, ബാംഗ്ലൂര്‍ എക്സാം എഴുതാന്‍ വേണ്ടിയുള്ള കുറച്ചു പെണ്‍കുട്ടികളും ഒക്കെ അവിടെ നിസ്സഹായരായി എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്നു.

കുറച്ചു സമയം കഴിഞ്ഞപ്പോ ഒരു ബസ്സ്‌ മെല്ലെ സ്റ്റാന്റ്ഇലേക്ക് ഇറങ്ങി വരുന്നത് കണ്ടു. ഞാന്‍ വേഗം ബസ്സിന്‍റെ അടുത്തേയ്ക്ക് ഓടി.

അവിടെ കിടക്കുന്ന ഒരു ബസ്സിനും കര്‍ണാടകത്തില്‍ കയറാനുള്ള പെര്‍മിറ്റ്‌ ഇല്ല എന്ന് പറയുന്നത് കളവായിരിക്കുമോ എന്നാ സംശയമായിരുന്നു എനിക്ക്.
ബസ്സിലെ ഡ്രൈവറോട്‌ ഞാന്‍ “ഈ ബസ്സിന് കര്‍ണാടകത്തില്‍ കയറാനുള്ള പെര്‍മിറ്റ്‌ ഉണ്ടോ...”

അയാള്‍ക്ക്‌ എന്റെ ചോദ്യം ഇഷ്ടപെട്ടില്ല. എന്നെ നോക്കി കണ്ണുരുട്ടി, ടെശ്യപെട്ടുകൊണ്ടു പറഞ്ഞു... “ഉണ്ട്.. ഉണ്ടെങ്കില്‍ എന്തോ വേണം...?”
ഞാന്‍ ഒന്നും ആലോചിച്ചില്ല.. തിരിച്ച് അതേ സ്പീഡില്‍ ഓഫീസിലേക്ക് ഓടി.. ഈ ഡ്രൈവര്‍ ഓഫീസിലെതുന്നതിനു മുന്നേ എനിക്ക് എത്തണമായിരുന്നു.
ഓഫീസില്‍ അപ്പോഴും പെര്‍മിറ്റ്‌നെ കുറിച്ചുള്ള തര്‍ക്കമായിരുന്നു. ഞാന്‍ ഇടയില്‍ കയറി പറഞ്ഞു..

“പെര്‍മിറ്റ്‌ ഉള്ള ബസ്സ്‌ വന്നു.. അതാ ആ ബസ്സിന് പെര്‍മിറ്റ്‌ ഉണ്ട്..”
“ആര് പറഞ്ഞു ..”
“അതിലെ ഡ്രൈവര്‍ പറഞ്ഞു... ”

അപ്പോഴാക്കും ആ ഡ്രൈവര്‍ നടന്ന് ഓഫീസില്‍ എത്തി.
അപ്പോ സമയം രണ്ട് മണി.

ഞങ്ങളുടെ കൂട്ടത്തിലുള്ള ചിലര്‍ അത് കേട്ടപ്പോ തന്നെ ആ ബസ്സിന്‍റെ അടുത്തേയ്ക്ക് സീറ്റ്‌ പിടിക്കാന്‍ ഓടി.
പ്രശ്നം അവിടെ തീര്‍ന്നില്ല. നാല്‍പത്തിയഞ്ചു പേര് വേണം അല്ലാതെ ബസ്സ് എടുക്കാന്‍ പറ്റില്ല എന്ന് അവര്‍. പുറത്തു നോക്കിയപ്പോ എല്ലാവരെയും കൂട്ടിയാ ഒരു ഇരുപത്തഞ്ചു മുപ്പതു പേര് കാണും. ഞങ്ങള്‍ അടികൂടി 45 ഞ്ഞ് 30 ഇല്‍ എത്തിച്ചു.

എന്നിട്ട് അവിടയൂണ്ടായിരുന്ന ആള്‍ക്കാരോട് ഇത് പറഞ്ഞു മനസ്സിലാക്കാന്‍ തുടങ്ങി. കൂടെയുണ്ടായിരുന്ന പിള്ളാര്‍ക്ക് ഭയങ്കര ഉഷാരായിരുന്നു. മുപ്പതു പേര് ഉണ്ടെങ്കില്‍ പുതിയ ബസ്‌ ഇറക്കാം എന്ന് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു.. ആര്‍ക്കും വിശ്വാസം പോര.

ആസമയം വേറെ ഒരു ബാംഗ്ലൂര്‍ ബസ്‌ വന്നു കൊറേ പേര് അതിന്‍റെ അടുത്തേയ്ക്ക് ഓടി.. പിള്ളാര് ചിലര് അവരുടെ പിറകെ ഓടി അതില്‍ കയറരുത് എന്ന് പറഞ്ഞു. ചിലരെ അവര് തടഞ്ഞു വെയ്ക്കാന്‍ ശ്രമിച്ചു. എന്നിട്ടും ചിലര് അതില്‍ കയറിപ്പോയി. ഞങ്ങളുടെ ആള്‍ക്കാരുടെ എണ്ണം പിന്നെയും കുറഞ്ഞു. പെണ്‍കുട്ടികളുടെ അച്ച്ന്മാര്‍ക്കായിരുന്നു ഏറ്റവും എതിര്‍പ്പ്. എന്തിനാണോ ആവോ..

ചിലര്‍ “ഓക്കേ” പറഞ്ഞു, അവരോടോക്കെ ബസ്സില്‍ കയറി ഇരിക്കാന്‍ പറഞ്ഞു, അങ്ങനെ ഒരു പതിനഞ്ചു പേര് ബസ്സില്‍ കയറിക്കാണും. അതില്‍ കൂടുതല്‍ എണ്ണം കൂട്ടാന്‍ ഒരു വഴിയും ഇല്ല. ആകെ വിഷമിച്ചു.
ഇനി ബസ്സ്‌ സ്റ്റാര്‍ട്ട്‌ ആവുമ്പോ ചിലപ്പോ ബാക്കി ഉള്ലോരും കയറുമായിരിക്കും എന്ന് തോന്നി. അങ്ങനെ ആള്‍ക്കാരൊക്കെ കേറി ബാക്കി ഉള്ളവര് സ്റ്റാര്‍ട്ട്‌ ആവുമ്പോ കേറിക്കോലും എന്ന് KSRTC ഓഫീസില്‍ പോയി പറഞ്ഞു. ആദ്യം ഡ്രൈവര്‍ സമ്മതിച്ചില്ല, പിന്നെ എങ്ങനെയൊക്കെയോ സമ്മതിപ്പിച്ചു. ബാംഗ്ലൂര്‍ വരെ പോവാന്‍ പറ്റില്ല, മൈസൂര്‍ വരയെ പോകൂ എന്ന് അവര്‍ കണ്‍ഡിഷന്‍ വെച്ചു.. മൈസൂര്‍ എങ്കില്‍ മൈസൂര്‍ എന്നും പറഞ്ഞു ഓക്കേ ആക്കി..
അദ്ദേഹം ബസ്സ് സ്റ്റാര്‍ട്ട്‌ ചെയ്തപ്പോ കൊറേ പേര് എവിടുന്നോക്കെയോ ബസ്സില്‍ കയറാന്‍ തുടങ്ങി.. ഇരുട്ടില്‍ നിന്നൊക്കെ ചിലര്‍ പൊങ്ങി വന്നു, അവസാനം നോക്കുമ്പോ ബസ്സ്‌ ഫുള്‍. 45 പേരില്‍ കൂടുതല്‍ ആള്‍ക്കാര്‍.
ഞാന്‍ അവസാനമായിരുന്നു കയറിയത്.. എനിക്ക് വേണ്ടി നമ്മുടെ  “പിള്ളാര്‍ ഗേങ്ങ്” ഫ്രന്റില്‍ തന്നെ ഒരു സീറ്റും റിസേര്‍വ് ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ ബസ്സില്‍ ബഹളം ആയിരുന്നു, പാട്ടും ഡാന്‍സും, തമാശ പറയലും ഒക്കെയായി മൈസൂര്‍ വരെ. ഇടയ്ക്ക് ഞാന്‍ ലേശം ഉറങ്ങിയും പോയി.

മൈസൂര്‍ എത്തി ബസ്സില്‍ നിന്ന് ഇറങ്ങിയപ്പോ രണ്ടുമൂന്നു പേര് വന്നു എന്നോട് താങ്ക്സ് പറഞ്ഞു. ഞാന്‍ ഡ്രൈവറോടും ഒരു താങ്ക്സ് പറഞ്ഞു.
പിള്ളാരുടെ ഗ്രൂപിനോടൊക്കെ ബൈ പറഞ്ഞു ഞാന്‍ ഒരു ബാംഗ്ലൂര്‍ ബസ്സില്‍ കയറി ഇരുന്നു.